പ്രേമത്തിന്റെ സ്‌ക്രിപ്റ്റില്‍ ലാലേട്ടന്‍ ഉണ്ടായിരുന്നു: കൃഷ്ണ ശങ്കര്‍
പ്രേമമെന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതിയിരുന്നപ്പോള്‍ അതില്‍ മോഹന്‍ ലാലിനും വേഷമുണ്ടായിരുന്നെന്ന് നടന്‍ കൃഷ്ണ ശങ്കര്‍. പള്ളീലച്ചന്റെ വേഷമായിരുന്നു ലാലിന് വേണ്ടി കരുതിരുന്നതെന്നും എന്നാല്‍ പിന്നീട് മൂന്ന് പ്രണയം ഉള്‍ക്കൊള്ളിക്കാന്‍ നോക്കിയപ്പോള്‍ അത് ഒഴിവാക്കുകയായിരുന്നെന്നും താരം പറഞ്ഞു. വാതില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണ.
‘പ്രേമം സിനിമയില്‍ ലാല്‍ സാര്‍ (മോഹന്‍ ലാല്‍) ഉണ്ടായിരുന്നു ശരിക്കും. അതിന്റെ സ്‌ക്രിപ്‌റ്റെഴുതുമ്പോള്‍ അതില്‍ ലാലേട്ടന് ചെറിയ ഒരു വേഷമുണ്ടായിരുന്നു. ഒരു പള്ളീലച്ചന്റെ വേഷമായിരുന്നു. പിന്നെ സ്‌ക്രിപ്റ്റ് എഴുതി വന്നപ്പോള്‍ മൂന്ന് പ്രണയങ്ങള്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാമെന്ന് നോക്കിയപ്പോള്‍ അതില്‍ നിന്നും പോയതാണ്. അല്‍ഫോണ്‍സ് പുത്രന്‍ എന്തായാലും ലാലേട്ടനെ വെച്ച് സിനിമ ചെയ്യും. പ്രേമത്തിലെ ഫൈറ്റ് സീന്‍ ചെയ്യുമ്പോള്‍ സ്ഫടികത്തിലെ ഫൈറ്റാണ് കാണിച്ച് തന്നത്, റെഫെറന്‍സ് അതായിരുന്നു.പ്രേമം എഴുതുമ്പോള്‍ കോയ ആണെങ്കിലും ജോര്‍ജ് ആണെങ്കിലും ശംഭു ആണെങ്കിലും ഞങ്ങളൊക്കെ തന്നെയായിരുന്നുവത്. കോളേജിലും ഞങ്ങള്‍ അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നെ കുറച്ചുകൂടി ആളുകള്‍ അറിയുന്ന സിനിമ പ്രേമമായിരിക്കും. ഞാന്‍ വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂ. ഞാന്‍ വളരെ വ്യത്യസ്തമായി ചെയ്‌തെന്ന് എനിക്ക് തോന്നിയ സിനിമ കൊച്ചാള്‍ എന്ന സിനിമയായിരുന്നു,’ കൃഷ്ണ പറഞ്ഞു.
അഭിമുഖത്തില്‍ വാതില്‍ എന്ന സിനിമയെ കുറിച്ച് അനു സിത്താര സംസാരിച്ചു. വിനയ് ഫോര്‍ട്ടിനൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണിതെന്നും നമുക്ക് കണ്ടന്റ് മാത്രം കയ്യില്‍ മതിയെന്നും ബാക്കിയൊക്കെ കണ്ടന്റില്‍ നിന്നും വിട്ടുപോകാതെ തോന്നുന്നത് പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞതായി അനു സിത്താര പറഞ്ഞു.
‘കുഞ്ഞു സിനിമയാണ്, ഫാമിലി ത്രില്ലറാണ്. ഒരുപാട് കഥാപാത്രങ്ങളോ അല്ലെങ്കില്‍ ഒരുപാട് ചര്‍ച്ച ചെയ്യാനുള്ള എന്തെങ്കിലുമോയില്ല. എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ പറ്റുന്ന ഒരു കണ്ടന്റാണ്. എല്ലാവരുടെയും ലൈഫില്‍ നടന്നേക്കാവുന്ന അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആരുടെയെങ്കിലും ലൈഫില്‍ കണ്ടേക്കാവുന്ന കാര്യങ്ങളാണ് സിനിമയിലുള്ളത്. അതുകൊണ്ട് തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ ഒരു പുതിയ സംഭവമായി ആയിരിക്കില്ല തോന്നുക. ഇത് എന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ടല്ലോ, അല്ലെങ്കില്‍ എന്റെ കൂട്ടുകാരന്റെ ജീവിതത്തില്‍ നടന്നിട്ടുണ്ടല്ലോ എന്നാണ് തോന്നുക.
ലോക്ഡൗണ്‍ സമയത്താണ് ഞാന്‍ സ്‌ക്രിപ്റ്റ് കേള്‍ക്കുന്നത്. കേട്ട ഉടനെ തന്നെ ഞാന്‍ വിനയ് ചേട്ടനെ വിളിക്കുകയാണ് ചെയ്തത്. നമുക്ക് ചെയ്യാമല്ലേ എന്ന രീതിയില്‍ ഞങ്ങള്‍ സംസാരിച്ചു. വിനയ് ചേട്ടനുമായുള്ള ആദ്യത്തെ സിനിമയാണ്. വിനയ് ചേട്ടനുമായുള്ള അനുഭവം അടിപൊളിയായിരുന്നു. അദ്ദേഹത്തിന് ഒരു പാറ്റേണുണ്ട്, വളരെ നാച്ചുറലായിട്ടുള്ള ആക്ടിങ്ങാണ്. ഞാന്‍ ആദ്യ ദിവസം ലൊക്കേഷനില്‍ വന്ന്, സ്‌ക്രിപ്‌റ്റൊക്ക കിട്ടി, ഡയലോഗൊക്കെ പഠിച്ച് താഴെയെത്തിയപ്പോള്‍ വിനയ് ചേട്ടന്‍ പറഞ്ഞു, അനു നമുക്ക് ഈ കണ്ടന്റ് മതി, ബാക്കിയുള്ളതൊക്കെ നിനക്ക് എന്താണോ വായില്‍ വരുന്നത് കണ്ടന്റില്‍ നിന്നും വിട്ടുപോകാതെയുള്ള ഡയലോഗ് പറഞ്ഞാല്‍ മതിയെന്ന്. എഴുതിവെച്ചത് തന്നെ പറയണ്ട, ഭയങ്ക ഡ്രാമാറ്റിക് ആകില്ലേയെന്ന് ചോദിച്ചു. എനിക്കാണെങ്കില്‍ അത് ശീലമില്ല, ഭയങ്കര ബുദ്ധിമുട്ടായി. വിനയ് ചേട്ടന്‍ പ്രതീക്ഷിക്കാതെയാവും എന്തെങ്കിലും ഇങ്ങോട്ട് പറയുക, അപ്പോള്‍ ഒന്നും പറയാന്‍ കിട്ടാതെ ഞാന്‍ തപ്പും. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് പറ്റുന്നില്ല ഇങ്ങനെ ചെയ്യാനെന്ന് ഞാന്‍ വിനയ് ചേട്ടനോട് പറഞ്ഞു. പിന്നെ എന്നും ഞങ്ങള്‍ നേരത്തെ വന്ന് നമ്മള്‍ക്ക് ഇങ്ങനെയൊക്കെ പറയാമെന്ന് ആദ്യമേ ചര്‍ച്ച ചെയ്തതിന് ശേഷമായിരുന്നു സീനൊക്കെ എടുത്തിരുന്നത്. ഡയറക്ടറും ക്യാമറാമാനും എല്ലാവരും കൂടെ ഉണ്ടാകും ,’ അനു സിത്താര പറഞ്ഞു.
Content Highlights: Krishna shankar talks about premam movie