കൂമന്‍ 2ന് സാധ്യതയുണ്ട്; രണ്ടാം ഭാഗത്തിനുള്ള സമ്മര്‍ദം ഉണ്ടായിരുന്നു: കെ.ആര്‍. കൃഷ്ണ കുമാര്‍
Entertainment
കൂമന്‍ 2ന് സാധ്യതയുണ്ട്; രണ്ടാം ഭാഗത്തിനുള്ള സമ്മര്‍ദം ഉണ്ടായിരുന്നു: കെ.ആര്‍. കൃഷ്ണ കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th August 2024, 10:30 pm

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ 2022ല്‍ എത്തിയ ചിത്രമാണ് കൂമന്‍. ആസിഫ് അലി നായകനായി എത്തിയ ഈ മിസ്റ്ററി ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് കെ.ആര്‍. കൃഷ്ണ കുമാറായിരുന്നു. ആസിഫിന് പുറമെ രണ്‍ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, ബാബുരാജ്, ഹന്ന റെജി കോശി, മേഘനാഥന്‍ തുടങ്ങിയ മികച്ച താരനിരയും കൂമനില്‍ ഒന്നിച്ചിരുന്നു.

സി.പി.ഒ. ഗിരി ശങ്കറായാണ് ചിത്രത്തില്‍ ആസിഫ് അലി എത്തിയത്. ഇപ്പോള്‍ കൂമന്റെ സീരീസിലെ അടുത്ത ചിത്രം എന്ന് വരും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് തിരക്കഥാകൃത്ത് കെ.ആര്‍. കൃഷ്ണ കുമാര്‍. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂമന്റെ സീരീസിലെ അടുത്ത ചിത്രത്തെ കുറിച്ചൊന്നും തങ്ങള്‍ ആലോചിച്ചിട്ടില്ലെന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.

‘കൂമന്റെ സീരീസിലെ അടുത്ത ചിത്രത്തെ കുറിച്ചൊന്നും ഞങ്ങള്‍ ആലോചിച്ചിട്ടില്ല. കൂമന്‍ കഴിഞ്ഞ സമയത്ത് അതിന്റെ രണ്ടാം ഭാഗത്തിനുള്ള സമ്മര്‍ദം ഉണ്ടായിരുന്നു. പക്ഷെ അതിന് പറ്റിയ കഥ വരണമല്ലോ. അല്ലാതെ രണ്ടാം ഭാഗം ഉണ്ടാക്കാന്‍ വേണ്ടി മാത്രം ഒരു കഥ ചെയ്തിട്ട് കാര്യമില്ലല്ലോ. കൂമന്റെ അടുത്ത ഭാഗത്തിന് നല്ല സാധ്യതകളുണ്ട്.

കൂമന്‍ എന്ന ഒരു സിനിമ കൊണ്ട് നമ്മള്‍ ഉണ്ടാക്കി വെച്ച പേരിന് യാതൊരു കുഴപ്പം വരാത്ത കഥ കിട്ടണം. അങ്ങനെയൊരു കഥ കിട്ടിയാല്‍ ചെയ്യാവുന്നതാണ്. കാരണം ആ സിനിമയുടെ അടുത്ത പാര്‍ട്ടിനുള്ള സാധ്യത അതിലെ ക്യാരക്ടറൈസേഷനാണ്. അതിനെ വേണമെങ്കില്‍ മറ്റൊരു രീതിയില്‍ ഉപയോഗിക്കാവുന്നതാണ്. അതിന് പറ്റുന്ന പ്ലോട്ടാണ് വേണ്ടത്. നല്ല പ്ലോട്ട് കിട്ടിയാല്‍ കൂമന്‍2 ആലോചിക്കാം,’ കെ.ആര്‍. കൃഷ്ണ കുമാര്‍ പറഞ്ഞു.


Content Highlight: KR Krishna Kumar Talks About Kooman2