ഇന്ന് അവര്‍ എന്നെ കണ്ടാല്‍ പേടിച്ച് മാറിനില്‍ക്കും; നമ്മളെ നോക്കി ചിരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്: കൃഷ്ണ
Film News
ഇന്ന് അവര്‍ എന്നെ കണ്ടാല്‍ പേടിച്ച് മാറിനില്‍ക്കും; നമ്മളെ നോക്കി ചിരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്: കൃഷ്ണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th February 2024, 5:37 pm

1994ല്‍ തന്റെ 14ാം വയസില്‍ നെപ്പോളിയന്‍ എന്ന മലയാള സിനിമയിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് കൃഷ്ണ.

തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഭാനുപ്രിയ നായികയായി 1997ല്‍ പുറത്തിറങ്ങിയ ഋഷ്യശൃംഗനിലാണ് കൃഷ്ണ ആദ്യമായി നായകവേഷത്തിലെത്തുന്നത്.

2001ല്‍ കമലിന്റെ നിറം സിനിമയുടെ തമിഴ് റീമേക്കിലൂടെ താരം തമിഴിലും അഭിനയിച്ചു തുടങ്ങി. ഇപ്പോള്‍ കൃഷ്ണ സിനിമയിലെത്തിയിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

ചില ആളുകള്‍ തന്നെ കാണുമ്പോള്‍ മാറിനില്‍ക്കുമെന്നും താന്‍ അവരുടെയടുത്ത് ചാന്‍സ് ചോദിക്കുമോ എന്ന പേടിയാണ് അവര്‍ക്കെന്നും താരം പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ.

‘കമല്‍ സാറൊക്കെ വളരെ കൂളാണ്. എന്നെ തമിഴ് സിനിമയില്‍ കൊണ്ടുവരുന്നതേ അദ്ദേഹമാണ്. അതായത് നിറത്തിന്റെ തമിഴില്‍ പ്രകാശിന്റെ കഥാപാത്രമായിരുന്നു ഞാന്‍. ഈയിടെ പരസ്പരം കണ്ടപ്പോഴും അദ്ദേഹം വന്ന് എന്നെ കെട്ടിപിടിച്ചു.

എന്നാല്‍ ചില ആളുകള്‍ എന്നെ കാണുമ്പോള്‍ മാറിനില്‍ക്കും. കാരണം ഇവന്‍ എന്റെയടുത്ത് ചാന്‍സ് ചോദിക്കുമോ എന്ന പേടിയാണ് അവര്‍ക്ക്. ഞാന്‍ സീനിയേഴ്‌സിനെ കാണുമ്പോള്‍ ചെന്ന് വിഷ് ചെയ്യാറുണ്ട്.

ആ സമയത്ത് മൈന്‍ഡ് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ മൈന്‍ഡ് ചെയ്യാറില്ല. അവര്‍ മുന്നില്‍ വന്ന് നിന്നാലും മൈന്‍ഡ് ചെയ്യില്ല. കാരണം നമ്മള്‍ അത്ര മോശമൊന്നുമല്ല.

ചിലര്‍ നമ്മള്‍ റെസ്പെക്ട് നല്‍കിയാലും മൈന്‍ഡ് ചെയ്യില്ല. ഒരു തവണ കൂടെ അതേ റെസ്പെക്ട് കൊടുത്താലും മൈന്‍ഡ് ചെയ്യണമെന്നില്ല. പിന്നെ അയാളുടെ മുന്നില്‍ പോയാല്‍ ഞാന്‍ അങ്ങോട്ട് മൈന്‍ഡ് ചെയ്യാറില്ല. നല്ല രസമാണ് അത്. കാരണം നമ്മളെ നോക്കി ചിരിക്കാന്‍ പറ്റുന്നില്ലെങ്കില്‍ അത് അവരുടെ പ്രശ്‌നമാണ്,’ കൃഷ്ണ പറഞ്ഞു.


Content Highlight: Krishna Talks About Other Actors