| Saturday, 23rd February 2019, 8:11 pm

'പോ മോനേ ബാല രാമാ, തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു ഉപദേശിക്കുക'; ഭാവി സാഹിത്യനായകര്‍ക്കുള്ള നിര്‍ദ്ദേശവുമായി കെ.ആര്‍‍ മീര 

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഭാവി സാഹിത്യ നായകര്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി കെ.ആര്‍ മീര. ഒരു പാര്‍ട്ടിയും സഹായത്തിന് വരില്ലെന്നും വായനക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും ഓര്‍ക്കണമെന്ന് മീര പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മീരയുടെ പ്രതികരണം.

വി.ടി ബല്‍റാം എം.എല്‍.എയെ പരോക്ഷമായി വിമര്‍ശിച്ചാണ് പോസ്റ്റ്. എഴുത്തു മുടങ്ങാതിരിക്കാന്‍ പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി വന്നാല്‍, നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍, ഓര്‍മ്മ വയ്ക്കുക ഒരു പാര്‍ട്ടിയും സഹായത്തിന് വരില്ലെന്നും വായനക്കാര്‍ മാത്രമേ ഉണ്ടാവുകയുള്ളുവെന്നും മീരയുടെ പോസ്റ്റില്‍ പറയുന്നു.

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട് എന്നു വ്യക്തമായിക്കഴിഞ്ഞാല്‍, ഇവരെല്ലാം വരുമെന്നും  മീര പറഞ്ഞു.

Also Read  കല്യാട്ടേക്ക് സി.പി.ഐ.എമ്മുകാര്‍ പ്രവേശിക്കരുതെന്ന് കോണ്‍ഗ്രസ്; നേതാക്കളെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍. ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍. കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.
പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍ എന്നും കെ. ആര്‍ മീര പറഞ്ഞു.

ഇത്തരത്തില്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ രണ്ട് മാര്‍ഗങ്ങളാണ് ഉള്ളതെന്നും ഒന്ന് മിണ്ടാതിരുന്ന് നല്ല കുട്ടിയാവുക എന്നും അല്ലെങ്കില്‍  അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക എന്നും മീരയുടെ പോസ്റ്റില്‍ പറയുന്നു.

കാസര്‍ഗോഡ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു വി.ടി ബല്‍റാം വിമര്‍ശനം ഉന്നയിച്ചത്
കേരളത്തിലെ സാംസ്‌കാരിക നായകന്‍മാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ സി.പി.ഐ.എമ്മിന് സ്തുതി പാടുകയാണെന്നും കപട സാംസ്‌കാരിക നായകന്‍മാരെ, ഇപ്പോള്‍ യഥാര്‍ഥ നായകരെ സാംസ്‌കാരിക കേരളം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്നും ബല്‍റാം പറഞ്ഞിരുന്നു.

കെ.ആര്‍ മീരയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

പ്രിയപ്പെട്ട ഭാവി- സാഹിത്യ നായികമാരേ,

എഴുത്തു മുടങ്ങാതിരിക്കാന്‍
പെട്ടെന്ന് ഒരു ദിവസം ജോലി രാജിവയ്‌ക്കേണ്ടി വന്നാല്‍,

നാളെ എന്ത് എന്ന ഉല്‍ക്കണ്ഠയില്‍ ഉരുകിയാല്‍,

ഓര്‍മ്മ വയ്ക്കുക-

ഒരു കോണ്‍ഗ്രസ് പാര്‍ട്ടിയും നിങ്ങള്‍ക്കു പേനയും കടലാസും എത്തിക്കുകയില്ല.

ഒരു ഹിന്ദു ഐക്യവേദിയും എസ്.ഡി.പി.ഐയും വീട്ടുചെലവിനു കാശെത്തിക്കുകയില്ല.

സി.പി.എമ്മും സി.പി.ഐയും ദുരിതാശ്വാസ കിറ്റ് കൊടുത്തുവിടുകയില്ല.

കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും തിരിഞ്ഞു നോക്കുകയില്ല.

നായന്‍മാര്‍ പത്രം കത്തിക്കുകയോ പ്രതിഷേധസംഗമം നടത്തുകയോ ഇല്ല.

അന്നു നിങ്ങളോടൊപ്പം വായനക്കാര്‍ മാത്രമേ ഉണ്ടാകുകയുള്ളൂ.

ഓരോ കഥയായി നിങ്ങളെ കണ്ടെടുക്കുന്നവര്‍.

ഓരോ പുസ്തകമായി നിങ്ങളെ കൈപിടിച്ചു നടത്തുന്നവര്‍.

നിങ്ങള്‍ക്കു ശക്തി പകരുന്നവര്‍. വീണു പോകാതെ താങ്ങി നിര്‍ത്തുന്നവര്‍.

ഒരു നാള്‍,

നിങ്ങളുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ വായനക്കാരുണ്ട്
എന്നു വ്യക്തമായിക്കഴിഞ്ഞാല്‍,

-അവര്‍ വരും.

നിങ്ങളെന്തു പറയണമെന്നു നിശ്ചയിക്കാന്‍ വാഴത്തടയുമായി ചിലര്‍.

എന്തു പറയരുതെന്നു ഭീഷണിപ്പെടുത്താന്‍ മതചിഹ്നങ്ങളുമായി ചിലര്‍.

ചോദ്യം ചെയ്താല്‍ തന്തയ്ക്കു വിളിച്ചു കൊണ്ട് മറ്റു ചിലര്‍.

കയ്യേറ്റം ചെയ്യുന്നവരും ആളെ വിട്ടു തെറിവിളിപ്പിക്കുന്നവരുമായി ഇനിയും ചിലര്‍.

പത്രം കത്തിക്കുകയും സോഷ്യല്‍ മീഡിയയില്‍ അവഹേളിക്കുകയും ചെയ്തു കൊണ്ടു വേറെ ചിലര്‍.

അതുകൊണ്ട്, പ്രിയ ഭാവി -സാഹിത്യ നായികമാരേ,

നിങ്ങള്‍ക്കു മുമ്പില്‍ രണ്ടു വഴികളുണ്ട്.

ഒന്നുകില്‍ മിണ്ടാതിരുന്ന് മേല്‍പ്പറഞ്ഞവരുടെ നല്ല കുട്ടിയാകുക.

അല്ലെങ്കില്‍ ഇഷ്ടം പോലെ മിണ്ടുക.

അധിക്ഷേപിക്കുന്നവരോട്
പോ മോനേ ബാല – രാമാ,
പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ
എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.

DoolNews Video

We use cookies to give you the best possible experience. Learn more