വംശീയ അധിക്ഷേപ പരാമര്‍ശം നടത്തിയ എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെതിരെ പൊലീസിന് നിരവധി പരാതികള്‍. കൊടുങ്ങല്ലൂരിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിപിന്‍ ദാസ്, സാമൂഹ്യപ്രവര്‍ത്തക ഡോ. രേഖ രാജ് എന്നിവരടക്കം നിരവധി പേരാണ് പരാതി നല്‍കിയിട്ടുള്ളത്.
അസമിലെ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്കെതിരെയാണ് ഇന്ദിര വംശീയ അധിക്ഷേപം നടത്തിയത്. നേരത്തെയും ഇന്ദിര ഫേസ്ബുക്കിലൂടെ വംശീയ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിനായകന് നല്‍കിയത് സമൂഹത്തില്‍ വിഭജനം നടത്താന്‍ വേണ്ടിയായിരുന്നു എന്നായിരുന്നു അതിലൊന്ന്.
‘വല്ലപ്പോഴും ഒന്ന് മുഖം കാട്ടിയ ഗംഗയെ വല്ലപാടും അവതരിപ്പിച്ച വിനായകന് അവാര്‍ഡ് കൊടുക്കേണ്ട കാര്യമൊന്നും ഞാന്‍ കണ്ടില്ല. സവര്‍ണ്ണര്‍ അവര്‍ണ്ണര്‍ എന്ന് വിഭജിച്ച് തമ്മിലടിപ്പിക്കാനുള്ള രാഷ്ട്രീയ തന്ത്രം എന്ന് ഈ അവാര്‍ഡിനെ ഞാന്‍ മനസ്സിലാക്കുന്നു. ആ നിലയ്ക്ക് അത് വളരെ നല്ല നടപടിയാണ്’ എന്നായിരുന്നു ഇന്ദിരയുടെ പരാമര്‍ശം. വിനായകനെതിരെയുള്ള പരാമര്‍ശമടക്കം നിരവധി പരാമര്‍ശങ്ങളാണ് പലപ്പോഴായി ഇന്ദിര നടത്തിയിട്ടുള്ളത്.
ഇന്ദിര കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും കമന്റ് ചെയ്തതുമായ ചില പരാമര്‍ശങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചില മത രാഷ്ട്രീയ വിഭാഗങ്ങള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമാണെന്ന് ഇന്ദിരക്കെതിരെ വിപിന്‍ ദാസ് നല്‍കിയ പരാതിയില്‍ പറയുന്നു.
‘ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ .പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം’ എന്നായിരുന്നു പോസ്റ്റ്.
ഇന്ദിരയുടെ പോസ്റ്റില്‍ പ്രതിഷേധിച്ചുകൊണ്ട് മറ്റൊരാള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് താഴെ
‘താത്തമാര്‍ പന്നി പെറും പോലെ പെറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചെടുക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമി രക്ഷപ്പെടാന്‍ ‘എന്നും ഇന്ദിര കമന്റ് ചെയ്യുകയായിരുന്നു.
ഇന്ദിരയുടെ പോസ്റ്റിനെതിരെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആകാശ വാണിയില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ കൂടിയാണ് ഇന്ദിര.