കോഴിക്കോട്: സ്ത്രീകളെ അധിക്ഷേപിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിച്ചുള്ള പ്രസ്താവനയിലും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ എഴുത്തുകാരി കെ.ആര്‍ മീര. പെണ്ണുങ്ങളേക്കാള്‍ മോശം” എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് പെണ്ണുങ്ങളെയല്ല, ആക്ടിവിസ്റ്റുകളായ പെണ്ണുങ്ങളെയാണ് എന്നു വ്യക്തമാക്കിയ സുധാകരന്‍ ഉദ്ദേശിച്ചത് അരുണ റോയി, മേധ പട്കര്‍, മഹാശ്വേതാദേവി, വന്ദന ശിവ, സി.കെ. ജാനു, ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവരെയാണെന്ന് മീര പറഞ്ഞു.
എം.എം.മണി, പി.സി. ജോര്‍ജ് തുടങ്ങിയവരേക്കാള്‍ ആണത്തം കൂടുതലാണു കെ. സുധാകരനെന്നും അതുകൊണ്ട് അദ്ദേഹം ഇന്ന് തന്റെ നിലപാടു തിരുത്തിയെന്നും മീര ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.
“എം.എം.മണി, പി.സി. ജോര്‍ജ് തുടങ്ങിയവരേക്കാള്‍ ആണത്തം കൂടുതലാണു കെ. സുധാകരന്. അതുകൊണ്ട് അദ്ദേഹം ഇന്ന് തന്റെ നിലപാടു തിരുത്തി. “പെണ്ണുങ്ങളേക്കാള്‍ മോശം” എന്ന പ്രയോഗത്തിലൂടെ താന്‍ ഉദ്ദേശിച്ചത് പെണ്ണുങ്ങളെയല്ല, ആക്ടിവിസ്റ്റുകളായ പെണ്ണുങ്ങളെയാണ് എന്നു വ്യക്തമാക്കിയിട്ടുണ്ട്. അതായത്, കെ. സുധാകരന്‍ ഉദ്ദേശിച്ചത് അരുണ റോയി, മേധ പട്കര്‍, മഹാശ്വേതാദേവി, വന്ദന ശിവ, സി.കെ. ജാനു, ടീസ്റ്റ സെതല്‍വാദ് തുടങ്ങിയവരെയാണ്. അല്ലാതെ പുത്തൂരം വീട്ടിലെ ഉണ്ണിയാര്‍ച്ചയെ അല്ല. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി മുതല്‍പേരെ അല്ലേയല്ല” മീര പരിഹസിച്ചു.
കഴിഞ്ഞദിവസം കാസര്‍കോട് നടത്തിയ പ്രസംഗത്തിലായിരുന്നു കെ. സുധാകരന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. “ഇരട്ടച്ചങ്കന്‍ മുച്ചങ്കന്‍ എന്നൊക്കെ പറഞ്ഞ് സി.പി.ഐ.എമ്മിന്റെ ആളുകള്‍ മുഖ്യമന്ത്രിയെ പൊക്കിയടിക്കുമ്പോള്‍ ഞങ്ങളുമൊക്കെ വിചാരിച്ചു, പിണറായി വിജയന്‍ മുഖ്യമന്ത്രിയായാല്‍ ആണുങ്ങളെപ്പോലെ എന്തെങ്കിലും ചെയ്യുമെന്ന്. പക്ഷേ ആണുങ്ങളെപ്പോലെ ചെയ്തില്ലെന്ന് മാത്രമല്ല പെണ്ണുങ്ങളേക്കാള്‍ മോശമായി എന്നതാണ് യാഥാര്‍ത്ഥ്യം കൊണ്ട് നമുക്ക് മനസിലാവുന്നത്. ഒരു വിവരമില്ലാത്തൊരു ഭരണാധികാരിയുടെ നിലവാരത്തിലേക്കുപോലും മുഖ്യമന്ത്രിയെത്തി. ” എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം
പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി നരവധിയാളുകള്‍ രംഗത്തെത്തിയതോടെയാണ് കെ.സുധാകരന്‍ ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ ഖേദം പ്രകടിപ്പിക്കുമ്പോള്‍ ഉപയോഗിച്ച പ്രയോഗവും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.