| Wednesday, 11th September 2024, 1:18 pm

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം, ആ ലെവലിലെത്താന്‍ ലോകത്തില്‍ ആര്‍ക്കുമാകില്ല; തുറന്നുപറഞ്ഞ്‌ ക്രിസ് ശ്രീകാന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമാര്? ആരാധകര്‍ എന്നും പരസ്പരം ചോദിക്കുന്ന ചോദ്യമാണിത്. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെയും ഇതിഹാസങ്ങളുടെ ഇതിഹാസമായ വിവ് റിച്ചാര്‍ഡ്‌സിനെയും ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന് പലരും വാദിക്കുമ്പോള്‍ ഡോണ്‍ ബ്രാഡ്മാന്റെ പേരാണ് മറ്റുചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്.

ക്രിക്കറ്റിന്റെ പിതാവായ വില്യം ഗില്‍ബെര്‍ട്ട് ഗ്രേസ് എന്ന ഡബ്ല്യൂ.ജി. ഗ്രേസിനെയും എക്കാലത്തെയും മികച്ച താരമായി വിശേഷിപ്പിക്കുന്നുണ്ട്.

ഈ വിഷയത്തില്‍ തന്റെ അഭിപ്രായം പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ കൃഷ്ണമാചാരി ശ്രീകാന്ത്. തന്റെ യൂട്യൂബ് ചാനലായ ചീക്കി ചീക്കയില്‍ പങ്കുവെച്ച പഴയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന്റെ ലെവലിലെത്താന്‍ ഒരാള്‍ക്ക് പോലും സാധിക്കില്ലെന്നാണ് അദ്ദഹം പറയുന്നത്.

അവതാരകന്‍: ഓരോ ക്രിക്കറ്റ് യുഗത്തിലെയും ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം താരങ്ങളെ താരതമ്യം ചെയ്യുകയാണ്. ചീക്കാ, (ശ്രീകാന്തിന്റെ വിളിപ്പേര്) നിങ്ങള്‍ക്കിത് ഇഷ്ടമല്ലെന്ന് അറിയാം. എന്നിരുന്നാലും നമ്മളിത് ചെയ്‌തേ മതിയാകൂ.

ശ്രീകാന്ത്: ഞാന്‍ ഒരിക്കലും ക്രിക്കറ്റ് യുഗങ്ങളെയോ അതിലെ താരങ്ങളെയോ തമ്മില്‍ താരതമ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.

അവതാരകന്‍: സോറി ചീക്കാ, നമ്മളിത് ചെയ്‌തേ പറ്റുകയുള്ളൂ. എന്നെ പോലുള്ള മോഡേണ്‍ ജനറേഷനിലെ ആളുകള്‍ക്ക് ഇത് അറിയണം.

ശ്രീകാന്ത്: അതുപോലെ ഒന്നും തന്നെയില്ല. ഓരോ കാലവും വ്യത്യസ്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗാരി സോബേഴ്‌സ് യുഗം എന്നൊന്നുണ്ടായിരുന്നു. ഡോണ്‍ ബ്രാഡ്മാന്‍ യുഗം, വിവ് റിച്ചാര്‍ഡ്‌സ് യുഗം എന്നിങ്ങനെ പല കാലങ്ങളും ഉണ്ടായിട്ടുണ്ട്.

അവതാരകന്‍: ഞാന്‍ ഇത് അംഗീകരിക്കുന്നു. ഒരു ടോക് ഷോയ്ക്ക് നല്ല ഒരു വിഷയമല്ലേ ഇത്.

ശ്രീകാന്ത്: എന്ത് വേണമെങ്കിലും ആകട്ടെ, എന്നാല്‍ കിങ് റിച്ചാര്‍ഡ്‌സിന് മേലെ ആര്‍ക്കുമെത്താന്‍ സാധിക്കില്ല. കിങ് റിച്ചാര്‍ഡ് എത്രയോ ഉയരത്തിലാണ്. ഇദ്ദേഹത്തിന്റെ ലെവലിലെത്താന്‍ ആര്‍ക്കും തന്നെ സാധിക്കില്ല. ഈ റേഞ്ചിലേക്ക് വരാന്‍ ലോകത്തില്‍ ഒരാള്‍ക്ക് പോലും സാധിക്കില്ല – ശ്രീകാന്ത് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനായി 121 ടെസ്റ്റ് മത്സരത്തിലാണ് റിച്ചാര്‍ഡ്‌സ് കളത്തിലിറങ്ങിയത്. 50.23 ശരാശരിയില്‍ 24 സെഞ്ച്വറിയും 45 അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹം തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. 187 ഏകദിനത്തില്‍ നിന്നും 47.00 ശരാശരിയില്‍ 6721 റണ്‍സും അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്.

Content highlight: Kris Srikkandth about Viv Richards

We use cookies to give you the best possible experience. Learn more