ഇടഞ്ഞുനിന്നവരുടെ വോട്ട് നേടി ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഇനി പ്രശ്‌നം മേയര്‍
Kerala News
ഇടഞ്ഞുനിന്നവരുടെ വോട്ട് നേടി ഡെപ്യൂട്ടി മേയര്‍ സ്ഥാനം നിലനിര്‍ത്തി കോണ്‍ഗ്രസ്; കൊച്ചി കോര്‍പ്പറേഷനില്‍ ഇനി പ്രശ്‌നം മേയര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th November 2019, 1:41 pm

കൊച്ചി: കൊച്ചി കോര്‍പ്പറേഷനെപ്പറ്റിയുള്ള കോണ്‍ഗ്രസിന്റെ പ്രധാന ആശങ്കകളിലൊന്ന് അവസാനിച്ചു. ഡെപ്യൂട്ടി മേയര്‍ സ്ഥാനം കോണ്‍ഗ്രസ് അംഗമായ കെ.ആര്‍ പ്രേംകുമാറിനു ലഭിച്ചു. പാര്‍ട്ടി നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്ന രണ്ട് വനിതാ അംഗങ്ങളുടെ വോട്ടും പ്രേംകുമാറിനു ലഭിച്ചതോടെയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

എല്‍.ഡി.എഫിനു വേണ്ടി മത്സരിച്ച സി.പി.ഐ.എമ്മിലെ കെ.ജെ ആന്റണിക്ക് മുന്നണി വോട്ടായ 34-നപ്പുറം പോകാനായില്ല. അതേസമയം യു.ഡി.എഫ് സ്വന്തം പാളയത്തിലെ 37 വോട്ടും നേടി. രണ്ട് ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.

തുടര്‍ന്നാണ് നിയമസഭയിലേക്കു പോയ ടി.ജെ വിനോദിന്റെ പിന്‍ഗാമിയായി കെ.ആര്‍ പ്രേംകുമാര്‍ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റെടുത്തത്.

എന്നാല്‍ ഇപ്പോഴും മേയര്‍ സൗമിനി ജെയ്‌നെ മാറ്റണമെന്ന കോണ്‍ഗ്രസ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യത്തില്‍ തീരുമാനമായിട്ടില്ല.

ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പിനു ശേഷം മേയറെ മാറ്റുന്ന കാര്യത്തില്‍ തുടര്‍ചര്‍ച്ച മതിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന ധാരണ. ഡിസംബര്‍ ആദ്യവാരത്തോടെ മേയര്‍ സ്ഥാനം രാജിവെക്കാന്‍ സൗമിനിക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് തീരുമാനം.

കാലാവധി അവസാനിച്ചാല്‍ മാത്രം സ്ഥാനമൊഴിയുമെന്നാണ് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞിരുന്നത്. കെ.പി.സി.സി നേതൃത്വവും ഇതിന് അനുകൂലമായാണു തീരുമാനമെടുത്തത്. എന്നാല്‍ ഹൈബി ഈഡന്‍ എം.പി അടക്കമുള്ളവര്‍ മേയര്‍ക്കെതിരെ ഇപ്പോഴും നിലയുറപ്പിച്ചിട്ടുള്ളത് കെ.പി.സി.സിക്ക് പ്രതിസന്ധി സൃഷ്ടിക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മേയര്‍ക്കെതിരെ അടുത്തിടെ ഹൈബി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം തന്നെ അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.