Sports News
ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ പന്തും സഞ്ജുവും ജുറെലും അല്ല; മികച്ച കീപ്പര്‍മാരെ തെരഞ്ഞെടുത്തു ക്രിസ് ശ്രീകാന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Apr 01, 09:45 am
Monday, 1st April 2024, 3:15 pm

മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാല്‍ സമ്പന്നമാണ് ഇന്ത്യന്‍ ടീം. പ്രത്യേകിച്ച് ഇന്ത്യയുടെ യുവ താരങ്ങള്‍. എല്ലാ ഫോര്‍മാറ്റിലും മികച്ച പ്രകടനമാണ് തങ്ങളുടെ റോളില്‍ അവര്‍ കാഴ്ച വെക്കുന്നതും. സഞ്ജു സാംസണ്‍, റിഷബ് പന്ത്, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറെല്‍, കെ.എസ്. ഭരത് എന്നിങ്ങനെ മികച്ച താരങ്ങള്‍ ഉണ്ട് ഇന്ത്യക്ക്.

എന്നിരുന്നാലും ഇന്ത്യയിലെ മികച്ച രണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാരെ തെരഞ്ഞെടുക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. പ്രത്യേകത എന്തെന്നാല്‍ ഈ മുന്‍നിര യുവ താരങ്ങളുടെ കൂട്ടത്തില്‍ നിന്നല്ല ശ്രീകാന്ത് താരങ്ങളെ തെരഞ്ഞെടുത്തത്. ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി എപ്പോഴും ശ്രീകാന്ത് എം.എസ്. ധോണിയുടെ പേര് തന്നെയാണ് ഉന്നയിച്ചത്. രണ്ടാം നമ്പര്‍ വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സഹയെയാണ് മുന്‍ താരം തെരഞ്ഞെടുത്തത്.

ഐ.പി.എല്ലിലെ കഴിഞ്ഞ മത്സരത്തില്‍ ദല്‍ഹിക്കെതിരെ ചെന്നൈ 22 റണ്‍സിന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ 16 പന്തില്‍ പുറത്താകാതെ 37 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമാണ് ധോണി കാഴ്ചവെച്ചത്. ഗുജറാത്തിനെതിരായ മത്സരത്തില്‍ മികച്ച ഒരു ഡൈവ് ക്യാച്ചും ധോണി സ്വന്തമാക്കിയിരുന്നു.

‘വിക്കറ്റ് കീപ്പിങ്ങിന്റെ കാര്യത്തില്‍ ധോണി എപ്പോഴും ഒന്നാമതാണ്. അവന്‍ ക്യാച്ചുകള്‍ എടുക്കുകയും സ്പിന്നര്‍മാരുടെ പന്തുകളില്‍ സ്റ്റംപിങ് ചെയ്യുന്നതും അവിശ്വസനീയമാണ്. വൃദ്ധിമാന്‍ സാഹ രണ്ടാം സ്ഥാനത്താണ്. അവര്‍ രണ്ടുപേരും ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ചതാണ്. 42 വയസ്സ് ഉണ്ടായിട്ടും ധോണി എല്ലാം എളുപ്പത്തില്‍ കൈകാര്യം ചെയ്യും. 2026 വരെ അദ്ദേഹം ഐ.പി.എല്‍ കളിക്കുമെന്ന് ഞാന്‍ കരുതുന്നു,’ശ്രീകാന്ത് പറഞ്ഞു.

Content Highlight: Kris Srikkanth Talking About Wridhiman Saha And M.S. Dhoni