| Friday, 15th March 2024, 3:56 pm

അവന്‍ ഇല്ലാതെ ഇന്ത്യക്ക് ടി-20 ലോകകപ്പ് നേടാന്‍ കഴിയില്ല; വിമര്‍ശകര്‍ക്ക് മറുപടിയുമായി ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ഐ.പി.എല്‍ കഴിഞ്ഞാലും ടി-20യുടെ ആവേശം ഒട്ടും അണയില്ല. 2024ലെ ടി-20 ലോകകപ്പ് ജൂണില്‍ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കുകയാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിയുടെ ആവശ്യകത വളരെ വലുതാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും സെലക്ഷന്‍ കമ്മറ്റി ചെയര്‍മാനുമായ ക്രിസ് ശ്രീകാന്ത്.

വിരാട് ഇല്ലെങ്കില്‍ 2024ലെ ടി-20 ലോകകപ്പ് സാധ്യതകള്‍ നഷ്ടമാകുമെന്ന് താരം അടിവരയിട്ട് പറയുകയാണ്. എന്നാല്‍ വിരാട് ഇല്ലാതെ ടീം ഇറങ്ങുമെന്ന പ്രസ്താവനകള്‍ക്കും കിംവദന്തികള്‍ക്കും രൂക്ഷമായ മറുപടിയാണ് ശ്രീകാന്ത് നല്‍കിയത്.

14 മാസത്തെ ഇടവേളയ്ക്ക് ശേഷം അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കായി കോഹ്‌ലി ടി-20 ഐ ടീമില്‍ തിരിച്ചെത്തിയിരുന്നു. രണ്ട് മത്സരങ്ങളില്‍ കളിച്ചെങ്കിലും ബാറ്റില്‍ അത്ര മികച്ചതായിരുന്നില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയും അദ്ദേഹത്തിന് നഷ്ടമായി. 2024 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുന്ന വെറ്ററന്‍ ബാറ്റര്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടെലഗ്രാഫ് മീഡിയയില്‍ പറയുന്നതനുസരിച്ച് മാനേജ്‌മെന്റും സെലക്ടര്‍മാരും കോഹ്‌ലിയെ പരിഗണിക്കുന്നില്ല.

‘വിരാട് കോഹ്‌ലി ടീമിനൊപ്പം യാത്ര ചെയ്യും. അവന്‍ സ്‌ക്വാഡില്‍ ഉണ്ടായിരിക്കണം. 2022ലെ ടി-20 ലോകപ്പില്‍ ടീമിനെ സെമിഫൈനലിലെത്തിച്ച അദ്ദേഹം ഏകദിന ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു. ഈ വിമര്‍ശകര്‍ക്കും കിംവദന്തിക്കാര്‍ക്കും ഒരു ജോലിയുമില്ല. എന്താണ് ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം? ഇന്ത്യയ്ക്ക് ടി-20 ലോകകപ്പ് ജയിക്കണമെങ്കില്‍ വിരാട് കോഹ്‌ലി അനിവാര്യമാണ്,’ ശ്രീകാന്ത് പറഞ്ഞു.

Content Highlight: Kris Srikkanth responds to critics against Virat Kohli

We use cookies to give you the best possible experience. Learn more