| Wednesday, 11th September 2024, 9:12 am

ആ രണ്ട് താരങ്ങള്‍ കാരണമാണ് സര്‍ഫറാസിനും ജുറെലിനും പണി കിട്ടിയത്: ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നടക്കാനിരിക്കുകയാണ്. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെ കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക് സ്റ്റേഡിയത്തിലാണ്.

ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സ്‌ക്വാഡ് ബി.സി.സി.ഐ പുറത്ത് വിട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായ കെ.എല്‍. രാഹുലും റിഷബ് പന്തും സ്‌ക്വാഡില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും ടീമില്‍ ഏറെ കാലത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ സ്‌ക്വാഡിലുള്ള ധ്രുവ് ജുറെലിന്റെയും സര്‍ഫറാസ് ഖാന്റെയും പ്ലെയിങ് ഇലവന്‍ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഇരുവരേയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. മാത്രമല്ല രാഹുലിന് കളിക്കാന്‍ അര്‍ഹതയുണ്ടെന്നും ശ്രീകാന്ത് പറഞ്ഞു.

‘എനിക്ക് സര്‍ഫറാസ് ഖാന്റെ കാര്യത്തില്‍ വിഷമമുണ്ട്, പക്ഷേ ടെസ്റ്റ് ക്രിക്കറ്റിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്. ഒരു മുതിര്‍ന്ന കളിക്കാരന്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങള്‍ മറ്റൊരു വഴി സ്വീകരിക്കേണ്ടി വരും. റിഷബ് പന്ത് കാരണം ധ്രുവ് ജുറലും വിട്ടുനില്‍ക്കും. വിദേശ മത്സരങ്ങളില്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനമാണ് നടത്തിയത്. ന്യൂസിലന്‍ഡും ഇന്ത്യയിലേക്ക് വരുന്നുണ്ട്, ശേഷം ഞങ്ങള്‍ ഓസ്ട്രേലിയയില്‍ കളിക്കും,’ ശ്രീകാന്ത് പറഞ്ഞു.

ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് പരിക്കിനെതുടര്‍ന്ന് കെ.എല്‍ രാഹുലിന് മാറി നില്‍ക്കേണ്ടി വന്നിരുന്നു. ഈ സമയത്താണ് ആഭ്യന്തര മത്സരങ്ങളില്‍ മിന്നും പ്രകടനം കാഴച്ചവെച്ച സര്‍ഫറാസ് കാന്‍ ടീമില്‍ എത്തുന്നത്.

സര്‍ഫറാസ് ഇംഗ്ലണ്ടിനെതിരെ 50 ശരാശരിയില്‍ 200 റണ്‍സ് നേടിയിരുന്നു. നിലവില്‍ ദുലീപ് ട്രോഫിയില്‍ എ ടീമിന് വേണ്ടി കെ.എല്‍. രാഹുല്‍ 37, 57 എന്നിങ്ങനെ റണ്‍സ് നേടിയിരുന്നു. അതേ സമയം ബി ടീമിന് വേണ്ടി സര്‍ഫറാസിന് 9, 46 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

എന്നാല്‍ 2022ല്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പന്ത് ഏറെ കഠിനാധ്വാനം ചെയ്താണ് തിരിച്ചെത്തിയത്. 2022ല്‍ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് താരം അവസാനമായി കളിച്ചതും. ഇപ്പോള്‍ ദുലീപ് ട്രോഫിയില്‍ 34 പന്തില്‍ 50 റണ്‍സ് നേടിയാണ് താരം റെഡ് ബോളില്‍ തന്റെ വരവ് അറിയിച്ചത്.

മാത്രമല്ല കീപ്പിങ്ങിലും താരം മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. പന്തിന് പകരക്കാരനായിരുന്ന ധ്രുവ് ജുറെല്‍ മൂന്ന് ടെസ്റ്റ് മത്സരത്തിലെ നാല് ഇന്നിങ്‌സില്‍ നിന്ന്190 റണ്‍സാണ് നേടിയത്.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

Content Highlight: Kris Srikkanth Talking About Indian Players

We use cookies to give you the best possible experience. Learn more