കോഴിക്കോട്: ഭൂമിക്കുവേണ്ടി നടക്കുന്ന സമരങ്ങള്‍ ഏകോപിപ്പിച്ച് ഭൂപരിഷ്‌കരണത്തിന്റെ തുടര്‍ച്ചയ്ക്ക് വേണ്ടി ശക്തമായ പ്രക്ഷോഭം നടത്തുവാന്‍ കോഴിക്കോട് ചേര്‍ന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
എയ്ഡഡ് വിദ്യാഭ്യാസമേഖലയിലെ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന അധ്യാപക- അനധ്യാപക നിയമനങ്ങളില്‍ സംവരണത്തിനായി നിയമനിര്‍മ്മാണം ആവശ്യപ്പെട്ടും കേരളത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംസ്ഥാന സമ്മേളനത്തില്‍ തീരുമാനമായി.
2022 ആഗസ്റ്റില്‍ അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനും ,നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ പ്രക്ഷോഭവും നടത്തും. പ്രക്ഷോഭത്തിന്റെ രൂപവും ഭാവവും അവകാശപ്രഖ്യാപന കണ്‍വെന്‍ഷനില്‍ തീരുമാനിക്കും.
ആശയവ്യക്തതയും, ഐക്യവും സാധ്യമാക്കുന്നതിന് ‘വേണ്ടിയും, പഠനത്തിനും പരിഹാര നിര്‍ദേശങ്ങള്‍ക്കുമായി അക്കാദമിക് രംഗത്തും, മാധ്യമ സാമൂഹ്യ മേഖലയിലെ പ്രതിബദ്ധതയും പ്രാവീണ്യമുള്ളവരെയും ഉള്‍പ്പെടുത്തി ഉപസമിതി രൂപീകരിക്കുന്നതിനും സമ്മേളനം തീരുമാനിച്ചു.
കെ.പി.എം.എസ് 51ാം സംസ്ഥാന സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എല്‍.രമേശന്‍ (പ്രസിഡന്റ്), പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി), ബൈജു കലാശാല (ഖജാന്‍ജി), തുറവൂര്‍ സുരേഷ് (വര്‍ക്കിങ്ങ് പ്രസിഡന്റ്), സാബു കരിശേരി (സംഘടനാ സെക്രട്ടറി), അഡ്വ.എ.സനീഷ് കുമാര്‍, പി.വി.ബാബു, സുജ സതീഷ് (വൈസ് പ്രസിഡന്റുമാര്‍), വി.ശ്രീധരന്‍, പ്രശോഭ് ഞാവേലി, അനില്‍ ബഞ്ചമിന്‍ പാറ (അസിസ്റ്റന്റ് സെക്രട്ടറിമാര്‍).
Content Highlights: KPMS agitates for reservation in aided sector and continuation of land reforms