| Friday, 16th June 2023, 8:02 pm

കെ.ആര്‍. മീരയാണ് എന്നെ എഴുത്തുകാരനാക്കിയത്: സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കെ.ആര്‍. മീര കാരണമാണ് താന്‍ എഴുത്തുകാരനായതെന്ന് നടന്‍ സലിംകുമാര്‍. തന്റെ ആദ്യപുസ്തകമായ ‘ഈശ്വരാ വഴക്കില്ലല്ലോ’ എന്ന സാമാഹാരത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോരമ ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരിക്കെ കെ.ആര്‍. മീരക്ക് പെട്ടെന്ന് വിദേശത്തേക്ക് പോകേണ്ടി വന്നത് കൊണ്ടാണ് തനിക്ക് എഴുതാനുള്ള അവസരം കിട്ടിയതെന്നും അവര്‍ക്കറിയില്ലെങ്കിലും മീരയാണ് എഴുത്തിന്റെ വഴിയില്‍ തന്റെ ഗുരുസ്ഥാനത്തുള്ളത് എന്നും സലിംകുമാര്‍ പറഞ്ഞു.

‘അച്ഛനുറങ്ങാത്ത വീട് സിനിമ ഇറങ്ങിയ സമയത്താണ് മനോരമ ആഴ്ചപ്പതിപ്പില്‍ പരസ്യത്തിന് വേണ്ടി ഒരു കോളം വരുന്നുണ്ടെന്ന് അറിഞ്ഞത്. ഒരു പേജ് തരാം എന്തെങ്കിലും എഴുതാന്‍ പറ്റുമോ എന്നായിരുന്നു ചോദിച്ചത്. എഴുതേണ്ട, ഞാന്‍ സംസാരിക്കുന്നത് അവര്‍ എഴുതിയെടുക്കുമായിരുന്നു. അങ്ങനെ അച്ഛനുറങ്ങാത്ത വീട് എന്ന പേരില്‍ മനോരമയില്‍ എന്റെ പേരില്‍ എഴുത്ത് പ്രസിദ്ധീകരിച്ചു വരാന്‍ തുടങ്ങി.

നാല് ലക്കം കഴിഞ്ഞപ്പോള്‍ എനിക്ക് മടുത്തു. ഞാന്‍ അവരോട് പറഞ്ഞു, ഞാന്‍ എഴുതാം, എനിക്ക് എഴുതാന്‍ അറിയാം എന്ന്. അത് നടക്കില്ലെന്ന് അവര്‍ പറഞ്ഞു. സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ ആഴ്ചയില്‍ എഴുതിക്കിട്ടില്ലെന്നായിരുന്നു അവരുടെ പേടി. എം.എസ്.ദിലീപായിരുന്നു അത് എഴുതിക്കൊണ്ടിരുന്നത്. അദ്ദേഹവും പറഞ്ഞു, അത് നടക്കില്ലെന്ന്. അങ്ങനെ നാല് ലക്കത്തോട് കൂടി ഞാനത് നിര്‍ത്താന്‍ തീരുമാനിച്ചതായിരുന്നു.

ആയിടക്കാണ് എം.എസ്. ദിലീപിന്റെ പങ്കാളിയായ കെ.ആര്‍. മീരക്ക് പുറത്തേക്ക് എവിടെയോ ഒരു മാസത്തേക്ക് പോകേണ്ടി വന്നത്. അതോടെ ഇത് എഴുതാന്‍ ആളില്ലാതായി. അന്ന് എം.എസ്. ദിലീപ് എന്നോട് തന്നെ എഴുതാന്‍ പറയുകയായിരുന്നു. അങ്ങനെ ഞാന്‍ എഴുതുകയും മനോരമക്ക് അയച്ച് കൊടുക്കുയും ചെയ്തു. അത് പ്രസിദ്ധീകരിക്കുകയും നല്ല അഭിപ്രായമുണ്ടാകുകയും ചെയ്തു. അങ്ങനെ കെ.ആര്‍. മീരയാണ് എന്നെ ഒരു എഴുത്തുകാരനാക്കുന്നത്. കെ.ആര്‍. മീരക്കാണ് എന്റെ ഗുരുസ്ഥാനം. മീരക്ക് പക്ഷെ അത് അറിയില്ലായിരിക്കാം. ദിലീപിനറിയുമായിരിക്കും ഈ കഥകളൊക്കെ.


അന്ന് തുടങ്ങിയ എഴുത്താണ്. മനോരമ ആഴ്ചപ്പതിപ്പിന് വേണ്ടി 39 ലക്കങ്ങളില്‍ അച്ഛനുറങ്ങാത്ത വീട് എന്ന പേരില്‍ എഴുതി. അതിന് ശേഷം അതുതന്നെ നാനയില്‍ കൊടുത്തു. പിന്നീട് ഡി.സി.യും മാതൃഭൂമിയുമൊക്കെ ഒരു പുസ്തകമെഴുതണമെന്ന് പറഞ്ഞുകൊണ്ട് എന്നെ സമീപിച്ചു. അങ്ങനെ ഞാന്‍ എഴുതിത്തുടങ്ങി. അഭിപ്രായം പറയാന്‍ വേണ്ടി മനോരമയിലെ സുഹൃത്തായ ജയചന്ദ്രന് വായിക്കാന്‍ കൊടുത്തിരുന്നു. അദ്ദേഹമാണ് പറഞ്ഞത്, മറ്റെവിടെയും കൊടുക്കേണ്ട മനോരമയില്‍ പ്രസിദ്ധീകരിക്കാമെന്ന്.

സലിംകുമാര്‍

അങ്ങനെ മനോരയമയുടെ സണ്‍ഡേ സപ്ലിമെന്റിന്‍ പതിനാലോ പതിനഞ്ചോ ലക്കങ്ങളായി അത് പ്രസിദ്ധീകരിച്ചു. അതാണിപ്പോള്‍ പുസ്തകരൂപത്തിലാക്കിയിരിക്കുന്നത്. പുസ്തകത്തിലുള്ള 23 അധ്യായങ്ങളില്‍ 15 എണ്ണം നേരത്തെ പ്രസിദ്ധീകരിച്ചതാണ്. 8 എണ്ണമാണ് പുതിയതായിട്ടുള്ളത്,’ സലിംകുമാര്‍ പറഞ്ഞു.

മനോരമ ആഴ്ചപ്പതിപ്പിലും മലയാള മനോരമ ദിനപത്രത്തിന്റെ ഞായറാഴ്ചകളിലെ പ്രത്യേക പതിപ്പുകളിലും പ്രസിദ്ധീകരിച്ച സലിംകുമാറിന്റെ അനുഭവ കഥകളുടെയും, പുതിയതായി അദ്ദേഹം എഴുതിയ ചില കുറിപ്പുകളുടെയും സമാഹാരമാണ് ‘ഈശ്വരാ വഴക്കില്ലല്ലോ’. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ വെച്ചായിരുന്നു പുസ്തകത്തിന്റെ പ്രകാശനം. പ്രകാശന ചടങ്ങില്‍ നടന്‍മാരായ കുഞ്ചാക്കോ ബോബന്‍, രമേഷ് പിഷാരടി, ധര്‍മജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: KR Meera made me a writer: Salimkumar

We use cookies to give you the best possible experience. Learn more