ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയെ ഒരിക്കല്‍ കൂടി തകര്‍ത്ത് ഓസ്ട്രേലിയ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യയെ 36 റണ്‍സിന് ഓള്‍ ഔട്ടാക്കിയ അതേ വേദിയില്‍ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയിരിക്കുന്നത്. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ ഉയര്‍ത്തിയ 19 റണ്‍സിന്റെ വിജയലക്ഷ്യം ഞൊടിയിടയില്‍ കങ്കാരുക്കള്‍ മറികടക്കുകയായിരുന്നു.
ആദ്യ ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി അഞ്ചാമനായി ഇറങ്ങിയ ട്രാവിസ് ഹെഡിന്റെ 140 റണ്‍സിന്റെ കിടിലന്‍ ബാറ്റിങ്ങില്‍ ഇന്ത്യ പേടിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ സൂപ്പര്‍ ബൗളര്‍ മുഹമ്മദ് സിറാജിന്റെ യോര്‍ക്കറില്‍ ഹെഡ് ക്ലീന്‍ ബൗള്‍ഡായിരുന്നു. വിക്കറ്റ് നേടിയ ശേഷം അഗ്രസീവായി സിറാജ് പ്രകടനം നടത്തിയതോടെ ഇരുവരും പരസ്പരം ആക്ഷേപിക്കുകയായിരുന്നു.
ഇതോടെ ഇരുവര്‍ക്കും ഐ.സി.സി അച്ചടക്ക ലംഘനത്തിന് പിഴയും ചുമത്തി. എന്നാല്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീകാന്ത്. സിറാജ് കാണിച്ചത് ശുദ്ധ മണ്ടത്തരമാണെന്നും പ്രശംസ അര്‍ഹിക്കുന്നത് ട്രാവിസ് ഹെഡ് ആണെന്നുമാണ് ശ്രീകാന്ത് പറഞ്ഞത്.
‘ഹെഡ് ഗ്രൗണ്ടിന്റെ എല്ലാ ഭാഗങ്ങളിലേക്കും അടിച്ച് ബൗളര്‍മാരെ തകര്‍ത്തു. ഹേയ് സിറാജ് നീ എന്താണ് കാണിച്ചത്? നീ എന്തു ചെയ്യുകയായിരുന്നു? നിനക്ക് ഭ്രാന്ത് പിടിച്ചോ? 140 റണ്‍സ് നേടിയപ്പോള്‍ അവന്‍ നിങ്ങളെ ഫോറും സിക്‌സും കൊണ്ട് നിഷ്‌കരുണം അടിച്ചു. അതിന് ശേഷം നിങ്ങള്‍ അദ്ദേഹത്തിന് ഒരു യാത്രയയപ്പ് നല്‍കുന്നു. അതാണോ സ്ലെഡ്ജിങ്? എന്ത് വൃത്തികേടാണ് നിങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചത്? ഇത് അവന്റെ വെറും ഭ്രാന്താണ്,
ട്രാവിസ് ഹെഡ് പ്രശംസ അര്‍ഹിക്കുന്നു. അവന്‍ പൂജ്യം റണ്‍സിനോ 10 റണ്‍സിനോ അല്ല പുറത്തായത്. അവന്‍ ഇന്ത്യയ്‌ക്കെതിരെ ഇഷ്ടം പോലെ സിക്സറുകള്‍ പറത്തി, 141ല്‍ നിന്ന് 140 എന്നത് ചെറിയ സ്‌കോറല്ല. അവന്‍ നിങ്ങളെ അടിച്ച പോലെ നിങ്ങള്‍ക്ക് വിക്കറ്റ് വീഴ്ത്താന്‍ കഴിഞ്ഞില്ല. അദ്ദേഹം അശ്വിനെ ഒരു സ്പിന്നറായി കണക്കാക്കിയില്ല, വലിയ ഷോട്ടുകള്‍ അടിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 ലംഘിച്ചതിന് സിറാജിന് മാച്ച് ഫീയുടെ 20% പിഴ ചുമത്തി.
പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.13 ലംഘിച്ചതിന് ട്രാവിസ് ഹെഡിനും പിഴ ചുമത്തി.
സിറാജിനും ഹെഡിനും അവരുടെ അച്ചടക്ക ലംഘനത്തിന്‍രെ പേരില്‍ ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മാസത്തിനുള്ളില്‍ അവരുടെ ആദ്യത്തെ കുറ്റമാണ് രേഖപ്പെടുത്തിയത്.
Content Highlight: Kris Srikkanth Talking About Mohammad Siraj Attitude Against Travis Head