| Friday, 5th December 2014, 10:33 am

ജെ.എസ്.എസിനെ എല്‍.ഡി.എഫിലെടുത്തെന്ന് ഗൗരിയമ്മ, നിലപാട് വ്യക്തമാക്കാതെ വൈക്കം വിശ്വന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മ. ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം.

വ്യാഴാഴ്ച വൈകുന്നേരം ഗൗരിയമ്മയുടെ ആലപ്പുഴ ചാത്തനാട്ടുള്ള വസതിയില്‍ എത്തിയാണ് വൈക്കം വിശ്വന്‍ കൂടിക്കാഴ്ച നടത്തിയത്. അടച്ചിട്ട മുറിയില്‍ ഇരുവരുടെയും കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് മുന്നണി പ്രവേശം സംബന്ധിച്ച് ഗൗരിയമ്മ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

ജെ.എസ്.എസിനെ ഇടതുമുന്നണിയിലെടുത്ത കാര്യം അറിയിക്കാനാണ് തങ്കച്ചന്‍ എത്തിയത് എന്നായിരുന്നു ഗൗരിയമ്മയുടെ പ്രതികരണം. അടുത്ത എല്‍.ഡി.എഫ് യോഗത്തില്‍ ജെ.എസ്.എസ് പ്രതിനിധി പങ്കെടുക്കുമെന്നും ഗൗരിയമ്മ അറിയിച്ചു.

എന്നാല്‍ ജെ.എസ്.എസിനെ ഘടകകക്ഷിയാക്കുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ വൈക്കം വിശ്വന്‍ തയാറായില്ല. തുടര്‍ന്നും ജെ.എസ്.എസുമായി സഹകരണമുണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജെ.എസ്.എസിനെ ഘടകകക്ഷിയാക്കുമോയെന്ന ചോദ്യത്തോട് പിന്നീട് വേണ്ടപോലെ കൂടിയാലോചിച്ച് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച ജെ.എസ്.എസ് സ്വതന്ത്ര നിലപാട് സ്വീകരിച്ച് വരികയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ഇടതുമുന്നണിയുമായി ധാരണയിലത്തെിയ ജെ.എസ്.എസ് അവര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിരുന്നു.

എന്നാല്‍ മുന്നണി പ്രവേശം ആവശ്യപ്പെട്ട് ജെ.എസ്.എസ് എല്‍.ഡി.എഫ് നേതൃത്വത്തിന് നല്‍കിയ കത്ത് ഇതുവരെ പരിഗണിക്കപ്പെട്ടിരുന്നില്ല. സി.പി.ഐ.എമ്മിലേക്ക് ഗൗരിയമ്മയ്ക്ക് തിരിച്ചുവരാം എന്നാണ് സി.പി.ഐ.എം സ്വീകരിച്ച നിലപാട്. അങ്ങനെയെങ്കില്‍ തന്നോടൊപ്പമുള്ള നേതാക്കളേയും പ്രവര്‍ത്തകരേയും സി.പി.ഐ.എമ്മില്‍ എടുക്കണമെന്ന ഗൗരിയമ്മയുടെ പിടിവാശി മുന്നണി പ്രവേശം തടയുകയായിരുന്നു.

We use cookies to give you the best possible experience. Learn more