തിരുവനന്തപുരം: പഴങ്കഞ്ഞി പരാമർശത്തിൽ തന്നെ വിമർശിച്ചവർക്കെതിരെ പരിഹാസ വീഡിയോയുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും മകളും.
പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന ഒരു വീഡിയോയിലൂടെയാണ് താരം വീണ്ടും വിവാദത്തിന് വഴിതുറക്കുന്നത്.
കൃഷ്ണകുമാർ പ്രാവുകൾക്ക് തീറ്റ കൊടുക്കുന്ന വീഡിയോയിൽ ഇനി ഇവറ്റകള്‍ക്ക് പ്ലേറ്റിൽ ഭക്ഷണം കൊടുക്കേണ്ടി വരുമോ? മണ്ണിലിട്ടു കൊടുത്താൽ കൊടുത്താൽ പ്രശ്നമാകുമോ? എന്ന് പരിഹാസഭാവത്തോടെ മകൾ ദിയ കൃഷ്ണ ചോദിക്കുന്നുണ്ട്.
വീട്ടില്‍ വന്നിരുന്ന പണിക്കാര്‍ക്ക് കുഴിക്കുത്തി പഴങ്കഞ്ഞി നല്‍കുമായിരുന്നുവെന്നും വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടായിരുന്നു എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. വിവാദ പ്രസ്താവനക്കെതിരെ നിരവധി വിമർശനങ്ങൾ ഉയരുകയും പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് ആഴ്ചകൾക്കിപ്പുറമാണ് വീണ്ടും വിവാദവുമായി കൃഷ്ണകുമാറും കുടുംബവും എത്തുന്നത്.
വീഡിയോക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ജാതിയുടെ സകല പ്രിവിലേജുകളും അനുഭവിക്കുന്ന ഒരാളുടെ മകൾക്ക് ഇവിടെ നടക്കുന്ന മനുഷ്യത്വരഹിതമായ ജാതിവ്യവസ്ഥയെയും അതിൽ മനുഷ്യർ അനുഭവിക്കുന്ന വേദനയെ എങ്ങനെ മനസ്സിലാക്കാൻ കഴിയുമെന്നും ഇത് അവർക്ക് ഒരു കോമഡിയായെ തോന്നുവെന്നും വീഡിയോക്ക് വിമർശനം ഉയരുന്നുണ്ട്. ഇത്തരത്തിലുള്ള മനസ്ഥിതിയുള്ള ആളുകൾക്ക് ഒരു ദിവസമെങ്കിലും മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയാലെ അതിൻറെ വേദന മനസ്സിലാക്കുകയൊള്ളുവെന്നും ആളുകൾ പറയുന്നു.
സാമൂഹ്യ പ്രവർത്തക ധന്യ രാമൻ കൃഷ്ണകുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കൂടാതെ സാമൂഹ്യ പ്രവർത്തകനും ദിശ പ്രസിഡൻ്റുമായ ദിനു വെയിലിന്റെ പരാതിയിലാണ് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷൻ കേസെടുത്തത് . എറണാകുളം ജില്ലാ പൊലീസ് മേധാവിയോട് ഏഴു ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനും കമ്മീഷൻ ഉത്തരവിട്ടിരുന്നു.
Content Highlights: Krishna kumar and his daughter again with a controversial video