|

മമ്മൂട്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു, ഞങ്ങളെല്ലാവരും തലയില്‍ കൈവെച്ചുപോയി; അപകടത്തെ കുറിച്ച് പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ ആന്തോളജി ചിത്രത്തില്‍ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രമാണ് ‘കഡുഗണ്ണാവ ഒരു യാത്ര’. ശ്രീലങ്കയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഷൂട്ടിനായി താരം ശ്രീലങ്കയിലെത്തിയ വിവരം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്തിരുന്നു.

ആ യാത്രയില്‍ മാതൃഭൂമി ജനറല്‍ മാനേജറായ കെ.ആര്‍. പ്രമോദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ആ യാത്രയുടെ വിവരണങ്ങള്‍ അദ്ദേഹം ഗൃഹലക്ഷ്മിയിലൂടെ പങ്കുവെക്കുകയാണ്.

ഷൂട്ടിനിടെ മമ്മൂട്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ച് അപകടമുണ്ടായെന്നും എന്നാല്‍ ഭാഗ്യത്തിന് കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

‘യാത്രയുടെ മൂന്നാമത്തെ ദിവസമായി. രാത്രി 7.30നാണ് മമ്മൂട്ടിയുടെ മടക്കയാത്ര. കുറച്ച് ഷോട്ടുകള്‍ കൂടി ബാക്കിയുണ്ട്. ഒപ്പം തലേന്ന് മുടങ്ങിയ ഷോട്ടുകളും. ട്രാവല്‍ ഷോട്ടുകളാണ് അധികവും.

പഴയ മാരുതി 800ന്റെ പിന്നിലിരുന്ന് മമ്മൂക്ക പോകുന്ന രംഗമാണ് ആദ്യം. വളരെ കഷ്ടപ്പെട്ടാണ് മമ്മൂക്ക പിന്നിലിരിക്കുന്നത്. അതിനിടെ ഞങ്ങളെ ഞെട്ടിച്ച മറ്റൊരു സംഭവവും നടന്നു.

പിന്നില്‍ സഞ്ചരിച്ച കാര്‍ മമ്മൂക്കയുടെ കാറില്‍ വന്നിടിച്ചു. എല്ലാവരും തലയില്‍ കൈവെച്ചു. ഭാഗ്യത്തിനോ, ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടോ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.

ഒരു ചെറിയ ബേക്കറിയില്‍ നിന്ന് മമ്മൂക്ക മിഠായി വാങ്ങുന്ന രംഗമായിരുന്നു അടുത്തത്. ആ കടയില്‍ ഒരു സ്ത്രീയുണ്ട്. ആ ഷോട്ട് കഴിഞ്ഞയുടനെ ഒരു ബോക്‌സ് മിഠായിയുമായി ആ സ്ത്രീ മമ്മൂക്കയ്ക്ക് അരികിലെത്തി. ‘എന്റെ സന്തോഷത്തിന് ഈ മിഠായി നിങ്ങള്‍ വാങ്ങണം,’ ആ സ്ത്രി പറഞ്ഞു. മമ്മൂക്ക പുഞ്ചിരിയോടെ ആ ബോക്‌സ് മിഠായി വാങ്ങിച്ചു,’ പ്രമോദ് പറഞ്ഞു.

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കമാണ് മമ്മൂട്ടിയുടേതായി തിയേറ്ററിലെത്തിയ ഏറ്റവും പുതിയ സിനിമ. മമ്മൂട്ടി കമ്പനിയുടെ പ്രൊഡക്ഷനില്‍ ഒരുങ്ങിയ സിനിമ ജനുവരി 19നാണ് റിലീസ് ചെയ്തത്.

തിയേറ്ററിലെത്തുന്നതിന് മുമ്പ് സിനിമ ഐ.എഫ്.എഫ്.കെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിനും മമ്മൂട്ടിയുടെ കഥാപാത്രത്തിനും ലഭിച്ചത്.

Content Highlight: KR Pramod talks about Mammootty

Latest Stories

Video Stories