'ക്രിസ്ത്യന്‍ പള്ളിയില്‍ കെ.ആര്‍ നാരായണന്റെ കല്ലറ' വസ്തുതകള്‍ വെളിപ്പെടുത്തി കെ.ആര്‍ നാരായണന്റെ മക്കള്‍
India
'ക്രിസ്ത്യന്‍ പള്ളിയില്‍ കെ.ആര്‍ നാരായണന്റെ കല്ലറ' വസ്തുതകള്‍ വെളിപ്പെടുത്തി കെ.ആര്‍ നാരായണന്റെ മക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th July 2017, 11:28 am

തിരുവനന്തപുരം: മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ മരണശേഷം ക്രിസ്തുമതത്തിലേക്കു മാറിയെന്ന സംഘപരിവാര്‍ പ്രചരണങ്ങള്‍ തള്ളി കെ.ആര്‍ നാരായണന്റെ മക്കള്‍. എല്ലാ മതങ്ങളെയും ഒരുപോലെ കണ്ട കെ.ആര്‍ നാരായണന്‍ ഹിന്ദുവായിരുന്നെന്നും ഹിന്ദു മത ആചാര പ്രകാരമാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തിയതെന്നും മക്കളായ ചിത്ര നാരായണനും അമൃത നാരായണനും പറയുന്നു.

“കെ.ആര്‍ നാരായണന്‍ ഹിന്ദുവായിരുന്നു. അദ്ദേഹം എല്ലാ മതങ്ങളേയും ഒരുപോലെ ബഹുമാനിച്ചിരുന്നു. ഹിന്ദു ആചാര പ്രകാരം ദല്‍ഹിയിലെ രാജ്ഘട്ടിനു സമീപമുള്ള കര്‍മഭൂമിയിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തിയത്.” ചിത്രയേയും അമൃതയേയും ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ദല്‍ഹിയിലെ പൃഥ്വിരാജ് റോഡിലുള്ള ക്രിസ്ത്യന്‍ സെമിത്തേരിയില്‍ കെ.ആര്‍ നാരായണന്റെയും ഭാര്യ ഉഷാ നാരായണന്റേയും പേരുകൊത്തിവെച്ച കല്ലറ കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കെ.ആര്‍ നാരായണന്‍ ക്രിസ്ത്യാനിയാണെന്ന തരത്തില്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരണം നടത്തിയത്.


Don”t Miss: ദിലീപിനെതിരെ കടുത്ത നടപടിക്കൊരുങ്ങി സര്‍ക്കാര്‍; അഞ്ച് ജില്ലകളില്‍ 53 ഇടങ്ങളിലായി കൈവശം വെച്ചിരിക്കുന്നത് 21 ഏക്കര്‍ ഭൂമി; ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന് കണ്ടെത്തല്‍


രാംനാഥ് ഗോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യയിലെ ആദ്യത്തെ ദളിത് രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ അല്ല രാംനാഥ് കോവിന്ദ് ആണ് എന്ന തരത്തിലും പ്രചരണങ്ങള്‍ നടന്നിരുന്നു. മരണശേഷം കെ.ആര്‍ നാരായണന്റെ മാമോദിസ ചടങ്ങു നടത്തിയെന്നും അദ്ദേഹത്തെ കല്ലറയിലാണ് അടക്കിയതെന്നുമായിരുന്നു പ്രചരണം. ഇത്തരം പ്രചരണങ്ങളെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ഇപ്പോള്‍ തള്ളിയിരിക്കുന്നത്.

പിതാവിന്റെ ചിതാഭസ്മത്തിനൊപ്പം തന്റെ മൃതദേഹവും സംസ്‌കരിക്കണമെന്ന അമ്മയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ചിതാഭസ്മത്തിന്റെ ഒരുഭാഗം അമ്മയുടെ മൃതദേഹത്തോടൊപ്പം സംസ്‌കരിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇവര്‍ പറയുന്നത്.

“അച്ഛന്റെ ചിതാഭസ്മത്തിന്റെ ചെറിയൊരു ഭാഗം ക്രിസ്ത്യാനിയായ അമ്മ ഉഷാനാരായണന്റെ പക്കലുണ്ടായിരുന്നു. അത് അവരുടെ മൃതദേഹത്തിനൊപ്പം അടക്കം ചെയ്തു. 2008ല്‍ അവര്‍ മരിച്ചപ്പോള്‍ അവരുടെ ആഗ്രഹം അനുസരിച്ച് പൃഥ്വിരാജ് റോഡ് സെമിത്തേരിയില്‍ അങ്ങനെ ചെയ്തു. ഇത് തീര്‍ത്തും സ്വകാര്യമായ ഒരു ആഗ്രഹമാണ്. അതിനെ ആ ആദരവോടെ കാണണം.” മക്കള്‍ പറയുന്നു.

ഹിന്ദു മതാചാര പ്രകാരം മൃതദേഹം സംസ്‌കരിച്ചതിനുശേഷം ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഗംഗയിലും മറ്റൊരു ഭാഗം ഭാരതപ്പുഴയിലും ഒഴുക്കിയിരുന്നു. ശേഷിക്കുന്ന ഒരു ഭാഗമാണ് ഉഷാ നാരായണന്റെ മൃതദേഹത്തിനൊപ്പം അടക്കിയത്.

എന്നാല്‍ “കെ.ആര്‍ നാരായണന്‍ മരണശേഷം ക്രിസ്തുമതത്തിലേക്കു മാറി” എന്ന തരത്തിലായിരുന്നു ആദ്യം ജനം ടി.വിയും പിന്നീട് ജന്മഭൂമിയും ഈ കല്ലറ സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

“2008ല്‍ ഉഷാ നാരായണന്‍ മരിച്ചശേഷം നാരായണനെ മാമോദിസ മുക്കിയെന്നും” റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.