പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ യു.എ.പി.എ ചുമത്തണം: കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍
Kerala News
പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തില്‍ യു.എ.പി.എ ചുമത്തണം: കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th April 2022, 8:30 pm

തിരുവനന്തപുരം: പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ കേസില്‍ യു.എ.പി.എ ചുമത്തണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍. ആലപ്പുഴയിലും പാലക്കാടും നടന്നത് രാഷ്ട്രീയ സംഘട്ടനമോ രാഷ്ട്രീയ കൊലപാതകമോ അല്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു വര്‍ഗീയശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടി ഉണ്ടായ സംഘട്ടനവും മതമൗലികവാദികള്‍ നടത്തിയ കൊലപാതകവും ആണ്. ഈ കേസുകള്‍ക്ക് എഫ്.ഐ.ആര്‍ ഇടുമ്പോള്‍ യു.എ.പി.എ ചുമത്തണമെന്നും സജീന്ദ്രന്‍ പറഞ്ഞു.

‘യെസ്, യു.എപിഎ ചുമത്തണം. ഈ നാല് കൊലപാതകങ്ങളും സാമുദായിക സൗഹൃദം തകര്‍ക്കുവാന്‍ വേണ്ടി മതമൗലികവാദികള്‍ നടത്തിയ ആസൂത്രിത കൊലപാതകങ്ങള്‍ ആണ്. അലനും താഹയും ലഘുലേഖ വായിച്ചതിന്റെ പേരില്‍ യു.എ.പി.എ ചുമത്തിയ പിണറായി വിജയന് ആര്‍.എസ്.എസ് – എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ മേല്‍, സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഭീകരത സൃഷ്ടിച്ച് നടത്തിയ ഈ കൊലപാതകങ്ങളുടെ അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്തുവാന്‍ ധൈര്യം വേണം.

വര്‍ഗീയതയെ ചെറുക്കാന്‍ പ്രസംഗം നടത്തുകയോ സര്‍വകക്ഷി സമ്മേളനം നടത്തുകയോ മാത്രം പോരാ. അതുകൊണ്ട് മാത്രം കാര്യമില്ല. ശക്തമായ നിയമ നടപടികളാണ് വേണ്ടത്. യു.എ.പി.എ എന്ന വകുപ്പ് ഇപ്പോഴും ഉണ്ടല്ലോ? എടുത്തു ചുമത്തണം. ആഭ്യന്തരമന്ത്രി പിണറായി വിജയന് ധൈര്യമുണ്ടോ,’ വി.പി. സജീന്ദ്രന്‍ പറഞ്ഞു.

പാലക്കാട് നടന്ന കൊലപാതകങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളതാണെന്ന മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രസ്താവന പങ്കുവെച്ചായിരുന്നു സജീന്ദ്രന്റെ പ്രതികരണം.

അതേസമയം, പാലക്കാട് ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തര്‍ക്കമുണ്ടായില്ലെന്നും യോഗം ഫലപ്രദമായിരുന്നെന്നും മന്ത്രി പറഞ്ഞു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുന്നുകയായിരുന്നു .

നടന്നത് തീവ്രവാദ സ്വഭാവമുള്ള ആക്രമണമാണ്. ജനങ്ങളുടെ ഭീതി അകറ്റുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. യാതൊരു കരുണയുമില്ലാത്ത പൊലീസ് നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.