തിരുവനന്തപുരം: വന്‍ അഴിച്ചുപണിക്കൊരുങ്ങി കെ.പി.സി.സി ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ കെ.പി.സി.സിയുടെ പുനഃസംഘടനാ മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യും.
പുതിയ ഭാരവാഹികളായി എം.പിമാരെയും എം.എല്‍.എമാരെയും പരിഗണിക്കേണ്ടെന്നാണ് പുതിയ നിര്‍ദേശം. ഇതു നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ കൂടെ വര്‍ക്കിങ് പ്രസിഡന്റുമാരായവരുടെ കാര്യത്തിലും ഇതു ബാധകമാക്കിയാല്‍ ആ നിരയില്‍ സമ്പൂര്‍ണമാറ്റമാവും ഉണ്ടാവുക.
അന്തരിച്ച എ.ഐ ഷാനവാസ്, എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. ഇവര്‍ക്കു പകരം പുതിയ നേതാക്കളെ തെരഞ്ഞെടുക്കുകയോ വര്‍ക്കിങ് പ്രസിഡന്റ് പദവി ഒഴിവാക്കുകയോ ആവും ചെയ്യുക.
ജംബോ സമിതി വേണ്ടെന്ന കാര്യത്തിലും ധാരണയായി, മുല്ലപ്പള്ളി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ നടത്തിയ കൂടിയാലോചനകളിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
നിലവിലുള്ള ഭാരവാഹികളില്‍ ആരെയൊക്കെ ഒഴിവാക്കും എന്ന കാര്യത്തിലാണ് ധാരണയാകാതെ നില്‍ക്കുന്നത്. ഗ്രൂപ്പ് തര്‍ക്കങ്ങളും സമ്മര്‍ദങ്ങളും നിലനില്‍ക്കുമ്പോള്‍ ജംബോസമിതിക്കു തന്നെ സാധ്യതയുണ്ട്.
കെ.പി.സി.സി ഭാരവാഹിത്വത്തിലേക്കു തങ്ങളെ പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതോടെ ഡി.സി.സി പ്രസിഡന്റ് പദത്തില്‍ നിന്നു സമീപകാലത്തു മാറുകയും പാര്‍ട്ടിയില്‍ മറ്റു പദവികളൊന്നുമില്ലാതെ നില്‍ക്കുകയും ചെയ്യുന്നവര്‍ സജീവമായി രംഗത്തെത്തുമെന്ന് പാര്‍ട്ടിയെ അറിയിച്ചു. ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ പ്രത്യേകം കണ്ട് ഇവരിക്കാര്യം ആവശ്യപ്പെട്ടിരുന്നു. എല്ലാവരെയും പരിഗണിക്കുമെന്ന് മൂവരും അറിയിക്കുകയായിരുന്നു.
അതുപോലെ പാലക്കാട് വി.കെ ശ്രീകണ്ഠനും തൃശ്ശൂര്‍ ടി.എന്‍ പ്രതാപനും എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടതോടെ അവിടങ്ങളില്‍ പുതിയ ഡി.സി.സി പ്രസിഡന്റുമാര്‍ എത്തും. ഒഴിയാനുള്ള സന്നദ്ധത അവര്‍ കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
ബെന്നി ബെഹനാന്‍ എം.പിയായതോടെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും മറ്റൊരാള്‍ക്കു നല്‍കാനാണു സാധ്യത. നിയമസഭാ ഉപതെരഞ്ഞെടുപ്പിനു മുന്‍പ് അഴിച്ചുപണി പൂര്‍ത്തിയാക്കാനാണ് കെ.പി.സി.സി നേതൃത്വം ആലോചിക്കുന്നത്.