ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനുള്ള ടി-20 സ്‌ക്വാഡില്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിനെ ഉള്‍പ്പെടുത്താതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ക്രിസ് ശ്രീകാന്ത്.
ഗെയ്ക്വാദ് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന് പറഞ്ഞ ശ്രീകാന്ത് അവന്‍ ഇനിയെന്ത് വേണമെന്നും ചോദിക്കുന്നു.
തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ക്രിസ് ശ്രീകാന്ത് ഗെയ്ക്വാദിനെ ടീമിന്റെ ഭാഗമാക്കാത്തതില്‍ വിമര്‍ശനമുന്നയിക്കുന്നത്.
‘നോക്കൂ, ഋതുരാജിന്റെ കാര്യത്തില്‍ എനിക്ക് ഒന്നും തന്നെ മനസിലാകുന്നില്ല. അവന്‍ ഇനിയെന്ത് ചെയ്യും? അവന്‍ ഒരു സെഞ്ച്വറി നേടിയാല്‍ അവര്‍ക്ക് (സെലക്ടര്‍മാര്‍) അവനെ ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും, അല്ലേ? അവന്‍ ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറിയാണ് നേടിയത്. എന്നിട്ടും ഒരു അവസരവും അവന് ലഭിച്ചില്ല. ഇനി അവനെങ്ങോട്ടാണ് പോകേണ്ടത്?’ ശ്രീകാന്ത് ചോദിക്കുന്നു.
നംവബര്‍ എട്ടിനാണ് ഇന്ത്യ – സൗത്ത് ആഫ്രിക്ക ടി-20 പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് ഇന്ത്യ പ്രോട്ടിയാസിന്റെ തട്ടകത്തിലെത്തുന്നത്.
സ്വന്തം തട്ടകത്തില്‍ ബംഗ്ലാദേശിനെ വൈറ്റ് വാഷ് ചെയ്ത് തോല്‍പിച്ചതിന്റെ ആവേശത്തിലാണ് ഇന്ത്യ. സൂര്യകുമാറിന്റെ നേതൃത്വത്തില്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണും കാല്‍ക്കീഴിലാക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.
ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ സഞ്ജു സാംസണ്‍ ടീമിന്റെ ഭാഗമായി തുടരുന്നു.
യുവ ബൗളര്‍ മായങ്ക് യാദവും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ശിവം ദുബെയും പരിക്ക് മൂലം സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല. ഇരുവര്‍ക്കും പുറമെ സൂപ്പര്‍ ബാറ്റര്‍ റിയാന്‍ പരാഗിനേയും സെലക്ഷന് ലഭ്യമായിട്ടില്ലെന്ന് ബി.സി.സി.ഐ പറഞ്ഞു.
താരത്തിന് വലത് തോളിനേറ്റ പരിക്കിന് പിന്നാലെ ദീര്‍ഘ കാല ചികിത്സ ആവശ്യമായതിനെത്തുടര്‍ന്ന് ബോര്‍ഡിന്റെ സെന്റര്‍ ഓഫ് എക്സലന്‍സിലാണ് പരാഗ് നിലവില്‍ കഴിയുന്നത്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, തിലക് വര്‍മ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, രമണ്‍ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയി, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, ആവേശ് ഖാന്‍, യാഷ് ദയാല്‍.
ആദ്യ മത്സരം: നവംബര്‍ 8, കിങ്‌സ്മീഡ്.
രണ്ടാം മത്സരം: നവംബര്‍ 10, സെന്റ് ജോര്‍ജ്‌സ് ഓവല്‍.
മൂന്നാം മത്സരം: നവംബര്‍ 13, സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്.
അവസാന മത്സരം: നംവബര്‍ 15, വാണ്ടറേഴ്‌സ് സ്റ്റേഡിയം.
Content Highlight: Kris Srikkanth backs Ruturaj Gaikwad