മലയാളത്തിൽ ഇറങ്ങി വമ്പൻ വിജയമായി മാറിയ ചിത്രമായിരുന്നു പ്രേമം.
അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയവും ഗംഭീരമായ രീതിയിൽ സ്വീകരിക്കപ്പെടുകയും ചെയ്ത ചിത്രമായിരുന്നു. അന്യഭാഷകളിൽ അടക്കം വമ്പൻ സ്വീകരണം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.
ഇറങ്ങിയ സമയത്ത് ട്രെൻഡ് സെറ്ററായ സിനിമ എല്ലാ വിധത്തിലും യുവജനങ്ങളെ സ്വാധീനിച്ചിരുന്നു.
നിവിൻ പോളി, ശബരീഷ് വർമ, കൃഷ്ണ ശങ്കർ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന മൂവർസംഘമായി എത്തിയത്. മുണ്ടുടുത്തുള്ള ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ അന്ന് തിയേറ്ററിൽ നിറയെ കയ്യടി നേടിയിരുന്നു. എന്നാൽ ചിത്രത്തിലെ ആ ഫൈറ്റ് രംഗങ്ങൾ സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം സ്ഫടികത്തിൽ നിന്ന് റഫറൻസ് എടുത്താണ് ചെയ്തതെന്ന് പ്രേമത്തിൽ കോയയായി വേഷമിട്ട കൃഷ്ണ ശങ്കർ പറയുന്നു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.
‘പ്രേമത്തിലെ ആ ഫൈറ്റ് സീൻ, ലാലേട്ടന്റെ സ്ഫടികത്തിലെ ഫൈറ്റ് സീനിൽ നിന്ന് റഫറൻസ് എടുത്തതാണ് ചെയ്തിട്ടുള്ളത്. സ്ഫടികത്തിലെ പോലെ ഓടി നടന്ന് അടിക്കുക എന്നതായിരുന്നു റഫറൻസ്. അൽഫോൺസ് എന്തായാലും ഇനിയും പടം ചെയ്യും. അതുറപ്പാണ്,’കൃഷ്ണ ശങ്കർ പറയുന്നു.
പ്രേമത്തിലെ ഒരു വേഷത്തിലേക്ക് മോഹൻലാലിനെ വിചാരിച്ചിരുന്നുവെന്നും എന്നാൽ മൂന്ന് പ്രണയ കഥയിലേക്ക് സ്ക്രിപ്റ്റ് ശ്രദ്ധിച്ചപ്പോൾ അത് വേണ്ടെന്ന് വെച്ചെന്നും കൃഷ്ണ ശങ്കർ പറഞ്ഞു.
‘പ്രേമം സിനിമയിൽ സത്യത്തിൽ ലാൽ സാർ ഉണ്ടായിരുന്നു. ചിത്രത്തിന്റെ സ്ക്രിപ്റ്റ് എഴുതുമ്പോൾ ലാൽ സാറിന്റെ ചെറിയൊരു സാധനം എഴുതിയിട്ടുണ്ടായിരുന്നു. പള്ളിലച്ചന്റെ ഒരു കഥാപാത്രമായിരുന്നു അത്.
അത് പിന്നെ എഴുതി വന്നപ്പോൾ അതിനേക്കാൾ പ്രാധാന്യം ഈ മൂന്ന് പ്രണയങ്ങൾ എങ്ങനെ ഉൾകൊള്ളിക്കാം എന്ന കാര്യത്തിലേക്ക് മാത്രം ഫോക്കസ് ചെയ്തു. അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു,’കൃഷ്ണ ശങ്കർ പറഞ്ഞു.
Content Highlight: Krishna Shakar Talk About Premam And Spadikam Movie