തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കുമ്മനം വര്‍ഗീയ ധ്രുവീകരണത്തിന്റെ വക്താവാണെന്നും ശുദ്ധരാഷ്ട്രീയത്തിന്റെ ആളല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാറാട് കലാപത്തിലും നിലയ്ക്കല്‍ സമരത്തിലുമാണ് കുമ്മനത്തെ കണ്ടിരിക്കുന്നതെന്നും സാമൂഹ്യ പ്രവര്‍ത്തന രംഗത്തൊന്നും കുമ്മനത്തെ കണ്ടിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
‘ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വ്യക്തിയെ നിങ്ങള്‍ കണ്ടതെവിടെയാണ്. ഒരിക്കലും ശുദ്ധ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തന രംഗത്തും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. അദ്ദേഹം ഈ രാജ്യത്തുണ്ടായിരുന്നത് ഹിന്ദു ധ്രൂവീകരണ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയില്‍ നിന്നുകൊണ്ടാണ്. അത് മാറാട് കലാപമാകട്ടെ അല്ലെങ്കില്‍ നിലക്കല്‍ സമരമാകട്ടെ.’ മുല്ലപ്പള്ളി പറഞ്ഞു.
വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ച മനുഷ്യനാണോ ലോക്‌സഭയിലേക്ക് പോകേണ്ടതെന്നും മുല്ലപ്പള്ളി ചോദിച്ചു. അനന്തപുരിയിലെ ആളുകളെ നിങ്ങള്‍ നിസ്സാരവല്‍ക്കരിക്കരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.