| Tuesday, 25th June 2024, 8:58 pm

ആ സിനിമയില്‍ ശബരീഷിനെ മമ്മൂക്കയുടെ കൂടെ കണ്ടപ്പോള്‍ സുഹൃത്തെന്ന നിലയില്‍ എനിക്ക് അഭിമാനം തോന്നി: കൃഷ്ണശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നേരം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ നല്ല നേരം തെളിഞ്ഞ നടന്മാരിലൊരാളാണ് കൃഷ്ണശങ്കര്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തില്‍ ആദ്യാവസാനം നായകനൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൃഷ്ണശങ്കര്‍ പിന്നീട് മികച്ച സിനിമകളുടെ ഭാഗമായി മാറി. പ്രേമത്തില്‍ തന്റെ കൂടെയഭിനയിച്ച എല്ലാവരും വലിയ പ്രൊജക്ടുകളുടെ ഭാഗമാകുന്നത് തനിക്കും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് കൃഷ്ണശങ്കര്‍ പറഞ്ഞു.

ഏറ്റവും അഭിമാനം തോന്നിയത് കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസിന് മുമ്പ് പുറത്തുവന്ന സ്റ്റില്ലില്‍ ശബരീഷ് വര്‍മയെയും മമ്മൂട്ടിയെയും ഒന്നിച്ച് കണ്ടപ്പോള്‍ സുഹൃത്തെന്ന നിലയില്‍ അഭിമാനം തോന്നിയെന്ന് കൃഷ്ണശങ്കര്‍ പറഞ്ഞു. അന്ന്യന്‍ സിനിമയുടെ ടിക്കറ്റിന് വേണ്ടി പൊലീസിന്റെ കൈയില്‍ നിന്ന് അടി വാങ്ങിയ ഷേണായീസ് തിയേറ്ററില്‍ സിജു വിത്സണ്‍ അഭിനയിച്ച പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഫ്‌ളക്‌സ് കണ്ടപ്പോഴും തനിക്ക് സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.

ആ ഗ്യാങ്ങില്‍ ആദ്യം ഫെയ്മസായത് നിവിന്‍ പോളിയാണെന്നും ലുലു മാളില്‍ നിവിന്റെ ഫോട്ടോ വെച്ചുള്ള ഒരു പരസ്യത്തിന്റെ ബോര്‍ഡാണ് ആദ്യം വന്നതെന്നും ഇതെല്ലാം തനിക്ക് സന്തോഷം നല്‍കുന്ന കാര്യമാണെന്നും കൃഷ്ണശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പട്ടാപ്പകലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഞങ്ങളുടെ ഗ്യാങ്ങിലെ എല്ലാവരം മറ്റുള്ളവരുടെ വളര്‍ച്ചയില്‍ നല്ലവണ്ണം സന്തോഷപ്പെടുന്നവരാണ്. എനിക്ക് ഇപ്പോഴും ഓര്‍മയുള്ള കാര്യം, കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസിന് മുമ്പ് ഒരു സ്റ്റില്‍ പുറത്തുവന്നിരുന്നു. അതില്‍ ശബരിയെ മമ്മൂക്കയുടെ കൂടെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത അഭിമാനം തോന്നി. അതുപോലെ എറണാകുളം ഷേണായീസ് തിയേറ്ററിന്റെ മുന്നില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒരു വലിയ ഫ്‌ളക്‌സില്‍ സിജുവിനെ കണ്ടപ്പോഴും എനിക്ക് സന്തോഷം തോന്നി.

അന്യന്‍ സിനിമ ഇറങ്ങിയ സമയത്ത് ടിക്കറ്റിന് വേണ്ടി ഉന്തും തള്ളും ഉണ്ടാക്കി പൊലീസിന്റെ കൈയില്‍ നിന്ന് അടിയും വാങ്ങിയ തിയേറ്ററാണ് ഷേണായീസ്. അവിടെ ഞങ്ങളുടെ കൂട്ടത്തിലെ ഒരുത്തന്റെ ഫ്‌ളക്‌സ് വന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി. ഞങ്ങളുടെ ഗ്യാങ്ങില്‍ ഏറ്റവുമാദ്യം ഫെയ്മസായത് നിവിനായിരുന്നു. ലുലു മാളില്‍ അവന്റെ ഫോട്ടോയുള്ള ഒരു പരസ്യം കണ്ടപ്പോള്‍ അതും അഭിമാനം തോന്നി,’ കൃഷ്ണശങ്കര്‍ പറഞ്ഞു.

Content Highlight: Krishna Shankar about Shabareesh Varma in Kannur Squad

Video Stories

We use cookies to give you the best possible experience. Learn more