| Wednesday, 4th September 2019, 6:14 pm

പ്രചരിക്കുന്ന പോസ്റ്റുകള്‍ ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയതെന്ന് കള്ളം പറഞ്ഞ് കെ.ആര്‍ ഇന്ദിര; ഡിലീറ്റ് ചെയ്യാന്‍ മറന്ന കമന്റുകള്‍ ഇപ്പോഴും ഫേസ്ബുക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മതസ്പര്‍ധ പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റും കമന്റും തന്റേതല്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്നത് ഫോട്ടോഷോപ്പില്‍ ഉണ്ടാക്കിയതാണെന്നും കള്ളം പറഞ്ഞ് കെ.ആര്‍ ഇന്ദിര. ഫൗലാദ് എടവന എന്നയാളുടെ ഫേസ്ബുക്ക് പോസറ്റിനടിയില്‍ ഇന്ദിരയിട്ട കമന്റ് ഇപ്പോഴും ഡിലീറ്റ് ചെയ്യാതെ കിടക്കുന്നുണ്ട്. സ്വന്തം ടൈംലൈനിലുള്ള വിവാദ പോസ്റ്റുകള്‍ ഇന്ദിര ഇപ്പോള്‍ മറച്ചുവെച്ചിരിക്കുകയാണ്.

‘അതില്‍ സംശയമോ തര്‍ക്കമോ ഇല്ലേയില്ല. താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍’ എന്ന കമന്റാണ് അവശേഷിക്കുന്നത്.

അഴിമുഖം ഓണ്‍ലൈനിനോടാണ് സോഷ്യല്‍ മീഡിയയിലൂടെ താന്റെ കമന്റുകളായി പ്രചരിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളൊന്നും തന്റേതല്ലെന്നും കെ.ആര്‍ ഇന്ദിര അവകാശപ്പെട്ടത്.

താന്‍ കേസിനെ കുറിച്ച് മാധ്യമങ്ങളില്‍ കൂടി മാത്രമാണ് അറിഞ്ഞത് എന്നും തന്റെ പേരില്‍ വ്യാജമായി സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ താനും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ അഴിമുഖത്തോട് പറഞ്ഞിട്ടുണ്ട്.

‘ഞാന്‍ ഒരു പോസ്റ്റിലും മറുപടി നല്‍കിയിട്ടില്ല, അതോകെ അവര്‍ ഉണ്ടാക്കിയതാണ്”, ഇന്ദിര പറയുന്നു. ഇന്ത്യയില്‍ ജനസംഖ്യ ഒരു പ്രശ്നമാണെന്നും അത് നിയന്തിക്കണം എന്നത് താന്‍ നിരന്തരം പറയുന്ന കാര്യമാണെന്നും അത് പറയുക മാത്രമാണ് താന്‍ ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞതെന്നുമാണ് കെ.ആര്‍ ഇന്ദിര അഴിമുഖത്തോട് പറഞ്ഞത്.

എഴുത്തുകാരിയും ആകാശവാണി ഡയറക്ടറുമായ കെ.ആര്‍ ഇന്ദിരയ്ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. കൊടുങ്ങല്ലൂര്‍ പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ജാമ്യമില്ല വകുപ്പായ ഐപിസി 153 എ പ്രകാരവും, സാമൂഹ്യ മാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപരമായ പ്രചാരണം നടത്തിയതിന് 120 ഒ വകുപ്പ് പ്രകാരവുമാണ് കേസ്.

We use cookies to give you the best possible experience. Learn more