| Friday, 15th July 2022, 8:26 pm

ഭാഷയറിയാതെ മലയാളി പാടി നടന്ന ഈ ഗാനമാണ് ബി.ടി.എസിന്റെ വളര്‍ച്ചക്ക് അടിത്തറയായത്; ഗന്നം സ്‌റ്റൈലിന്റെ പത്ത് വര്‍ഷങ്ങള്‍

സഫല്‍ റഷീദ്

കൊറിയന്‍ പോപ്പ് എന്ന് കേട്ടാല്‍ ലോകത്താര്‍ക്കും ആദ്യം മനസിലേക്ക് കടന്നു വരുന്ന പേര് ഒരുപക്ഷെ ബി.ടി.എസ് ആയിരിക്കും.  ഇന്ന് കെ പോപ്പിന് ലോകത്ത് ലക്ഷക്കണക്കിന് കാഴ്ചക്കാരാണുള്ളത്. പക്ഷെ കെ പോപ്പ് എന്നും ബി.ടിഎസ് എന്നുമൊക്കെ ലോകം കേട്ട് തുടങ്ങുന്നതിന് മുമ്പ് ഭാഷാപോലും അറിയാതെ പലരും ഏറ്റെടുത്ത ഒരു ഗാനമുണ്ടായിരുന്നു. 2012 ജൂലൈ 15ന് ദക്ഷിണ കൊറിയന്‍ കോമേഡിയനും പോപ്പ് ഗായകനുമായ പാര്‍ക്ക്‌ജേ സാങ് എന്ന സൈ പുറത്തിറക്കിയ ഗന്നം സ്‌റ്റൈല്‍.

ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍ സമ്പന്നര്‍ പാര്‍ക്കുന്ന ഗാങ്ണം പ്രദേശത്തെ ഉപഭോഗ സംസ്‌കാരത്തെ വിമര്‍ശിച്ചു കൊണ്ട് എന്തെങ്കിലും ചെയ്യണം എന്ന ആശയത്തില്‍ നിന്നാണ് ഗന്നം സ്‌റ്റൈല്‍ എന്ന ഗാനം പിറവിയെടുക്കുന്നത്.

അങ്ങനെ ഒരു പോപ്പ് ഗാനം ചിട്ടപെടുത്തി സമ്പന്നര്‍ ബീച്ചിലും പാര്‍ക്കിലുമൊക്കെ ധരിക്കുന്ന തരത്തിലുള്ള വേഷങ്ങളും ഗ്ലാസുമൊക്കെ അണിഞ്ഞ് സൈ തന്നെ ഒരു വീഡിയോ ഷൂട്ട് ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ ഗാനം കൊറിയയില്‍ ശ്രദ്ധിക്കപ്പെടും എന്നായിരുന്നു സൈ കരുതിയിരുന്നത്. എന്നാല്‍ ഗാനം ലോകം മുഴുവന്‍ വൈറലായി മാറുന്ന കാഴ്ചയാണ് സൈ പിന്നീട് കണ്ടത്. യൂട്യൂബില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗന്നം സ്‌റ്റൈല്‍ ഇന്റര്‍നെറ്റില്‍ ഒന്നാകെ വൈറലായി മാറി.

മലയാളികളുടെ ഇടയിലും അക്കാലത്ത് ഗാനം ഉണ്ടാക്കിയ ഓളം ചില്ലറയല്ല. ഗാനം ഏത് ഭാഷയിലുള്ളതാണെന്ന് അറിയാതെ കണ്ടവരാണ് നിരവധി മലയാളികള്‍. അത് തന്നെയായിരുന്നു ഗന്നം സ്‌റ്റൈലിന്റെ ജനപ്രീതി എത്ര മാത്രമായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവ്.

സ്‌കൂള്‍, കോളേജ് ക്യാമ്പസ് അങ്ങനെ ഗന്നം സ്‌റ്റൈല്‍ അക്കാലത്ത് കേരളത്തില്‍ ഒന്നാകെ നിറഞ്ഞു നിന്നു.

കേരളത്തിലെ ഈ തരംഗം ലോകം മുഴുവന്‍ ദൃശ്യമായിരുന്നു. പില്‍ക്കാലത്ത് ബി.ടി.എസ് പോലും നേടിയെടുത്ത ജനപ്രീതിക്ക് മുഖ്യ പങ്കുവഹിച്ചത് ഗന്നം സ്‌റ്റൈലാണ്. നിരവധി അവാര്‍ഡുകളും ഗന്നം സ്‌റ്റൈല്‍ നേടിയിരുന്നു.

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോയായി ഗന്നം സ്‌റ്റൈല്‍ മാറി. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ വീഡിയോ എന്ന റെക്കോഡും ഗാനത്തിന് ലഭിച്ചു. ആദ്യമായി 100 കോടി കാഴ്ചകാരെ നേടിയാണ് ഗന്നം സ്‌റ്റൈല്‍ മറ്റൊരു റെക്കോഡ് ഇട്ടത്.

2012ലെ എം.ടി.വി യൂറോപ്പ് മ്യൂസിക് അവര്‍ഡ്‌സില്‍ ആ വര്‍ഷത്തെ മികച്ച വീഡിയോക്കുള്ള അവാര്‍ഡും ഗന്നം സ്‌റ്റൈലിന് ലഭിച്ചു. 400 കോടി കാഴ്ചക്കാരാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം യൂട്യൂബില്‍ ഗന്നം സ്‌റ്റൈലിനുള്ളത്. 25 മില്യണിലധികം ലൈക്കുമുണ്ട്.

കെ പോപ്പ് ലോകം മുഴുവന്‍ കീഴടക്കുമ്പോള്‍ അതിനെല്ലാം വിത്തുപാകിയ ഗന്നം സ്‌റ്റൈലിന്റെ പത്ത് വര്‍ഷങ്ങള്‍ കൂടി ആഘോഷിക്കുകയാണ് ലോകം.

Content Highlight : Kpop Celebrating 10 years of Gannam Style by Park Jae-sang psy

സഫല്‍ റഷീദ്

We use cookies to give you the best possible experience. Learn more