| Friday, 6th November 2020, 6:41 pm

പുടിന്‍ ആരോഗ്യവാനാണ്; പ്രസിഡന്റ് പദവിയില്‍ നിന്ന് ഒഴിയുന്നെന്ന വാര്‍ത്ത തള്ളി റഷ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന് പാര്‍ക്കിന്‍സണ്‍ രോഗ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകളെ തള്ളി റഷ്യന്‍ സര്‍ക്കാര്‍.

പുടിന്‍ മികച്ച ആരോഗ്യനിലയിലാണെന്നും പ്രസിഡന്റ് പദവി രാജിവെക്കില്ലെന്നുമാണ് റഷ്യന്‍ സര്‍ക്കാര്‍ പ്രതിനിധി ദിമിത്രി പെസ്‌കോവ് അറിയിച്ചിരിക്കുന്നത്. യു.കെ മാധ്യമമായ സണ്ണിലാണ് പുടിന്റെ ആരോഗ്യ നില മോശമാണെന്ന വാര്‍ത്തകള്‍ വന്നത്.

68 കാരനായ പുടിന് പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങളുള്ളതിനാല്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കുടുംബം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നായിരുന്നു റിപ്പോര്‍ട്ട്.

2000 ലാണ് പുടിന്‍ റഷ്യയില്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പുടിന്‍ റഷ്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റ് പദവിയിലിരുന്നയാളാണ് പുടിന്‍.

ഈയടുത്ത് 2036വരെ പുതിനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കുന്ന ഭരണഘടന ഭേദഗതിയും അദ്ദേഹം കൊണ്ടുവന്നിരുന്നു. ഇതില്‍ സ്വവര്‍ഗ വിവാഹം വിലക്കുകയും ചെയ്തിരുന്നു.

നിലവില്‍ പ്രസിഡന്റായി തുടരുന്നിടത്തോളം പുടിന് കുറ്റാരോപണങ്ങളില്‍ അന്വേഷണം നേരിടേണ്ടതില്ല. ഈ പരിരക്ഷ സ്ഥാനമൊഴിഞ്ഞാലും പുടിന് അനുവദിച്ച് കിട്ടാനുള്ള ശ്രമങ്ങള്‍ പാര്‍ലമെന്ററി വര്‍ക്കിങ്ങ് കമ്മിറ്റി പരിശോധിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുന്‍ പ്രസിഡന്റുമാര്‍ക്ക് ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ നിന്ന് ആജീവനാന്തം സംരക്ഷണം നല്‍കുന്ന നിയമനിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പുടിന്റെ രാജിയെ സംബന്ധിച്ച ഊഹാപോഹങ്ങളും പുറത്തുവന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kremlin denies reports Putin planning to quit amid health fears

We use cookies to give you the best possible experience. Learn more