Sports News
പ്ലെയിങ് ഇലവനില്‍ വലിയ അബദ്ധമാണ് ഇന്ത്യ കാണിക്കുന്നത്; തുറന്നടിച്ച് ക്രിസ് ശ്രീകാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 11, 10:34 am
Tuesday, 11th February 2025, 4:04 pm

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 305 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 33 പന്തും നാല് വിക്കറ്റും ശേഷിക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാമനായി ഇറങ്ങി മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അക്‌സര്‍ പട്ടേലിന് സാധിച്ചിരുന്നു.

43 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 41 റണ്‍സാണ് താരം നേടിയത്. എന്നാല്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അഞ്ചാം സ്ഥാനത്ത് ഇറങ്ങുന്ന കെ.എല്‍. രാഹുലിനെ ആറാം സ്ഥാത്തേക്ക് താഴ്ത്തിയാണ് അക്‌സറിനെ അഞ്ചാം സ്ഥാനത്ത് എത്തിച്ചത്. രാഹുലിന്റെ സ്ഥാനം മാറ്റിയതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്.

‘ശ്രേയസ് അയ്യര്‍ മികച്ച ഫോമിലാണ്, ഇത് ഇന്ത്യയ്ക്ക് ഗുണകരമാണ്. പക്ഷെ കെ.എല്‍. രാഹുലിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ നിര്‍ഭാഗ്യകരമാണ്. അക്‌സര്‍ പട്ടേല്‍ 30ഉം 40ഉം റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ ആ സ്ഥാനത്ത് രാഹുലിനോട് കാണിക്കുന്നത് ന്യായമല്ല. അവന്റെ റെക്കോഡ് നോക്കൂ, അഞ്ചാം സ്ഥാനത്ത് മികച്ച പ്രകടനമാണ് അവന്‍ കാഴ്ചവെച്ചത്, മികച്ച റെക്കോഡുമായി.

അവന്റെ സ്ഥാനത്തെക്കുറിച്ച് മാനേജ്‌മെന്റ് എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. ആറാം സ്ഥാനത്തോ ഏഴാം സ്ഥാനത്തോ ബാറ്റ് ചെയ്താല്‍ അവന്‍ വീഴും, ഇത് അന്യായമാണ്. ഗംഭീര്‍ ചെയ്യുന്നത് ശരിയല്ല. സാഹചര്യത്തിനനുസരിച്ച് ഇന്ത്യയ്ക്ക് അക്‌സറിനെ അഞ്ചാം നമ്പറില്‍ അയയ്ക്കാന്‍ കഴിയും,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങി 1259 റണ്‍സാണ് രാഹുല്‍ നേടിയത്. 95.45 സ്‌ട്രൈറേറ്റിലാണ് താരം റണ്‍സ് നേടിയത്. ഏകദിനത്തില്‍ 79 മത്സരത്തിലെ 74 ഇന്നിങ്‌സില്‍ നിന്ന് 2863 റണ്‍സാണ് താരം നേടിയത്. 112 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടി.

Content Highlight: Kris Srikkath Talking About K.L Rahul