| Monday, 29th April 2024, 3:21 pm

ദാസേട്ടന്റെ പാട്ടാണ് പക്ഷേ ബിജു നാരായണന്‍ പാടിയതായിട്ടാണ് പുതുതലമുറ മനസിലാക്കുക; യഥാര്‍ത്ഥ ഗായകരെ മറന്നേക്കാം: കൃഷ്ണചന്ദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനേതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ഗായകന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് കൃഷ്ണചന്ദ്രന്‍. രതിനിര്‍വേദത്തിലെ പപ്പു എന്ന കഥാപാത്രത്തിന്റെ പേരല്ലാതെ മറ്റൊരു ആമുഖവും അദ്ദേഹത്തിന് ആവശ്യമില്ല.

ഭരതന്റെ ആരാധനാചിത്രമായ ‘രതിനിര്‍വേദം’ എന്ന ചിത്രത്തിലെ നായക വേഷം മുതല്‍ ജനപ്രിയ സിനിമകളിലും കൃഷ്ണചന്ദ്രന്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അഭിനയത്തോടൊപ്പം അവാര്‍ഡ് നേടിയ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിതത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. തന്റെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കൃഷ്ണചന്ദ്രന്‍.

യേശുദാസ് വളര്‍ന്നു വരുന്ന കലാകാരന്മാരെ പ്രോല്‍ത്സാഹിപ്പിക്കുന്നില്ല എന്ന വിമര്‍ശനത്തെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കൃഷ്ണചന്ദ്രന്‍.

‘എനിക്ക് ചിരിയും ദേഷ്യവും ഒരുപോലെ തോന്നിയ ഒന്നാണത്. ഇതല്ലാം പറയുന്നവരുടെ വിവരമില്ലായ്മ മാത്രമാണത്. ഒരു ദിവസം പതിനാലോളം പാട്ട് പാടിയിരുന്ന വ്യക്തിയാണ് അദ്ദേഹം.

രാവിലെ ഏഴുമണിക്ക് ഇറങ്ങിയാല്‍ ചിലയിടത്ത് ട്രാക്ക് സെറ്റ് ചെയ്തും ചിലപ്പോള്‍ ലൈവും ആയിരിക്കും പാടുന്നത്. ഇതിനിടയില്‍ കേരളത്തില്‍ നിന്ന് ഒരാള്‍ ഇന്ന സ്റ്റുഡിയോയില്‍ പാടുന്നുണ്ട് അയാളെ ഒന്നു വെട്ടിയ്യിട്ടെ കാര്യമുള്ളൂ എന്നൊന്നും ചിന്തിക്കാന്‍ പോലും ദാസേട്ടന് സമയമില്ല.

ഞാന്‍ ഒരു ദിവസ്സം മാക്സിമം മൂന്നോ നാലോ പാട്ടാണ് സിനിമക്ക് വേണ്ടി പാടിയിരിക്കുന്നത്. അതിന്റെ തന്നെ സ്ട്രെസ് വളരെ വലുതാണ്. ആ സമയത്ത് ദാസേട്ടന്‍ എന്നല്ല ആര്‍ക്കും അതൊന്നും ചിന്തിക്കാന്‍ പോലും പറ്റില്ല.

പിന്നെ ഈ ആളുകള്‍ കുറ്റം പറയുന്നവര്‍ ചിലര്‍ സ്റ്റേജില്‍ പാടുന്നത് കേട്ടാണ്. ദാസേട്ടന്‍ പത്തു മിനിറ്റ് കൊണ്ട് പാടിയ പാട്ടാണ് ഒരുപാട് നേരത്തെ പ്രാക്റ്റീസിന് ശേഷം മറ്റുള്ളവര്‍ സ്റ്റേജില്‍ പാടുന്നത്. അത് കേട്ടുകൊണ്ടാണ് ഇത്തരം അനാവശ്യ പ്രസ്താവനകള്‍ പറയുന്നത്.

ഈ ആളുകള്‍ ഇത്തരത്തില്‍ ദാസേട്ടന്‍ പത്തു മിനിറ്റ് കൊണ്ട് പാടിയാല്‍ ഇതെല്ലാം സമ്മതിക്കാവുന്നതാണ്’, കൃഷ്ണചന്ദ്രന്‍ പറഞ്ഞു.

താന്‍ ഇതു മുന്‍പ് പറഞ്ഞപ്പോള്‍ അത് യേശുദാസിനോടുള്ള വിധേയത്വം കൊണ്ടാണ് എന്ന വിമര്‍ശനമാണ് എനിക്കെതിരെ ഉയര്‍ത്തിയത്. എനിക്ക് അത്തരത്തില്‍ ഒരു വിധേയത്വവും ഇല്ല.

അതോടൊപ്പം എനിക്ക് പറയാനുള്ളത് ഒരുപാട് പഴയ പാട്ടുകളുടെ അണ്‍പ്ലെഗ്ഡ് വേര്‍ഷനുകള്‍ വരുന്നുണ്ട്. അതില്‍ തെറ്റുണ്ടന്ന് തോന്നുന്നില്ല. എങ്കിലും വരുന്ന തലമുറ അതിന്റെ യഥാര്‍ത്ഥ ഗായകരെ മറക്കാന്‍ എല്ലാ ചാന്‍സും ഉണ്ട്. അതിനുദാഹരണമാണ് ദാസേട്ടന്‍ പാടിയ ദേവദൂതര്‍ എന്ന പാട്ട്. ഇന്ന് ആ പാട്ട് ബിജു നാരായണന്റെ പേരിലാണ് അറിയപ്പെടുന്നത്, അദ്ദേഹം പറഞ്ഞു.

Content Highlight: Krishnachandran about KJ Yesudas and biju narayan song and Unplugged songs

We use cookies to give you the best possible experience. Learn more