ആടുജീവിതത്തിൽ ഹക്കീമിന്റെ എഴുതാത്ത കഥകൾ താൻ എഴുതിയിട്ടുണ്ടെന്ന് നടൻ കെ.ആർ. ഗോകുൽ. ഹക്കീം എന്ന വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടായ ബാക് സ്റ്റോറികളാണ് താൻ എഴുതിയതെന്ന് ഗോകുൽ പറഞ്ഞു. ഒരാൾ ഒന്നുമില്ലാതെയാണ് ജനിക്കുന്നതെന്നും പിന്നീട് ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടാണ് ഒരു വ്യക്തി ആകുന്നതെന്നും ഗോകുൽ പറയുന്നുണ്ട്. അങ്ങനെയുള്ള ഒരുപാട് അനുഭവങ്ങൾ ഹക്കീമിനും ഉണ്ടായിട്ടുണ്ടാവുമെന്നും ഗോകുൽ റെഡ് എഫ്.എം മലയാളത്തോട് പറഞ്ഞു.
‘ഹക്കീമിന്റെ എഴുതാത്ത കഥകൾ ഞാൻ എഴുതിയിട്ടുണ്ട്. ബാക്ക് സ്റ്റോറികൾ. ഗോകുൽ എന്ന വ്യക്തി ജനിച്ചു. ജനിക്കുമ്പോൾ ഒന്നുമില്ലാതെയാണ് ജനിക്കുന്നത്. പിന്നെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടാണ് ഗോകുൽ ഈ രീതിയിൽ സംസാരിക്കുന്നത്. അതുപോലെതന്നെ അല്ലേ ഹക്കീമിന്റെയും, കുറെ കാര്യങ്ങൾ അവന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടാവില്ലേ.
അതുപോലെയുള്ള ഒരുപാട് കഥകൾ ഞാൻ ഉണ്ടാക്കിയെടുത്തു. കാമുകി ഉണ്ടായിരുന്നു. സിനിമയെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. അവൻ കണ്ട സിനിമകൾ ഏതാണ്, ഇഷ്ടപെട്ട പാട്ടുകൾ ഏതാണ് തുടങ്ങി ഒരുപാട് സ്റ്റോറുകൾ. അവൻ സൈക്കിളിന് വീണ കഥ. ഉമ്മ, ഉപ്പ, പിന്നെ അനിയത്തിയെ അടിക്കുന്നത്. ഇവരൊക്കെയുമായുള്ള ബോണ്ടിങ് എന്റെ മനസിൽ ആദ്യം കയറിയാൽ അല്ലെ പിന്നെ എനിക്ക് ആ പ്രതീക്ഷയുടെ വെട്ടം എനിക്ക് കാണിക്കാൻ പറ്റൂ,’ കെ.ആർ. ഗോകുൽ പറഞ്ഞു.
ആടുജീവിതം വായിച്ചപ്പോഴുള്ള അനുഭവവും ഗോകുൽ അഭിമുഖത്തിൽ പറയുന്നുണ്ട്. ‘ഒരു പുസ്തകം വായിക്കുമ്പോൾ അതെങ്ങനെ കാണണം എന്നുള്ള സ്വാതന്ത്ര്യം വായനക്കാരനാണല്ലോ. ഞാൻ വായിച്ച സമയത്തും ഞാൻ കണ്ട ഒരു ഹക്കീം ഉണ്ട്. അത് എന്റെ മനസിൽ ഉണ്ടായിരുന്നു. ബ്ലെസി സാർ കണ്ട ഹക്കിം ഉണ്ട്. ഈ രണ്ടുപേരുടെയും ഹക്കീമിന്റെ ഒരു കൂടിച്ചേരലാണ് നിങ്ങൾ സിനിമയിൽ കണ്ടത്.
ചിലപ്പോൾ ചില സാധനങ്ങൾ എഴുതി വെച്ചാൽ മതി. അതെങ്ങനെ കാണിക്കണം അതിന്റെ മാനറിസം എന്തെന്ന് നമ്മൾ തന്നെ ചെയ്യണം. കുറച്ചു അധികം ഹോം വർക്ക് ആവശ്യമുണ്ട്. അതിനുവേണ്ടി എന്റേതായ രീതിയിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്,’ കെ.ആർ. ഗോകുൽ പറയുന്നു.
Content Highlight: KR Gokul about the backstories of hakim