മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായി മാറിയ ചിത്രമായിരുന്നു പ്രേമം.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവും ഗംഭീരമായ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്ത ചിത്രമായിരുന്നു. അന്യഭാഷകളിൽ അടക്കം വമ്പൻ സ്വീകരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇറങ്ങിയ സമയത്ത് ട്രെൻഡ് സെറ്ററായ സിനിമ എല്ലാ വിധത്തിലും യുവജനങ്ങളെ സ്വാധീനിച്ചിരുന്നു. നിവിൻ പോളി, ശബരീഷ് വർമ, കൃഷ്ണ ശങ്കർ, സായി പല്ലവി, വിനയ് ഫോർട്ട് തുടങ്ങിയ വമ്പൻ താരം അണിനിരന്ന ചിത്രം ഇന്ന് തെന്നിന്ത്യയിൽ തിളങ്ങിനിൽക്കുന്ന സായിപല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ എന്നിവരുടെ അരങ്ങേറ്റ ചിത്രവും കൂടിയായിരുന്നു. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കോയ ആയി വേഷമിട്ട കൃഷ്ണശങ്കർ.
പ്രേമത്തിന്റെ സ്ക്രിപ്റ്റ് എഴുതിയിരുന്ന സമയത്ത് ചിത്രത്തിൽ മോഹൻലാലും ഉണ്ടായിരുന്നു എന്നാണ് കൃഷ്ണ ശങ്കർ പറയുന്നത്. ഒരു പള്ളിലച്ചന്റെ വേഷത്തിലേക്കാണ് മോഹൻലാലിനെ പരിഗണിച്ചതെന്നും എന്നാൽ മൂന്ന് പ്രണയകഥ പറയുന്നതിൽ ശ്രദ്ധ കൊടുത്തപ്പോൾ അത് വേണ്ടെന്ന് വെച്ചെന്നും താരം പറയുന്നു.
ചിത്രത്തിന്റെ ഫൈറ്റ് സീനുകൾക്ക് റഫറൻസ് ആയി എടുത്തിട്ടുള്ളത് മോഹൻലാലിന്റെ സ്ഫടികം എന്ന ചിത്രമാണെന്നും സില്ലി മോങ്ക്സ് മോളിവുഡിനോട് കൃഷ്ണശങ്കർ പറഞ്ഞു.
‘പ്രേമം സിനിമയിൽ സത്യത്തിൽ ലാൽ സാർ ഉണ്ടായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ലാൽ സാറിന്റെ ചെറിയൊരു സാധനം എഴുതിയിട്ടുണ്ടായിരുന്നു. പള്ളിലച്ചന്റെ ഒരു കഥാപാത്രമായിരുന്നു അത്.
അത് പിന്നെ എഴുതി വന്നപ്പോൾ അതിനേക്കാൾ പ്രാധാന്യം ഈ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾകൊള്ളിക്കാം എന്ന കാര്യത്തിലേക്ക് മാത്രം ഫോക്കസ് ചെയ്തു. അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു.
അതുപോലെ പ്രേമത്തിലെ ആ ഫൈറ്റ് സീൻ, സ്ഫടികത്തിലെ ഫൈറ്റ് സീനിൽ നിന്ന് റഫറൻസ് എടുത്തതാണ്. ഓടി നടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. അൽഫോൺസ് എന്തായാലും ഇനിയും പടം ചെയ്യും. അതുറപ്പാണ്,’കൃഷ്ണ ശങ്കർ പറയുന്നു.
Content Highlight: Krishna Shankar Says That Mohanlal Is Also Part Of Premam Movie