കോഴിക്കോട്: തന്നെ ആക്രമിക്കാനുള്ള ഊര്‍ജം ഉപയോഗിച്ച് ഇന്ത്യക്ക് ഭീഷണിയുയര്‍ത്തുന്ന വര്‍ഗീയതയ്ക്കും വിഘടനവാദത്തിനും മതതീവ്രവാദത്തിനും വയലന്‍സിനും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്നതാണ് അഭികാമ്യമെന്ന് കെ.ആര്‍. മീര കോണ്‍ഗ്രസിനോട് പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് കെ.ആര്‍. മീരയുടെ പ്രതികരണം.
സ്വതന്ത്ര ഇന്ത്യയില്‍ രാജ്യസ്‌നേഹികള്‍ ആദ്യമായി യു.എസ് സൈനിക വിമാനത്തിന് ലാന്‍ഡിങ് അനുവദിച്ചുവെന്ന് കെ.ആര്‍.മീര പറഞ്ഞു. 25 സ്ത്രീകളും നാലുവയസുകാരനും മറ്റു 11 കുട്ടികളും ഉള്‍പ്പെടെ 104 ഇന്ത്യക്കാരെ യു.എസ്. തിരിച്ചയച്ചതായി മീര ചൂണ്ടിക്കാട്ടി.
‘ഹിന്ദുക്കള്‍ പരമ്പരാഗത വസ്ത്രങ്ങളേ ധരിക്കാവൂ എന്നും പരമ്പരാഗത ഭക്ഷണമേ കഴിക്കാവൂ എന്നും ഇംഗ്ലീഷ് സംസാരിക്കരുതെന്നും മോഹന്‍ ഭഗവത് പത്തനംതിട്ടയില്‍ പ്രസംഗിച്ചതിനെ അപലപിക്കേണ്ടത് കോണ്‍ഗ്രസ് ആയിരുന്നു,’ കെ.ആർ. മീര
പുരുഷന്‍മാരുടെ കയ്യിലും കാലിലും വിലങ്ങുകളുണ്ടായിരുന്നു. പൗരത്വപ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍, ഇതിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് കേരളത്തിലെ കോണ്‍ഗ്രസിന്റെ യുവനേതാക്കളാണ്. അവരുടെ ടൂള്‍ കിറ്റ് അതിനാണ് ഉപയോഗിക്കേണ്ടതെന്നും കെ. ആര്‍.മീര പറഞ്ഞു. ഇന്ന് അവതരിപ്പിച്ച കേരള ബജറ്റ് ജനങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും പോരായ്മകളുണ്ടെങ്കില്‍ എന്തൊക്കെയാണെന്നുമുള്ള വിലയിരുത്തല്‍ ജനങ്ങളില്‍ എത്തിക്കേണ്ടത് കോണ്‍ഗ്രസിന്റെ കടമയാണെന്നും മീര പറഞ്ഞു.
ഹിന്ദുക്കള്‍ പരമ്പരാഗത വസ്ത്രങ്ങളേ ധരിക്കാവൂ എന്നും പരമ്പരാഗത ഭക്ഷണമേ കഴിക്കാവൂ എന്നും ഇംഗ്ലീഷ് സംസാരിക്കരുത് എന്നും മോഹന്‍ ഭാഗവത് പത്തനംതിട്ടയില്‍ പ്രസംഗിച്ചതിനെ അപലപിക്കേണ്ടത് കോണ്‍ഗ്രസ് ആയിരുന്നുവെന്നും മീര കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ മനസാക്ഷിയെ മുറിപ്പെടുത്തിയ വാളയാര്‍ കേസിലെ കുറ്റപത്രം സി.ബി.ഐ സമര്‍പ്പിച്ചു. 2019ല്‍ കേസില്‍ അന്വേഷണം വേണ്ടത്ര ഊര്‍ജിതമല്ലെന്ന് തോന്നിയ ഘട്ടത്തില്‍ താന്‍ എഫ്.ബിയില്‍ ഇട്ട പോസ്റ്റ് മിക്കവാറും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്നും മീര പറഞ്ഞു.
ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്ന് വിശപ്പടക്കിയിട്ട്, ഇരുപത് കിലോയില്‍ താഴെ തൂക്കമുള്ള ഒരൊമ്പത് വയസുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലില്‍ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ? എന്ന് താന്‍ എഴുതി. അന്ന് ആ കുഞ്ഞുങ്ങള്‍ക്ക് നീതി നല്‍കാന്‍ ശ്രമിക്കുന്നതിന് പകരം ആ കേസ് രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും കെ.ആര്‍. മീര പറഞ്ഞു.
2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസിന്റെ അന്നത്തെ എം.പി. ഇഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ-ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തിയ സാക്കിയ ജഫ്രി കഴിഞ്ഞ ദിവസം അന്തരിച്ചു. അവരുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ സഹായിച്ചില്ലെന്നതുപോകട്ടെ, അവരുടെ നിര്യാണത്തില്‍ ഔദ്യോഗികമായി ഒരു അനുശോചനം പോലും ഉണ്ടായതായി കണ്ടില്ലെന്നും കെ.ആര്‍. മീര പറഞ്ഞു.
നാളത്തെ മന്ത്രിമാരാകാന്‍ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എം.എല്‍.എമാരും കഴിഞ്ഞ മൂന്നുനാല് ദിവസമായി തല പുകയ്ക്കുന്നത് തന്നെ പറ്റിയാണെന്നും മീര പറഞ്ഞു. തന്റെ പ്രസംഗങ്ങളെപ്പറ്റി, എഫ്.ബി കുറിപ്പുകളെപ്പറ്റി, തന്റെ പുസ്തകങ്ങളെ പറ്റിയെന്നും മീര ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രി രണ്ടുമൂന്ന് മുന്‍ എം.എല്‍.എമാരും നിലവിലെ എം.എല്‍.എമാരും ഒരേസമയം തനിക്കെതിരെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇടുന്നു. ഒരേ കള്ളം ഒരേ സമയം ഒരേ വാക്യങ്ങളില്‍ പല അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കുന്നതിനെ ടൂള്‍ കിറ്റ് ആക്രമണം എന്നു പറയും. ഒരുപാട് പേര്‍ പറയുന്നത് സത്യമാകുമെന്ന് സാധാരണക്കാര്‍ ചിന്തിക്കാനിടയുണ്ട് എന്നതാണ് പ്രചോദനമെന്നും കെ.ആര്‍. മീര പറഞ്ഞു.
ഒരു രാഷ്ട്രീയ പ്രശ്‌നമായി താന്‍ ഉന്നയിച്ച ഗാന്ധിജിയെക്കുറിച്ചുള്ള എഫ്.ബി പോസ്റ്റ് ആയിരുന്നു തനിക്ക് എതിരേയുള്ള വ്യക്തിത്വഹത്യയുടെ തുടക്കം. അതുവേണ്ടത്ര ഏശാതെ വന്നപ്പോള്‍ കഷായമായി വിഷയം. ഒരു സാഹിത്യോത്സവത്തില്‍ മാറുന്ന പ്രണയസങ്കല്‍പ്പത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിറഞ്ഞ സദസില്‍ യുവാക്കളുമായുള്ള സംവാദത്തിനിടയില്‍ പുതിയ കാമുകന്‍മാരും ഭര്‍ത്താക്കന്‍മാരും കാലം മാറിയത് മനസിലാക്കണമെന്നും ഒരു ബന്ധം തകരാതെ നോക്കേണ്ടത് പുരുഷന്റെ കടമയാണെന്നും അങ്ങനെയല്ലാതാകുമ്പോഴാണ് സ്ത്രീകള്‍ ചിലപ്പോള്‍ കുറ്റകൃത്യം ചെയ്യുന്നതെന്നും പറഞ്ഞുവെന്നും മീര കൂട്ടിച്ചേര്‍ത്തു.
ഇതിനിടയില്‍ കഷായം എന്ന പദം കടന്നുവന്നു. അത് ഒരു കൊലപാതകത്തെയും ന്യായീകരിക്കാനല്ലെന്ന് അവിടെ കൂടിയിരുന്നവര്‍ക്കെല്ലാം അറിയാം. സാഹിത്യോത്സവം കഴിഞ്ഞ് ദിവസങ്ങള്‍ക്കുശേഷം, ഗാന്ധിജി പ്രശ്‌നത്തില്‍ ആക്രമണം ഏശാതെ വന്നപ്പോള്‍, കഷായം എന്ന പരാമര്‍ശം മാത്രം അടര്‍ത്തിയെടുത്ത്, താന്‍ പുരുഷന്‍മാരെ കൊല്ലണമെന്ന് ആവശ്യപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്നും കെ.ആര്‍. മീര പറഞ്ഞു.
അതും ഫലിക്കാതെ വന്നപ്പോള്‍, ഇരുപതുവര്‍ഷം മുമ്പ് താന്‍ മാതൃഭൂമി വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചതും പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും വായിച്ച് തന്നെ അഭിനന്ദിച്ചതും 2006ല്‍ പുസ്തകമായി പ്രസിദ്ധീകരിച്ചതുമായ ‘ആ മരത്തെയും മറന്നു മറന്നു ഞാന്‍’ എന്ന നോവലില്‍ പ്രിയങ്ക ഗാന്ധിയെ അധിക്ഷേപിച്ചു എന്ന ആരോപണമാണ് ഈ യുവനേതാക്കള്‍ ഒരേ സമയം പോസ്റ്റ് ചെയ്തതെന്നും മീര ചൂണ്ടിക്കാട്ടി.
പക്ഷേ, ഇവര്‍ പ്രചരിപ്പിച്ച പേജിന്റെ അടുത്ത പേജ് അവര്‍ ബോധപൂര്‍വം മറച്ചുവച്ചു. അത് ഇങ്ങനെയാണ്:
‘ഏഴെട്ട് ദിവസം കഴിഞ്ഞൊരു ദിവസം അതേ കേസിന്റെ അപ്പീലിന് പോകാനൊരുങ്ങുമ്പോള്‍ രാധികയെ തേടി നാലഞ്ച് തടിമാടന്‍മാര്‍ വന്നു.
‘ആരാ ഈ രാധിക വക്കീല് ?”
ഷെല്‍ഫില്‍ കേസുകെട്ട് തിരയുകയായിരുന്ന രാധിക തലയുയര്‍ത്തി. കണ്ടപാടെ അവര്‍ കൂട്ടത്തോടെ ക്ഷോഭിച്ചു:
‘പോക്രിത്തരത്തിന് ഒരതിരു വേണം.”
‘കാര്യം പറയൂ…’
‘നിങ്ങളോട് ആരു പറഞ്ഞു, അച്ചന് നോട്ടീസ് അയയ്ക്കാന്‍.?”
രാധികയ്ക്ക് പെട്ടന്ന് ഓര്‍മ വന്നില്ല.
‘വക്കീലായാല്‍ കുറച്ച് കോമണ്‍സെന്‍സ് വേണം….ഒരു പള്ളീലെ മാമ്മോദീസ രേഖ തിരുത്തുന്നത് എളുപ്പമാണെന്നാണോ വിചാരം?”
രാധികയ്ക്കു സംഗതി വ്യക്തമായി.
‘ക്രിസ്റ്റി ഐസക്കിന്റെ കേസാണോ പറയുന്നത് ?”
‘അതെ… നിങ്ങളോടാരു പറഞ്ഞു, അവനുവേണ്ടി നോട്ടീസ് അയയ്ക്കാന്‍?”
‘ഞാന്‍ ക്രിസ്റ്റിയുടെ ക്ലാസ്‌മേറ്റ് ആണ്.”
‘ഞങ്ങള് അവന്റെ ചേട്ടന്‍മാരാണ്…”
അതില്‍ മുതിര്‍ന്നയാള്‍ ക്ഷോഭിച്ചു. കുറച്ചു കാലമായി ക്രിസ്റ്റി അച്ഛന്റെ ഒഴിയാബാധയാണ്. രണ്ടു നിര്‍ബന്ധങ്ങള്‍. ഒന്ന്, ഏതോ സ്ത്രീയെ അവന്‍ അവിടെവച്ചു മിന്നുകെട്ടിയിട്ടുണ്ട്. അതു രേഖയാക്കികൊടുക്കണം. രണ്ട്, അവന് ആ സ്ത്രീയില്‍ ഒരു കുഞ്ഞുണ്ട്. അരിസ്റ്റോട്ടില്‍ ക്രിസ്റ്റി ജൂനിയര്‍. അതിന്റെ മാമ്മോദിസാരേഖ കൊടുക്കണം.
‘അച്ഛന്‍ വെള്ളക്കടലാസിലൊക്കെ എഴുതിക്കൊടുക്കാമെന്ന് പറഞ്ഞു.
പക്ഷേ, അവന്‍ സമ്മതിക്കണ്ടേ? അവസാനം അച്ഛന്‍ അവനെ ചീത്ത പറഞ്ഞോടിച്ചു. അതിന്റെ ദേഷ്യത്തിന് പിറ്റേന്ന് മുതല്‍ ഒരു കഥയുണ്ടാക്കി. മാമ്മോദീസ രേഖ തിരുത്തിയെന്ന്. ഏറെ കഴിഞ്ഞാണ് രാധികയുടെ തൊണ്ടയിലെ മരവിപ്പ് മാറിയത്.
‘എന്നിട്ട് ക്രിസ്റ്റി ഇപ്പോള്‍ എവിടെ?”
‘ഓ, അവന്‍ പിന്നെയും പൈങ്കുളത്താ.”
‘പൈങ്കുളത്തോ?”
‘അതേന്നേ. ഷോക്കടിപ്പിക്കാന്‍,’ ഇതാണ് ഞാന്‍ തുടര്‍ന്നെഴുതിയതെന്നും മീര പറഞ്ഞു.
ഇത് പ്രിയങ്ക ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. അതില്‍ അപകീര്‍ത്തികരമായി ഒന്നുമില്ലെന്ന് അതു പ്രസിദ്ധീകരിച്ച മാതൃഭൂമി പത്രാധിപസമിതിക്കും പുസ്തകപ്രസാധകര്‍ക്കും വായനക്കാര്‍ക്കും അറിവുള്ളതാണെന്നും കെ.ആര്‍. മീര പറഞ്ഞു.
Content Highlight: KR Meera’s suggetions for Congress