ആലപ്പുഴ: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന പരാതിയെ തുടര്‍ന്ന് കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പൊലീസ് കേസെടുത്തു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടുകയും ധ്യാനം നടത്തുകയും ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ഞായറാഴ്ച രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച ഒരു പരാതിയില്‍ മാരാരിക്കുളം പൊലിസാണ് കേസെടുത്തിരിക്കുന്നത്. ധ്യാന കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്നുവെന്ന് കാണിച്ചായിരുന്നു പരാതി.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ 50 ലധികം ആളുകള്‍ കൂട്ടം കൂടുകയും പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും കണ്ടെത്തുകയായിരുന്നു. ഒത്തുകൂടിയ എല്ലാവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ കൃപാസനം മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് അടച്ചു പൂട്ടിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചതോടെയാണ് സ്ഥാപനം വീണ്ടും തുറന്നത്.
ദിനം പ്രതി നൂറ് കണക്കിന് പേരായിരുന്നു കൊവിഡിന് മുമ്പ് കേരളത്തിന്റെ വ്യത്യസ്ത ജില്ലകളില്‍ നിന്നായി കൃപാസനത്തില്‍ എത്തിക്കൊണ്ടിരുന്നത്.
പൗരാണിക രംഗ കലാപീഠം എന്ന പേരില്‍ തീരദേശ പാരമ്പര്യ പൈതൃക കലകളുടെ പ്രോത്സാഹനത്തിനും പരിശീലനത്തിനുമായി 1989 ല്‍ ഡോ. ഫാ. വി.പി ജോസഫ് വലിയവീട്ടില്‍ എന്ന വൈദികന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഈ കേന്ദ്രം പിന്നീട് ആത്മീയ കേന്ദ്രമായി മാറുകയായിരുന്നു.
രോഗങ്ങള്‍ ഭേദമാവാന്‍, പരീക്ഷകളില്‍ വിജയിക്കാന്‍, വിവാഹങ്ങള്‍ നടക്കാന്‍, ജോലി ലഭിക്കാന്‍, സാമ്പത്തിക പ്രയാസങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായി വിഭിന്ന ജാതി മത വിഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കൃപാസനത്തില്‍ എത്താറുണ്ടായിരുന്നു.
കൃപാസനം വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ വാങ്ങി അതുപ്രകാരം പ്രാര്‍ത്ഥനയോടെ ഉടമ്പടി ചെയ്താല്‍ ഏതൊരാളുടെയും ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടുമെന്നതായിരുന്നു കൃപാസനം തലവന്‍ ഫാ. വി.പി ജോസഫിന്റെ പ്രചാരണം.
എല്ലാ മാസവും കൃപാസനം പ്രേക്ഷിത പത്രികകള്‍ വാങ്ങി ദൈവ വചന പ്രചാരണം നടത്തണമെന്നുള്ള വ്യവസ്ഥയെ അംഗീകരിച്ചുകൊണ്ടാണ് കൃപാസനത്തില്‍ എത്തുന്ന ബഹുഭൂരിപക്ഷം ആളുകളും ഉടമ്പടി വെയ്ക്കുന്നത്. കൃപാസനം മരിയന്‍ ഉടമ്പടി എന്നായിരുന്നു ഇത് വിശേഷിപ്പിക്കപ്പെട്ടിരുന്നത്.
ഏതു വിധത്തിലുള്ള അസുഖങ്ങളും മാറും, ജീവിതത്തില്‍ മുന്നേറ്റം ഉണ്ടാകും, ഇതായിരുന്നു കൃപാസനം പ്രവര്‍ത്തകര്‍ തങ്ങളുടെ ആത്മീയ ശുശ്രൂഷയെ കുറിച്ച് പ്രചരിപ്പിക്കുന്നത്. കൃപാസനം പത്രം തലയ്ക്ക് വെച്ചും കഴിച്ചുമൊക്കെ അസുഖം മാറിയതായി നിരവധിപേര്‍ അനുഭവസാക്ഷ്യം പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക