|

നേരം ഷോട്ട് ഫിലിമിലെ നായകന്‍ ശബരിയായിരുന്നു; ആ കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ് സേതുപതി: കൃഷ്ണ ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സായ് പല്ലവിയേയും വിജയ് സേതുപതിയേയും പറ്റിയുള്ള നടന്‍ കൃഷ്ണ ശങ്കറിന്റെ പരാമശങ്ങള്‍ ശ്രദ്ധ നേടുന്നു. പ്രേമം റിലീസ് ചെയ്തത് സായ് പല്ലവിയുടെ ഒരു പോസ്റ്റര്‍ പോലുമില്ലാതെ ആയിരുന്നുവെന്നും ഇപ്പോള്‍ അവര്‍ എല്ലാ ഭാഷയിലും അഭിനയിക്കുകയാണെന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു.

നേരം എന്ന സിനിമ ആദ്യം ഷോട്ട് ഫിലിമായി ചെയ്തപ്പോള്‍ അതില്‍ വിജയ് സേതുപതിയും ഉണ്ടായിരുന്നുവെന്നും അന്ന് ഷോട്ട് ഫിലിമുകള്‍ ചെയ്ത് നടന്ന അദ്ദേഹം ഇന്ന് ഷാരൂഖ് ഖാന്റെ പടത്തില്‍ അഭിനയിക്കുകയാണെന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു. അമൃത ടി.വിയിലെ ഫണ്‍സ് അപ്പോണ്‍ എ ടൈം എന്ന പരിപാടിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

‘പ്രേമത്തില്‍ സായ് പല്ലവിയുടെ ഒരു പോസ്റ്റര്‍ പോലും ഉണ്ടായിരുന്നില്ല. സായ് പല്ലവിയുടെ ഒരു പോസ്റ്ററുമില്ലാതെയാണ് പ്രേമം റിലീസ് ചെയ്തത്. ഇപ്പോള്‍ അവര്‍ എല്ലാ ഭാഷയിലും അഭിനയിച്ചു. അതുപോലെയാണ് വിജയ് സേതുപതിയുടെ കാര്യവും. നേരം എന്ന സിനിമ ആദ്യം ഷോട്ട് ഫിലിമായിരുന്നു. അല്‍ഫോണ്‍സ് തന്നെയായിരുന്നു അതിന്റെ സംവിധായകന്‍. നിവിന്റെ റോള്‍ ചെയ്തത് ശബരി ആയിരുന്നു. അതിന്റെ ക്യാമറ ചെയ്തത് ഞാനാണ്. അതിലെ വില്ലന്‍ വേഷം ചെയ്തത് വിജയ് സേതുപതിയാണ്.

സിനിമയാക്കണമെന്നുള്ളത് കൊണ്ട് അത് യൂട്യൂബിലിട്ടില്ല. അല്‍ഫോണ്‍സ് ഒരു പ്രൊജക്ടിന് വേണ്ടി ചെയ്തതാണ്. അന്ന് വിജയ് സേതുപതി ചെറിയ ഷോട്ട് ഫിലിമുകള്‍ ചെയ്ത് നടക്കുകയായിരുന്നു. അദ്ദേഹം ഇപ്പോള്‍ എവിടെയാണ്, ഷാരൂഖ് ഖാന്റെ പടത്തില്‍,’ കൃഷ്ണ ശങ്കര്‍ പറഞ്ഞു.

വെള്ളരി പട്ടണമാണ് ഒടുവില്‍ പുറത്ത് വന്ന കൃഷ്ണ ശങ്കറിന്റെ ചിത്രം. മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ മാര്‍ച്ച് 24നാണ് റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രത്തില്‍ വീണ നായര്‍, ശബരീഷ് വര്‍മ, കോട്ടയം രമേശ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: krishna shankar talks about vijay sethupathi and sai pallavi