കോഴിക്കോട്: വനിതാമതിലിനെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ മുന്നണി പ്രവേശനത്തെക്കുറിച്ച് നിരന്തരം ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ദേഷ്യപ്പെട്ട് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. വേണ്ടാത്ത ചോദ്യം ചോദിക്കരുതെന്നും ഇതാണ് ചില പ്രസുകാരെ ഞാന്‍ തല്ലി വിടുന്നതെന്നും ഗൗരിയമ്മ പറഞ്ഞു.
ആലപ്പുഴയിലെ ചാത്തനാട്ടെ വീട്ടില്‍ മന്ത്രി ജി സുധാകരനും സിപിഐഎം നേതാക്കളും വനിതാമതിലിലേക്ക് ഗൗരിയമ്മയെ ക്ഷണിക്കാനെത്തിയപ്പോഴാണ് ഗൗരിയമ്മ നിരന്തരം ചോദ്യം ചോദിച്ച് ബുദ്ധിമുട്ടിച്ച മാധ്യമപ്രവര്‍ത്തകന് നേരെ തിരിഞ്ഞത്.
ജെ.എസ്.എസിനെ ഇടതുമുന്നണിയിലേക്ക് എടുക്കാനുളള അപേക്ഷ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് എടോ, വേണ്ടാത്ത ചോദ്യം ചോദിക്കരുത്. ഇതാണ് ചില പ്രസുകാരെ ഞാന്‍ തല്ലി വിടുന്നത്. പൊയ്ക്കോ…കൈയില്‍ ഇത് പിടിക്കാന്‍ വന്നാല്‍ പിന്നെ ഇടതുമുന്നണിയില്‍ എന്തെടുക്കാന്‍ പോണെന്ന ചോദ്യമേയുളളു. ഇടതുമുന്നണിയും ഞങ്ങളും ഇടിക്കാന്‍ പോകണൂ. അല്ലാതെന്താ എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.
വീണ്ടും മാധ്യമപ്രവര്‍ത്തകന്‍ ഒരുമിച്ച് പോകുന്നുണ്ടോയെന്നും ഇടതുമുന്നണിയുമായി സഹകരിച്ച് പോകുന്നുണ്ടല്ലേയെന്നും ചോദിച്ചപ്പോള്‍ അതിന് തനിക്കെന്താ എന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.
“ഒരുമിച്ച് പോകാതെ കൈ പിടിക്കാന്‍ പോകുമോ, തന്റെ പേരെന്താ?, അല്ല തന്റെ പേരെന്താ?. താന്‍ പോടോ, ഇത് മുന്നണി പ്രവേശനമാണോ വിഷയം, ആണോ, ഈ വിഷയം, എന്താണ് നാളെ?” ഗൗരിയമ്മ ചോദിച്ചു.
വനിതാ മതിലെന്ന് ഉത്തരം നല്‍കിയ മാധ്യമപ്രവര്‍ത്തകനോട് “എന്തിനാണ്, എന്തിനാ, സ്ത്രീകളുടെ അവകാശങ്ങള്‍ക്കാണ്. ഇപ്പോ വന്നിട്ട് നിങ്ങളെല്ലാം കൂടി വേറെ കാര്യം ചോദിക്കുന്നു. താനേത് പത്രമാണ്” എന്നും ഗൗരിയമ്മ ചോദിക്കുന്നു.
മറുപടി പറയാത്ത മാധ്യമപ്രവര്‍ത്തകനോട് വീണ്ടും രോഷത്തോടെ ഗൗരിയമ്മ താന്‍ ഏത് പത്രമാണെന്ന് ചോദിക്കുന്നു. എന്നിട്ടും ഉത്തരം പറയാതെ വന്നതോടെ കൈ ചൂണ്ടിക്കൊണ്ട് “പോടോ…, മിണ്ടിപ്പോകരുത്… ചോദ്യത്തിന് മറുപടി പറയാതെ നിന്നുകൊണ്ട് ചോദ്യം ചോദിക്കുന്നു” എന്നും പറഞ്ഞ് മുഖം തിരിച്ചു.
മന്ത്രി ജി സുധാകരന്‍ നേരിട്ടെത്തിയാണ് ഗൗരിയമ്മയെ വനിതാ മതിലിന് ക്ഷണിച്ചത്. സ്ത്രീ ശാക്തീകരണത്തിനുള്ള സര്‍ക്കാര്‍ ദൗത്യം പ്രശംസനീയമാണെന്നും ഗൗരിയമ്മ പ്രതികരിച്ചു. ആലപ്പുഴയിലാണ് ഗൗരിയമ്മ അണിചേരുന്നത്.
മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് താന്‍ വന്നതെന്ന ആമുഖത്തോടെയാണ് മന്ത്രി ജി സുധാകരന്‍ സംസാരിച്ചുതുടങ്ങിയത്. പറഞ്ഞുതീരുമുമ്പെ താന്‍ വനിതാമതിലിനൊപ്പമുണ്ടാകുമെന്ന് ഗൗരിയമ്മ മറുപടി നല്‍കി.