ഐ.പി.എല്ലിന്റെ ഈ സീസണിലും താളം കണ്ടെത്താന്‍ സാധിക്കാതെ ഉഴറുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഡക്കായാണ് രോഹിത് ശര്‍മ ടീമിന് ബാധ്യതയാകുന്നത്.
പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായ രോഹിത് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ ഇതേ മോശം പ്രകടനം ആവര്‍ത്തിച്ചു. ചെന്നൈക്കെതിരെ ചെപ്പോക്കില്‍ വെച്ച് നടന്ന മത്സരത്തിലും രോഹിത് മൂന്ന് പന്ത് നേരിട്ട് പൂജ്യത്തിന് പുറത്തായി.
ഈ ഡക്കിന് പിന്നാലെ രണ്ട് മോശം റെക്കോഡുകളാണ് രോഹിത്തിനെ തേടിയെത്തിയത്. ഐ.പി.എല്ലില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരമെന്ന റെക്കോഡും ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ ക്യാപ്റ്റന്‍ എന്ന റെക്കോഡുമാണ് രോഹിത്തിനെ തേടിയെത്തിയത്.
ഇത് 16ാം തവണയാണ് രോഹിത് ഡക്കായി പുറത്താകുന്നത്, ക്യാപ്റ്റന്റെ റോളിലെത്തിയ ശേഷം ഡക്കാകുന്നതാകട്ടെ 11ാം തവണയും.
സീസണിലിതുവരെ പത്ത് മത്സരം കളിച്ച രോഹിത് ശര്‍മ ആകെ നേടിയത് 184 റണ്‍സാണ്. 18.40 മാത്രമാണ് താരത്തിന്റെ ആവറേജ്.
ഈ മോശം പ്രകടനത്തിന് പിന്നാലെ രോഹിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരവും സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
‘നോ ഹിറ്റ് ശര്‍മ, രോഹിത് ശര്‍മ നോ ഹിറ്റ് ശര്‍മ എന്ന് പേര് മാറ്റേണ്ടിയിരിക്കുന്നു. ഞാനാണ് ക്യാപ്റ്റനെങ്കില്‍ അവനെ ഒരിക്കലും ടീമില്‍ ഉള്‍പ്പെടുത്തില്ല,’ ശ്രീകാന്ത് പറഞ്ഞതായി പ്രമുഖ കായികമാധ്യമമായ ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
രോഹിത്തിന്റെയടക്കമുള്ള താരങ്ങളുടെ മോശം പ്രകടനത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടിരുന്നു. മുംബൈ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം സി.എസ്.കെ അനായാസം മറികടക്കുകയായിരുന്നു.
പത്ത് മത്സരത്തില്‍ നിന്നും അഞ്ച് വിജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ദല്‍ഹി. മെയ് ഒമ്പതിനാണ് രോഹിത്തിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.