നിന്റെ കോച്ചാടാ കമന്ററി ബോക്‌സില്‍ ഇരിക്കുന്നത്, നോക്കിയിരിക്കാതെ അടിക്കെടാ!! ജഡേജ ബാറ്റ് ചെയ്യവേ കമന്ററി ബോക്‌സില്‍ ട്രോളോട് ട്രോള്‍
Sports News
നിന്റെ കോച്ചാടാ കമന്ററി ബോക്‌സില്‍ ഇരിക്കുന്നത്, നോക്കിയിരിക്കാതെ അടിക്കെടാ!! ജഡേജ ബാറ്റ് ചെയ്യവേ കമന്ററി ബോക്‌സില്‍ ട്രോളോട് ട്രോള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st August 2022, 9:25 pm

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ് രവീന്ദ്ര ജഡേജ. എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തമായ ജഡ്ഡു ഇന്ത്യന്‍ ടീമിലെ ഇന്റഗ്രല്‍ പാര്‍ട്ട് തന്നെയാണ്.

നിലവില്‍ ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിന്റെ ഭാഗമാണ് രവീന്ദ്ര ജഡേജ. ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് ആദ്യ മത്സരത്തില്‍ താരം തെറ്റില്ലാത്ത പ്രകടനം നടത്തിയിരുന്നു. ജഡ്ഡുവിന്റെ ബാറ്റിങ്ങിനേക്കാള്‍ താരം ബാറ്റ് ചെയ്യുമ്പോഴുള്ള കമന്ററിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം കൃഷ്ണമാചാരി ശ്രീകാന്തായിരുന്നു കമന്ററി ബോക്‌സിലുണ്ടായിരുന്നത്. താരത്തിന്റെ ബാറ്റിങ്ങിനെ ഏറെ പ്രശംസിച്ച ശ്രീകാന്ത്, അദ്ദേഹത്തിന്റെ കോച്ച് രവി ശാസ്ത്രിയെയും അഭിനന്ദിച്ചു.

ഫാന്‍ കോഡിന്റെ കമന്ററിയില്‍ ഓണ്‍ എയറിലായിരിക്കുമ്പോഴായിരുന്നു ശ്രീകാന്തിന്റെ തമാശ നിറഞ്ഞ കളിവിവരണം.

‘ആപ് ക്യാ സോച്ച് രഹാ ഹേ? ഇന്ത്യ 200 മാരേഗാ യാ നഹി മാരേഗാ? ജഡ്ഡു ആപ്കാ എക്‌സ് കോച്ച് ഹൈ ഇദര്‍ കമന്ററി ബോക്‌സ് മെയ്ന്‍ (നിങ്ങള്‍ എന്ത് കരുതുന്നു, ഇന്ത്യ 200 റണ്‍സ് നേടുമോ. ജഡ്ഡു നിന്റെ പഴയ കോച്ച് ഇതാ ഇവിടെ കമന്ററി ബോക്‌സിലുണ്ട്).

രവി ശാസ്ത്രി പരിശീലകനായതിന് ശേഷം എന്തൊരു പുരോഗതിയാണ് അദ്ദേഹത്തിനുണ്ടായിരിക്കുന്നത്,’ കമന്ററിക്കിടെ ശ്രീകാന്ത് പറഞ്ഞു.

മത്സരത്തില്‍ 13 പന്തില്‍ നിന്നും 16 റണ്‍സാണ് ജഡേജ സ്വന്തമാക്കിയത്. 123.08 സ്‌ട്രൈക്ക് റേറ്റില്‍ രണ്ട് ബൗണ്ടറിയടക്കമായിരുന്നു അദ്ദേഹം 16 റണ്ണടിച്ചത്.

ഒടുലില്‍ അല്‍സാരി ജോസഫിന്റെ പന്തില്‍ കീമോ പോളിന് ക്യാച്ച് നല്‍കിയായിരുന്നു ജഡ്ഡുവിന്റെ മടക്കം.

വിന്‍ഡീസിനെതിരായ ആദ്യ ടി-20യില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യ ജയിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും വെറ്ററന്‍ ബാറ്റര്‍ ദിനേഷ് കാര്‍ത്തിക്കിന്റെയും പ്രകടനത്തിന്റെ ബലത്തിലായിരുന്നു ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ താളം കണ്ടെത്താനാവാതെ കരീബിയന്‍ താരങ്ങള്‍ കുഴങ്ങുകയായിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ 122 റണ്‍സ് മാത്രമെടുക്കാനെ ആതിഥേയര്‍ക്കായുള്ളൂ.

 

അതേസമയം, രണ്ടാം ടി-20 മത്സരം രണ്ട് മണിക്കൂര്‍ വൈകും. താരങ്ങളുടെ കിറ്റ് എത്താന്‍ വൈകിയതാണ് മത്സരവും വൈകാന്‍ കാരണമായത്. എട്ട് മണിക്ക് തുടങ്ങേണ്ട മത്സരം രാത്രി 10നാണ് തുടങ്ങുക.

വാര്‍ണര്‍ പാര്‍ക്കില്‍ വെച്ചാണ് മത്സരം നടക്കുന്നത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുമ്പിലാണ്.

 

Content Highlight: Kris Srikkanth’s hilarious commentary while Ravindra Jadeja is batting duruing Ind vs WI 1st T20