| Wednesday, 31st March 2021, 7:54 am

മുന്നാക്ക സംവരണത്തില്‍ മൂന്ന് മുന്നണികള്‍ക്കും ഒരേ നിലപാട്; നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണയ്ക്കില്ലെന്ന് പുലയ മഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയെയും പിന്തുണയ്ക്കില്ലെന്ന് കേരള പുലയ മഹാസഭ. മുന്നാക്ക സംവരണ വിഷയത്തില്‍ മൂന്ന് മുന്നണികളും സ്വീകരിച്ചത് ഒരേ നിലപാട് ആണെന്നും അതിനാലാണ് ഇത്തവണ ആരെയും പിന്തുണയ്ക്കാതിരിക്കുന്നതെന്നും കെ.പി.എം.എസ് പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റിലായിരുന്നു തീരുമാനം.

പട്ടികജാതി- വര്‍ഗ്ഗ പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്ന മുന്നാക്ക സംവരണ കാര്യത്തില്‍ മൂന്നു മുന്നണികളും ഒരേ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ പഠനമോ സ്ഥിതിവിവര കണക്കോ വിലയിരുത്താതെയാണ് മുന്നാക്ക സംവരണം നടപ്പാക്കിയത്. ഇത് സാമൂഹ്യ സമത്വത്തിനായുള്ള ഭരണഘടനയുടെ സംവരണ തത്വത്തെ അട്ടിമറിക്കുന്നതാണെന്നും കെ.പി.എം.എസ് അറിയിച്ചു.

ജനസംഖ്യാനുപാതികമായി അധികാര നഷ്ടം സംഭവിച്ച വിഭാഗങ്ങള്‍ക്ക് പരിരക്ഷ നല്‍കുകയാണ് വേണ്ടത്. അതിനാല്‍, പ്രാതിനിധ്യ പഠനത്തിനും പരിഹാര നിര്‍ദ്ദേശങ്ങള്‍ക്കുമായി കമ്മീഷനെ നിയമിക്കണമെന്ന ആവശ്യം മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ മുമ്പാകെ സംഘടന വച്ചിരുന്നെങ്കിലും അത് നിരാകരിക്കപ്പെട്ടു.

പൗരത്വ ഭേദഗതി നിയമവും, പുതിയ കാര്‍ഷിക നിയമങ്ങളും നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരാണ് മുന്നാക്ക സംവരണം തിടുക്കത്തിലും മുന്‍കാല പ്രാബല്യത്തോടും കൂടി സംസ്ഥാനത്ത് നടപ്പാക്കിയത്.

പുതിയ സംവരണ നിയമം സൃഷ്ടിക്കുന്ന സാമൂഹ്യ വിള്ളലുകളെ കുറയ്ക്കാന്‍ കഴിയുന്ന സ്വകാര്യ, എയ്ഡഡ് മേഖല സംവരണ കാര്യത്തില്‍ പ്രഖ്യാപിത നിലപാടുള്ള രാഷ്ട്രീയ പാര്‍ട്ടികളും മൗനം പാലിക്കുന്നു. സാമൂഹ്യ പരിഷ്‌ക്കരണത്തെ പ്രതിലോമകരമായി ബാധിക്കുന്ന നിയമ നിര്‍മ്മാണം വാഗ്ദാനം ചെയ്യുന്നതും, ഇത്തരം പരിഷ്‌ക്കരണ ശ്രമങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ നിലപാടുകളില്‍ നിന്നും പിന്നോക്കം പോയതും യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് ശക്തി പകരുന്നു. കേരളത്തെ അതിന്റെ പുരോഗമന ആശയ പരിസരത്ത് ഉറപ്പിച്ചു നിര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ മുന്നണികള്‍ പരാജയപ്പെട്ടുവെന്നും കെ.പി.എം.എസ് അറിയിച്ചു.

കാര്‍ഷിക മേഖലയുടെ വികാസവും ആധുനികവല്‍ക്കരണവും മുന്നോട്ടു വെച്ച മുന്നണികള്‍, ഉത്പാദനോപാധിയായ ഭൂമിയുടെ വിതരണ കാര്യത്തില്‍ നിയമപരവും പ്രായോഗികവുമായ നിലപാട് വ്യക്തമാക്കുന്നില്ല. പൊതുവില്‍, ക്ഷേമ പദ്ധതികള്‍ക്കപ്പുറം പട്ടിക വിഭാഗങ്ങളുടെ വിദ്യാഭ്യാസ തൊഴില്‍ പുരോഗതിക്കുതകുന്ന നയം രൂപീകരിക്കുന്ന കാര്യത്തില്‍ മത്സരരംഗത്തുള്ള മുന്നണികളുടെ പ്രകടന പത്രികയും പ്രഖ്യാപിത പരിപാടികളും പിന്നോക്കം പോയി. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ച് ഏപ്രില്‍ 6-ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ കെ.പി.എം.എസ് ആഹ്വാനം ചെയ്യുന്നു.

നയപരമായ വിഷയമായതിനാല്‍ തീരുമാനം പാര്‍ലമെന്റിനു വിട്ട് സാമ്പത്തിക സംവരണ കാര്യത്തില്‍ നിരീക്ഷണം നടത്തുന്ന കോടതികളുടെയും, യുക്തി രഹിതവും സാമുഹിക യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കുന്നതുമായ നിലപാടുകളിലൂടെ സംവരണ കാര്യത്തില്‍ പ്രീണനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സമീപനം ആശങ്കയുളവാക്കുന്നതാണെന്ന അഭിപ്രായം കൂടി പ്രത്യേകമായി രേഖപ്പെടുത്തുന്നുവെന്ന് കെ.പി.എം.എസ് പ്രസ്താവനയില്‍ അറിയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: KPMS calls for not support any political front on the basis of economic reservation

We use cookies to give you the best possible experience. Learn more