നിരന്തരമായി പരാജയപ്പെടുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി സ്ഥാനം പിടിക്കുന്ന താരമാണ് റിഷബ് പന്ത്. ആവശ്യത്തിലധികം അവസരങ്ങള്‍ ലഭിച്ചിട്ടും മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കാതെ വരുമ്പോഴും സെലക്ടര്‍മാര്‍ പന്തിനെ വിടാതെ പിടിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലും താരം ഉള്‍പ്പെട്ടിരുന്നു. ടി-20 പരമ്പരയില്‍ വമ്പന്‍ പരാജയമായിട്ടും ഏകദിന ടീമിലും താരം ഉള്‍പ്പെട്ടിരുന്നു. ആദ്യ ഏകദിനത്തില്‍ നാലാം നമ്പറിലിറങ്ങി 23 പന്ത് നേരിട്ട് 15 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
മോശം പ്രകടനം കാഴ്ചവെക്കുമ്പോഴും പന്തിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുന്‍ ചീഫ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ക്രിസ് ശ്രീകാന്ത്.
പന്ത് കാരണം സഞ്ജു സാംസണിന്റെ മാത്രമല്ല സൂര്യകുമാര്‍ യാദവിന്റെയും പ്രകടനം ഇല്ലാതാവുകയായിരുന്നു എന്നാണ് ശ്രീകാന്തിന്റെ വിമര്‍ശനം.
ഇന്ത്യ – ന്യൂസിലാന്‍ഡ് ആദ്യ ഏകദിനത്തില്‍ അഞ്ചാമനായിട്ടായിരുന്നു സ്‌കൈ ഇറങ്ങിയത്. തന്റെ സ്ഥിരം ബാറ്റിങ് ഓര്‍ഡറില്‍ നിന്നും താഴേക്കിറങ്ങിയത് സൂര്യകുമാറിനെയും ഇന്ത്യയെയും കാര്യമായി തന്നെ ബാധിച്ചിരുന്നു.
മൂന്ന് പന്തില്‍ നിന്നും നാല് റണ്‍സ് മാത്രമായിരുന്നു താരം സ്വന്തമാക്കിയത്. ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണങ്ങളിലൊന്ന് സൂര്യകുമാര്‍ മങ്ങിയതായിരുന്നു.
‘ടീം സെലക്ഷനില്‍ ഇന്ത്യ ആകെ കുഴങ്ങിയിരിക്കുകയാണ്. മികച്ച രീതിയില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പിങ് ചെയ്യുമ്പള്‍ പ്ലെയിങ് ഇലവനില്‍ പന്തിന്റെ ആവശ്യമെന്താണ്? നാലാം നമ്പറില്‍ പന്ത് കളിക്കുകയാണെങ്കില്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറക്കി നിങ്ങള്‍ സൂര്യകുമാറിനെയും സഞ്ജുവിനെയും പാഴാക്കിക്കളയുകയാണ്.
ഹൂഡയെ ആറാം നമ്പറിലേക്ക് തിരികെ കൊണ്ടുവരികയും പന്തിനോട് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി പോകാന്‍ ആവശ്യപ്പെടുകയും വേണം. അവന്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒരിക്കല്‍ക്കൂടി സ്വയം കണ്ടൈത്തട്ടെ,’ ശ്രീകാന്ത് പറയുന്നു.
ഇന്ത്യ- ന്യൂസിലാന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സായിരുന്നു നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിനായി അഞ്ചാമന്‍ ടോം ലാഥവും ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം പുറത്തെടുത്തതോടെ ന്യൂസിലാന്‍ഡ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
104 പന്തില്‍ നിന്നും 19 ബൗണ്ടറിയുടെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 145 റണ്‍സാണ് ടോം ലാഥം സ്വന്തമാക്കിയത്. 98 പന്തില്‍ നിന്നും 94 റണ്‍സുമായി കെയ്ന്‍ വില്യംസണും പുറത്താകാതെ നിന്നു.
അതേസമയം, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0ന് ന്യൂസിലാന്‍ഡ് മുമ്പിലെത്തിയിരിക്കുകയാണ്. ഇനി നടക്കാനിരിക്കുന്ന രണ്ട് മത്സരത്തിലും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര നേടാന്‍ സാധിക്കൂ.
ടി-20 പരമ്പരയിലേതെന്ന പോലെ മഴ വില്ലനായാല്‍ ഒരുപക്ഷേ പരമ്പര കിവീസിന് മുമ്പില്‍ അടിയറ വെക്കേണ്ടിയും വന്നേക്കാം.
നവംബര്‍ 27നാണ് പരമ്പരയിലെ അടുത്ത മത്സരം. സെഡന്‍ പാര്‍ക്കാണ് വേദി.
Content Highlight: Kris Srikanth slams Rishabh Pant