അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് കൃഷ്ണ ശങ്കര്‍. അല്‍ഫോണ്‍സിന്റെ രണ്ടാമത്തെ ചിത്രമായ പ്രേമത്തില്‍ നായകന്റെ കൂട്ടുകാരനായ കോയ എന്ന കഥാപാത്രം താരത്തിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനായും സഹനടനായും താരം തന്റെ കഴിവ് തെളിയിച്ചു. സിനിമയിലെത്തുന്നതിന് മുമ്പ് പല ചിത്രങ്ങള്‍ക്കും അസിസ്റ്റന്റ് ഡയറക്ടറായി പോയ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം.
മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ച പാലേരിമാണിക്യം എന്ന സിനിമയില്‍ താന്‍ അസോസിയേറ്റായിരുന്നപ്പോഴാണ് ആദ്യമായി മമ്മൂട്ടിയെ കണ്ടതെന്നും ആ സെറ്റില്‍ വെച്ച് മമ്മൂട്ടിയുടെ അടുത്ത് നിന്ന് ചീത്തവിളി കേട്ടെന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു. ഒരു സീനില്‍ ലൈറ്റിന്റെ മീറ്റര്‍ റീഡ് ചെയ്യാത്തതിനാണ് തനിക്ക് ചീത്ത കിട്ടിയതെന്നും പിന്നീട് മമ്മൂട്ടിയുള്ള സീനുകളില്‍ ചെന്ന് നില്‍ക്കാന്‍ പേടിയായിരുന്നെന്നും താരം പറഞ്ഞു.
എന്നാല്‍ താന്‍ പിന്നിലേക്ക് നില്‍ക്കുന്നത് കണ്ടിട്ട് താന്‍ ഇങ്ങനെ പിന്നിലേക്ക് നിന്നാല്‍ കാലങ്ങളോളം അവിടെ തന്നെ നില്‍ക്കേണ്ടി വരുമെന്നും ഇതെല്ലാം സാധാരണമാണെന്ന് പറഞ്ഞ് തന്നെ ആശ്വസിപ്പിച്ചെന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു. മമ്മൂട്ടിയുമൊത്തുള്ള ആദ്യത്തെ ഓര്‍മ അതാണെന്നും ആ ഉപദേശമാണെന്നും ക്യാമറക്ക് മുന്നിലേക്ക് വരാന്‍ ആ ഉപദേശം തന്ന ഇംപാക്ട് ചെറുതല്ലെന്നും കൃഷ്ണ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ പട്ടാപ്പകലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
‘സിനിമയിലേക്കെത്താന്‍ വേണ്ടി ആദ്യകാലത്ത് പല സിനിമയിലും അസിസ്റ്റന്റായി പോയിട്ടുണ്ടായിരുന്നു. പാലേരിമാണിക്യത്തിലൊക്കെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ആ സിനിമയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായിട്ട് മമ്മൂക്കയെ കാണുന്നത്. പുള്ളിയുടെ അടുത്ത് ചെന്ന് സംസാരിക്കാന്‍ പേടിയായിരുന്നു. പക്ഷേ പുള്ളി എന്നെ കണ്ടപ്പോള്‍ ഫ്രണ്ട്‌ലിയായാണ് സംസാരിച്ചത്. ആ സിനിമയില്‍ ഒരു സീന്‍ എടുക്കുന്ന സമയത്ത് ലൈറ്റിന്റെ മീറ്റര്‍ റീഡ് ചെയ്യാന്‍ മറന്നുപോയി. ‘നിനക്ക് വേറെ എന്താണ് പണി’ എന്ന് ചോദിച്ച് മമ്മൂക്ക എന്നോട് ചൂടായി.
അന്ന് രാത്രിയിലെ സീനില്‍ മീറ്റര്‍ ചെക്ക് ചെയ്യാന്‍ പോയപ്പോള്‍ അവിടെ മമ്മൂക്ക ഇരിക്കുന്നത് കണ്ടു. ഞാന്‍ പതുക്കെ ബാക്കിലേക്ക് വലിഞ്ഞു. വേറൊരു അസോസിയേറ്റായിരുന്ന ശ്യാമിനോട് റീഡിങ്ങെടുക്കാന്‍ പറഞ്ഞുവിട്ടു. ഇത് കണ്ട മമ്മൂക്ക എന്നെ വിളിച്ചിട്ട് ‘എന്റെ ചീത്തവിളി കേട്ടിട്ട് പിന്നിലോട്ട് ഒളിച്ചു നിന്നാല്‍ കാലകാലം നീ പിന്നില്‍ തന്നെ നില്‍ക്കേണ്ടി വരും. ഇതൊന്നും കേട്ട് സങ്കടപ്പെടാന്‍ നില്‍ക്കണ്ട’ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ പവറും കൂടിയാണ് എന്നെ ഇവിടം വരെ എത്തിച്ചത്,’ കൃഷ്ണ ശങ്കര്‍ പറഞ്ഞു.
Content Highlight: Krishna sankar about the memories with Mammootty