അമ്പത് സംഘടനകള്‍ ചേര്‍ന്ന് സംയുക്ത വേദി; ജാതി സെന്‍സസ് പ്രക്ഷോഭങ്ങളെ ഏകീകരിച്ച് കെ.പി.എം.എസ്
Kerala News
അമ്പത് സംഘടനകള്‍ ചേര്‍ന്ന് സംയുക്ത വേദി; ജാതി സെന്‍സസ് പ്രക്ഷോഭങ്ങളെ ഏകീകരിച്ച് കെ.പി.എം.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th February 2024, 4:26 pm

തിരുവനന്തപുരം: ജാതി സെന്‍സസ് പ്രക്ഷോഭങ്ങളെ ഏകീകരിക്കാന്‍ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശിവകുമാറിന്റെ നേതൃത്വത്തില്‍ സംയുക്ത വേദി. 50 സംഘടനകള്‍ ചേര്‍ന്ന് ‘ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യോ-ഇക്കണോമിക് കാസ്റ്റ് സെന്‍സസ്’ എന്ന് പേരില്‍ സംയുക്ത വേദി രൂപികരിച്ചു.

ഇ.കെ വിഭാഗം സമസ്താ നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചെയര്‍മാനായും പുന്നല ശിവകുമാര്‍ ജനറല്‍ കണ്‍വീനറായും സംയുക്ത വേദിയെ നയിക്കും. രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി ന്യൂനപക്ഷ സംഘടനകളെ ഏകോപിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ് നിലവിലെന്ന് പുന്നല ശിവകുമാര്‍ പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാരിന് കത്തയക്കുമെന്ന് പുന്നല ശിവകുമാര്‍ പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച് അഞ്ച്, ആറ് ദിവസങ്ങളില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രാപ്പകല്‍ സമരം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്നോക്ക സംവരണം നടപ്പായിലാക്കിയ സര്‍ക്കാരിന് എന്തുകൊണ്ട് ജാതി സെന്‍സസ് നടത്താന്‍ കഴിയുന്നില്ലെന്ന് സംയുക്ത വേദി ചോദ്യമുയര്‍ത്തി.

ജാതി സെന്‍സസുമായി ബന്ധപ്പെട്ട് മന്ത്രി രാധാകൃഷ്ണന്റെ മറുപടി വിചിത്രമെന്ന പുന്നല ശിവകുമാര്‍ പറഞ്ഞു. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ഹരജികളില്‍ അന്തിമ വിധി വന്നതിന് ശേഷമുള്ള സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് പ്രക്ഷോഭത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജാതി സെന്‍സസ് നടത്തേണ്ടായെന്ന് സുപ്രീം കോടതി എവിടെയും പറഞ്ഞിട്ടില്ലെന്നും അതിനാല്‍ എത്രയും വേഗത്തില്‍ ജാതി സെന്‍സസ് പ്രാവര്‍ത്തികമാക്കാനുള്ള അവകാശം നേടിയെടുക്കുക എന്നതാണ് സംഘടനകളുടെ ലക്ഷ്യമെന്ന് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.


ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, വയനാടന്‍ ചെട്ടി സര്‍വീസ് സൊസൈറ്റി, അഖില കേരളം പണ്ഡിതര്‍ മഹാ സഭ, കൈക്കോലി മുതലി സംഘം, കേരളം ഗണക മഹാ സഭ അടക്കമുള്ള വിഭാഗങ്ങളാണ് സംയുക്ത വേദിയില്‍ ഉള്‍പ്പെടുന്നത്.

Content Highlight: KPMS unites the caste census agitations