മനുഷ്യൻ ചന്ദ്രനിൽ പോകുന്ന സമയത്താണ് കോൺഗ്രസ് എം.പി കൂടോത്രത്തിന് പിറകെ പോയത്: ഷാനിമോൾ ഉസ്മാൻ
Kerala News
മനുഷ്യൻ ചന്ദ്രനിൽ പോകുന്ന സമയത്താണ് കോൺഗ്രസ് എം.പി കൂടോത്രത്തിന് പിറകെ പോയത്: ഷാനിമോൾ ഉസ്മാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th July 2024, 8:04 am

സുല്‍ത്താന്‍ ബത്തേരി: കൂടോത്ര വിവാദത്തില്‍ വിമര്‍ശനവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. മനുഷ്യന്‍ ചന്ദ്രനില്‍ പോകുന്ന സമയത്താണ് ഒരു കോണ്‍ഗ്രസ് എം.പി കൂടോത്രത്തിന്റെ പിറകെ പോയതെന്ന് ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

കെ.പി.സി.സി ക്യാമ്പ് എക്‌സിക്യൂട്ടീവ് ചര്‍ച്ചയിലാണ് ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തിയത്.

‘മനുഷ്യന്‍ ചന്ദ്രനിലും ചൊവ്വയിലും പോകുന്ന കാലമാണിത്. അപ്പോഴാണ് ഒരു കോണ്‍ഗ്രസ് എം.പി. കൂടോത്രത്തിന്റെ പിറകെ പോകുന്നത്,’ എന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞത്.

പ്രഹസനങ്ങൾക്ക് വേണ്ടി ഇത്തരം ചര്‍ച്ചകള്‍ നടത്തേണ്ടതില്ല. തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പാര്‍ട്ടി വിട്ടുപോയവരെയും പുറത്താക്കിയവരെയും സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് കെ.പി.സി.സി ചൂണ്ടിക്കാട്ടി.

നേതൃത്വത്തിന് വിധേയരായി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ തീരുമാനം നടപ്പിലാക്കുമെന്ന് കെ.പി.സി.സി നേതൃത്വം വ്യക്തമാക്കി. കെ.പി.സി.സി വിഷന്‍ 2025 നയരേഖയിലാണ് ഇക്കാര്യം പറയുന്നത്.

അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കായ മുഴുവന്‍ മണ്ഡലം പ്രസിഡന്റുമാരെയും മാറ്റണമെന്നാണ് നയരേഖയിലെ പ്രധാന നിര്‍ദേശം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ക്യാമ്പ് എക്സിക്യൂട്ടീവില്‍ നയരേഖ അവതരിപ്പിച്ചത്.

യു.ഡി.എഫിന് ഭരണമില്ലാത്ത തദ്ദേശീയ സ്ഥാപനങ്ങളില്‍ ഭരണസമിതിക്കെതിരെ സമരപരമ്പരകള്‍ക്ക് രൂപം നല്‍കണമെന്ന് നയരേഖയില്‍ പറയുന്നു. വാര്‍ഡ് പുനര്‍വിഭജനവുമായി ബന്ധപ്പെട്ട് എല്ലാ തദ്ദേശീയ സ്ഥാപനങ്ങളിലും കമ്മിറ്റികള്‍ രൂപീകരിക്കണം, 2024 ഓഗസ്റ്റില്‍ കമ്മിറ്റികള്‍ നിലവില്‍ വരണമെന്നും കെ.പി.സി.സി വ്യക്തമാക്കി.

താഴെത്തട്ടുമായുള്ള ബന്ധം പുനഃസ്ഥാപിക്കാമെന്നും ഇതില്‍ സാമുദായിക സംഘടനകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടണമെന്നും കെ.പി.സി.സി വ്യക്തമാക്കി. യു.ഡി.എഫിന് ഭരണമുള്ള കേന്ദ്രങ്ങളില്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കങ്ങള്‍ക്കെതിരെ സമരം ചെയ്യണമെന്നും കെ.പി.സി.സി നേതൃത്വം പറയുന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കണം, ഡിസംബറില്‍ തന്നെ വോട്ടര്‍പട്ടിക പഠനം പൂര്‍ത്തീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നയരേഖ മുന്നോട്ടുവെക്കുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കെ.പി.സി.സി വ്യക്തമാക്കി. തദ്ദേശീയ തെരഞ്ഞെടുപ്പിനായി ഡി.സി.സി. പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ കോര്‍ കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും കെ.പി.സി.സി നിര്‍ദേശിച്ചു.

2025 നയരേഖ പ്രകാരം തദ്ദേശീയ നേതൃത്വത്തില്‍ തുടങ്ങി വലിയ പൊളിച്ചെഴുതലുകള്‍ക്കാണ് കെ.പി.സി.സി ഒരുങ്ങുന്നത്.

Content Highlight: KPCC wants to bring back those who left the party