ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം ജൂലൈ 27 മുതല്‍ തുടങ്ങാനിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. മൂന്ന് ടി-20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.
ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് പരമ്പര ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്. ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ കൊളംബോയിലാണ് മൂന്ന് ഏകദിനങ്ങള്‍. മൂന്ന് ഏകദിനത്തില്‍ ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയെയും വിരാട് കോഹ്‌ലിയെയും തിരിച്ചുവിളിച്ചിരിക്കുകയാണ്.
2023 ഏകദിന ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ 2024 ടി-20 ലോകകപ്പില്‍ ഐതിഹാസികമായ വിജയമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കീഴില്‍ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ നിന്ന് രോഹിത്തും വിരാടും ജഡേജയുമെല്ലാം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മറ്റ് ഫോര്‍മാറ്റില്‍ നിന്നും രോഹിത് വിരമിക്കുന്നുണ്ടോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ താരം ഇപ്പോള്‍ അതിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നാണ് പറഞ്ഞത്.
പക്ഷെ ഇനി വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ താരത്തിന് പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത് പറയുന്നത്. ഇപ്പോള്‍ രോഹിത്തിന് 37 വയസായെന്നും അടുത്ത ലോകകപ്പില്‍ അവന് 40 വയസ് ആകുമെന്നുമാണ് ശ്രീകാന്ത് പറഞ്ഞത്. 40ാം വയസില്‍ രോഹിത്തിന് ഒരു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്നാണ് താരം പറഞ്ഞത്.
‘രോഹിത് ശര്‍മ ഒരു മികച്ച കളിക്കാരനാണ്. പക്ഷെ അവന് ഇപ്പോള്‍ 37 വയസായി. അടുത്ത ലോകകപ്പില്‍ അവന് മൂന്ന് വയസ് കൂടും, അവന് 40 വയസാകും. 40ാം വയസില്‍ നിങ്ങള്‍ക്കൊരു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ല,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
Content highlight: Kris Srikkanth Talking About Rohit Sharma