| Saturday, 10th August 2024, 8:21 am

മമ്മൂട്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചു, ഭാഗ്യം കൊണ്ടോ പ്രാര്‍ത്ഥന കൊണ്ടോ ഒന്നും സംഭവിച്ചില്ല: കെ.ആര്‍. പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എം.ടിയുടെ കഥകള്‍ കോര്‍ത്തിണക്കിയ മനോരഥങ്ങള്‍ എന്ന ആന്തോളജി സീരീസ് റിലീസിനൊരുങ്ങുകയാണ്. ഓഗസ്റ്റ് 15ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സീ ഫൈവിലൂടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.

മോഹന്‍ലാല്‍ നായകനായ ‘ഓളവും തീരവും’, മമ്മൂട്ടിയുടെ ‘കഡുഗണ്ണാവ ഒരു യാത്ര കുറിപ്പ്’, ഫഹദ് ഫാസിലിന്റെ ‘ഷെര്‍ലോക്’ തുടങ്ങി ഒമ്പത് ചിത്രങ്ങളാണ് ഈ ആന്തോളജി സീരീസിലുള്ളത്.

രഞ്ജിത്താണ് മമ്മൂട്ടി ചിത്രം കഡുഗണ്ണാവ ഒരു യാത്ര കുറിപ്പിന്റെ സംവിധാനം. മമ്മൂട്ടിക്കൊപ്പം കമല്‍ഹാസന്‍, വിനീത്, അനുമോള്‍ കെ. മനോഹരന്‍, സാവിത്രി ശ്രീധരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്.

ശ്രീലങ്കയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ കാറില്‍ മറ്റൊരു കാര്‍ വന്നിടിച്ചതിനെ കുറിച്ച് മാതൃഭൂമി ജനറല്‍ മാനേജറായ കെ.ആര്‍. പ്രമോദിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

ഷൂട്ടിങ്ങിനിടെ മമ്മൂട്ടി സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ വന്നിടിക്കുകയായിരുന്നുവെന്നും അതുകണ്ട് എല്ലാവരും ഞെട്ടിപ്പോയെന്നും പ്രമോദ് പറയുന്നു. ഭാഗ്യം കൊണ്ടോ ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടോ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യാത്രയുടെ മൂന്നാമത്തെ ദിവസമായി. രാത്രി 7.30നാണ് മമ്മൂട്ടിയുടെ മടക്കയാത്ര. കുറച്ച് ഷോട്ടുകള്‍ കൂടി ബാക്കിയുണ്ട്. ഒപ്പം തലേന്ന് മുടങ്ങിയ ഷോട്ടുകളും. ട്രാവല്‍ ഷോട്ടുകളാണ് അധികവും.

പഴയ മാരുതി 800ന്റെ പിന്നിലിരുന്ന് മമ്മൂക്ക പോകുന്ന രംഗമാണ് ആദ്യം. വളരെ കഷ്ടപ്പെട്ടാണ് മമ്മൂക്ക പിന്നിലിരിക്കുന്നത്. അതിനിടെ ഞങ്ങളെ ഞെട്ടിച്ച മറ്റൊരു സംഭവവും നടന്നു.

പിന്നില്‍ സഞ്ചരിച്ച കാര്‍ മമ്മൂക്കയുടെ കാറില്‍ വന്നിടിച്ചു. എല്ലാവരും തലയില്‍ കൈവെച്ചു. ഭാഗ്യത്തിനോ, ചിലരുടെ പ്രാര്‍ത്ഥനകള്‍ കൊണ്ടോ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല.

ഒരു ചെറിയ ബേക്കറിയില്‍ നിന്ന് മമ്മൂക്ക മിഠായി വാങ്ങുന്ന രംഗമായിരുന്നു അടുത്തത്. ആ കടയില്‍ ഒരു സ്ത്രീയുണ്ട്. ആ ഷോട്ട് കഴിഞ്ഞയുടനെ ഒരു ബോക്സ് മിഠായിയുമായി ആ സ്ത്രീ മമ്മൂക്കയ്ക്ക് അരികിലെത്തി. ‘എന്റെ സന്തോഷത്തിന് ഈ മിഠായി നിങ്ങള്‍ വാങ്ങണം,’ ആ സ്ത്രി പറഞ്ഞു. മമ്മൂക്ക പുഞ്ചിരിയോടെ ആ ബോക്സ് മിഠായി വാങ്ങിച്ചു,’ പ്രമോദ് പറഞ്ഞു.

Content Highlight: KR Pramod about Mammootty’s accident during the shooting of Kadugannava Oru Yathra Kurippu

We use cookies to give you the best possible experience. Learn more