ഒക്ടോബര്‍ 10നായിരുന്നു സൗത്ത് കൊറിയയിലെ 2023 ഫാക്റ്റ് മ്യൂസിക് അവാര്‍ഡുകളുടെ വിതരണ ചടങ്ങ്. ഇഞ്ചിയോണിലെ നംഡോംഗ് ജിംനേഷ്യമായിരുന്നു വേദി. ഇത്തവണത്തെ അവാര്‍ഡ് വിതരണ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം റെക്കോഡ് തിരുത്തി കുറിക്കാന്‍ കൊറിയയിലെ ഏറ്റവും ആരാധകരുള്ള ബി.ടി.എസിന് സാധിച്ചു.
ഒരു ഗ്രൂപ്പെന്ന നിലയില്‍ അവര്‍ ‘ഫാന്‍ എന്‍ സ്റ്റാര്‍ ചോയ്‌സ് (fan n star choice)’ അവാര്‍ഡ് നേടി. അവരുടെ പത്താം ആനിവേഴ്‌സറി ട്രാക്കായ ‘ടേക്ക് ടു (take two)’ മികച്ച സമ്മര്‍ മ്യൂസിക് അവാര്‍ഡും നേടി. ഏറ്റവും കൂടുതല്‍ വോട്ട് നേടിയ ആര്‍ട്ടിസ്റ്റ് വിഭാഗത്തിലും ബി.ടി.എസ് വിജയിച്ചു. ഐഡിയല്‍ പ്ലസ് പോപ്പുലാരിറ്റി അവാര്‍ഡ് ജിമിന്‍ സ്വന്തമാക്കി. മികച്ച മ്യൂസിക് ഫാള്‍ അവാര്‍ഡ് വി (v) നേടി.
ബി.ടി.എസ് ഇപ്പോള്‍ വ്യക്തിഗത കരിയര്‍ പിന്തുടരുന്നതിന് വേണ്ടിയുള്ള ഇടവേളയിലാണെങ്കിലും ബി.ടി.എസ് ആര്‍മി (ആരാധകര്‍) തങ്ങളുടെ പ്രിയപ്പെട്ട ഗ്രൂപ്പിന് വേണ്ടി വോട്ട് ചെയ്തിരുന്നു.
ബി.ടി.എസിന്റെ അഭാവത്തില്‍ അവരുടെ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് വലിയ സന്തോഷമുള്ള വാര്‍ത്തയാണ്. എങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഫാക്റ്റ് മ്യൂസിക് അവാര്‍ഡിലെ ഗ്രാന്‍ഡ് പ്രൈസായ ‘ദേസാങ്ങ്’ ബി.ടി.എസിനായിരുന്നു ലഭിച്ചിരുന്നത്. അത് ഇത്തവണ മറ്റൊരു കെ-പോപ്പ് ഗ്രൂപ്പായ ‘സെവന്റീന്‍ (seventeen)’ സ്വന്തമാക്കി.
ബി.ടി.എസ് അംഗങ്ങള്‍ ഗ്രൂപ്പായും സോളോയിസ്റ്റുകളായും വ്യത്യസ്ത വിഭാഗങ്ങളിലായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. രണ്ട് ഗ്രൂപ്പ് നോമിനേഷനുകളായിരുന്നു ഉണ്ടായിരുന്നത്. ബെസ്റ്റ് ചോയ്‌സ് അവാര്‍ഡും ബെസ്റ്റ് സമ്മര്‍ മ്യൂസിക്ക് അവാര്‍ഡും.
അതോടൊപ്പം ജിന്‍, ആര്‍എം, ജെ-ഹോപ്പ്, ജിമിന്‍ എന്നിവര്‍ ബെസ്റ്റ് ചോയ്‌സ് അവാര്‍ഡ് സോളോയില്‍ നോമിനേഷനില്‍ വന്നിരുന്നു. ഷുഗ, ജെ-ഹോപ്പ്, ജിമിന്‍, ജങ്കൂക്ക് എന്നിവര്‍ ഐഡിയല്‍ പ്ലസ് പോപ്പുലാരിറ്റി അവാര്‍ഡിനും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു. ബെസ്റ്റ് ഫാള്‍ മ്യൂസിക്കിനായി ജങ്കൂക്കും, വിയും ബെസ്റ്റ് സമ്മര്‍ മ്യൂസിക്കിനായി ഷുഗയും സോളോ നോമിനേഷനില്‍ വന്നിരുന്നു.
സൗത്ത് കൊറിയന്‍ ഗായകര്‍ക്കുള്ള (കെ-പോപ്പ്) വാര്‍ഷിക ദക്ഷിണ കൊറിയന്‍ സംഗീത അവാര്‍ഡ് ചടങ്ങാണ് ടി.എം.എ എന്നറിയപ്പെടുന്ന ഫാക്റ്റ് മ്യൂസിക് അവാര്‍ഡ്. 2019 മുതലാണ് ഫാക്റ്റ് മ്യൂസിക് അവാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നത്. ഇതില്‍ വിജയികളെ നിര്‍ണ്ണയിക്കുന്നത് വിധികര്‍ത്താക്കളുടെ പാനലില്‍ നിന്നുള്ള ഒബ്ജക്റ്റീവ് ഡാറ്റയിലൂടെയും കൊറിയയിലും പുറത്തുമുള്ള ആരാധകരുടെ വോട്ടിങ്ങ് വഴിയുമാണ്. വി ലൈവ്, എ.ബി.എസ്-സി.ബി.എന്‍ എന്നിവയുള്‍പ്പെടെ ഒന്നിലധികം ചാനലുകളിലൂടെ അവാര്‍ഡ് ചടങ്ങ് ഏഷ്യയിലുടനീളം പ്രക്ഷേപണം ചെയ്തിരുന്നു.
Content Highlight: Kpop Boy Band Bts Break Their Own Record At Fact Music Award 2023