| Saturday, 7th December 2024, 2:56 pm

'Into The New World..' ഈ വരികള്‍ സൗത്ത് കൊറിയയുടെ പ്രതിഷേധ ഗാനമാകുന്നു

വി. ജസ്‌ന

17 വര്‍ഷം മുമ്പ് ഇറങ്ങിയ ഒരു പാട്ടിന്റെ വരികള്‍ മനപാഠമാക്കി തങ്ങളുടെ പ്രതിഷേധ ഗാനമായി മാറ്റുകയാണ് ഇന്ന് സൗത്ത് കൊറിയ. 2007 ഓഗസ്റ്റ് രണ്ടിനാണ് കെ-പോപ്പിലെ ഗേള്‍സ് ജനറേഷന്‍ എന്ന ഗ്രൂപ്പിന്റെ ആദ്യ ഗാനമായ ‘ഇന്‍ടു ദ ന്യൂ വേള്‍ഡ് (Into the New World)’ പുറത്തിറങ്ങുന്നത്.

2007 ഓഗസ്റ്റ് മാസത്തെ സൗത്ത് കൊറിയന്‍ ആല്‍ബങ്ങളുടെ ചാര്‍ട്ടില്‍ അഞ്ചാം സ്ഥാനത്തെത്തിയ ഈ ഗാനത്തിന്റെ 44,000 കോപ്പികളായിരുന്നു അന്ന് വില്‍ക്കപ്പെട്ടത്. റിലീസിന്റെ തുടക്കത്തില്‍ അത്ര വലിയ വിജയമായില്ലെങ്കിലും പിന്നീട് പാട്ടിന് വലിയ അംഗീകാരം ലഭിച്ചു.

ഐക്യത്തിനായും പ്രതിഷേധ സംസ്‌കാരത്തിനായും നിലനില്‍ക്കുന്ന ഗാനമായി സംഗീത നിരൂപകര്‍ ഇതിനെ അംഗീകരിച്ചു. പിന്നീട് പല സന്ദര്‍ഭങ്ങളിലും സൗത്ത് കൊറിയയുടെ പ്രതിഷേധ ഗാനമായി ‘ഇന്‍ടു ദ ന്യൂ വേള്‍ഡ്’ മുഴങ്ങി കേട്ടു.

2016ലാണ് ആദ്യമായി ഒരു പ്രതിഷേധത്തിന്റെ ഇടയില്‍ ഈ ഗാനം പ്രത്യക്ഷപ്പെടുന്നത്. അന്ന് സിയോളിലെ ഇവാ വുമണ്‍സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന്റെ വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. വിദ്യാര്‍ത്ഥികളെല്ലാം പൊലീസുകാര്‍ക്ക് മുന്നില്‍ നിന്ന് പാട്ടിലെ വരികള്‍ പാടി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.

അതിന് ശേഷം കൊറിയന്‍ സൈബര്‍ സെക്ഷ്വല്‍ വയലന്‍സ് റെസ്പോണ്‍സ് സെന്ററും കൊറിയന്‍ വിമന്‍ വര്‍ക്കേഴ്സ് അസോസിയേഷനും ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളുടെ ഫെമിനിസ്റ്റ് റാലിയിലും ആളുകള്‍ ഈ പാട്ടുപാടി പ്രതിഷേധിച്ചു. അന്ന് ഇക്വാലിറ്റി വിദ്വേഷമല്ലെന്നും ഫെമിനിസ്റ്റുകള്‍ ലോകത്തെ മാറ്റുമെന്നുമുള്ള ബാനറുകള്‍ പിടിച്ചായിരുന്നു സെന്‍ട്രല്‍ സോളില്‍ പ്രതിഷേധം നടന്നത്.

പിന്നീട് എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്കിടയിലും ‘ഇന്‍ടു ദ ന്യൂ വേള്‍ഡ്’ എന്ന പാട്ടിന് വലിയ സ്ഥാനം ലഭിച്ചു. സിയോളിലെ ക്വീര്‍ കള്‍ച്ചര്‍ ഫെസ്റ്റിവല്‍ പോലുള്ള പരിപാടികളിലും ഈ പാട്ട് കേട്ടു തുടങ്ങി.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ശേഷം സൈന്യത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ നിര്‍ബന്ധിതനായ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികനായ ബ്യൂണ്‍ ഹീ സൂവിന്റെ അനുസ്മരണ പരിപാടിയിലും പാട്ടിലെ വരികള്‍ ആലപിക്കപ്പെട്ടു. സൗത്ത് കൊറിയയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സൈനികനായ ബ്യൂണ്‍ 2021 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

അതേവര്‍ഷം ഗേള്‍സ് ജനറേഷനിലെ അംഗമായ ടിഫാനി എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിലെ അംഗങ്ങള്‍ക്കൊപ്പം ഈ പാട്ട് പാടുന്ന വീഡിയോ വൈറലായി. അതില്‍ ടിഫാനി പാട്ടിനൊത്ത് നൃത്തം ചെയ്യുന്നുമുണ്ട്.

കഴിഞ്ഞ നവംബര്‍ 11ന് ഡോങ്ഡുക്ക് വിമന്‍സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കോ-എഡ് വിദ്യാഭ്യാസ സമ്പ്രദായത്തിന് എതിരെ നടത്തിയ പ്രതിഷേധത്തിലും ഇതേ ഗാനം സ്ഥാനം പിടിച്ചു.

ഏറ്റവും അവസാനമായി കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് യുന്‍ സുക്-യോളിന്റെ രാജി ആവശ്യപ്പെട്ട് സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്രതിഷേധത്തില്‍ ഇന്‍ടു ദ ന്യൂ വേള്‍ഡ് ആലപിച്ചത്. പ്രസിഡന്റ് അപ്രതീക്ഷിതമായി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഈ പ്രതിഷേധം.

രാജ്യത്തെ പ്രതിപക്ഷ ശക്തികള്‍ അയല്‍രാജ്യമായ ഉത്തരകൊറിയയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതായും പാര്‍ലമെന്റ് നിയന്ത്രിക്കുന്നതായും ചൂണ്ടിക്കാട്ടിയായിരുന്നു യുന്‍ സുക്-യോള്‍ പട്ടാള നിയമം പ്രഖ്യാപിച്ചത്. എന്നാല്‍ നിയമ പ്രഖ്യാപനത്തിനെതിരെ രാജ്യവ്യാപകമായി യുന്‍ സുക്-യോളിനെതിരെ പ്രതിഷേധം ശക്തമായി. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന് അത് പിന്‍വലിക്കേണ്ടി വന്നു.

പ്രതിസന്ധികള്‍ക്കിടയില്‍ മുന്നേറാനും പുതിയൊരു ലോകത്തേക്ക് നീങ്ങാനുമാണ് ഇന്‍ടു ദ ന്യൂ വേള്‍ഡിന്റെ വരികള്‍ പറയുന്നത്.

‘Don’t wait for any special miracle
Our rough path in front of us
Might be an unknown future and challenge
But we can’t give up’

Content Highlight: Kpop Girl’s Generation’s Into The New World Song Becomes South Korea’s Protest Anthem

വി. ജസ്‌ന

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more