| Thursday, 3rd March 2022, 1:29 pm

എം.എ. ബേബി മാനസിക വൈകല്യമുള്ള വ്യക്തിയാണോ? കോണ്‍ഗ്രസ് വിമര്‍ശനത്തിന്റെ പേരില്‍ ആക്ഷേപവുമായി വി.പി. സജീന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരും: ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് ലജ്ജയില്ലേ എന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍.

സി.പി.ഐ.എം നേതാവ് എം.എ. ബേബി കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞത് തിരുത്തണം അല്ലെങ്കില്‍ ബേബിക്ക് എന്തോ സാരമായ പ്രശ്‌നമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരുമെന്നും സജീന്ദ്രന്‍ പറഞ്ഞു. എം.എ. ബേബി മാനസിക വൈകല്യമുള്ള വ്യക്തിയാണോ, എങ്കില്‍ അതും പരിശോധിക്കണമെന്നു സജീന്ദ്രന്‍ ആക്ഷേപിച്ചു.

വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം. സീതാറാം യെച്ചൂരിക്കും അതേ നിലപാടാണുള്ളത് എങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സി.പി.ഐ.എം തയ്യാറാകണമെന്നും സജീന്ദ്രന്‍ പറഞ്ഞു.

മത സാമുദായിക ശക്തികളോടുള്ള നിലപാടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനു സി.പി.ഐ.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. കോണ്‍ഗ്രസിന്റെ മതേതരത്വം എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് മതേതരത്വം ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എം.എ. ബേബിയുടെ പുലമ്പലുകള്‍ എന്നുമാത്രം ഇതിനെ കരുതുവാന്‍ സാധിക്കുകയില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ഫാസിസ്റ്റ് മതേതര ശക്തികള്‍ക്ക് വളം വെക്കുന്ന പ്രസ്താവനയാണ് എം.എ. ബേബി നടത്തിയത്. ഇന്ത്യയുടെ സമസ്തമേഖലകളെയും മതസമുദായ ശക്തികള്‍ കീഴ്‌പ്പെടുത്തുപ്പോള്‍ കോണ്‍ഗ്രസിനെ അതിനോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് താരതമ്യം ചെയ്യുന്നത് ആരെ സഹായിക്കാന്‍ വേണ്ടിയാണ്? സി.പി.ഐ.എം എന്ന പാര്‍ട്ടിയിലും ആര്‍.എസ്.എസ് പ്രചാരകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ പരിശോധിക്കണം,’ സജീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പടം വെച്ച് വോട്ടുപിടിക്കുകയും വേദി പങ്കിടുകയും കേരളത്തില്‍ വന്ന് കോണ്‍ഗ്രസിന്റെ മതേതരത്വത്തെ വിമര്‍ശിക്കുകയും സി.പി.ഐ.എം ചെയ്യുന്നു. ലോക്‌സഭയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സി.പി.ഐ.എമ്മിന്റെ രണ്ട് എം.പിമാര്‍ കോണ്‍ഗ്രസിന്റെ വോട്ടിലാണ് പാര്‍ലമെന്റില്‍ എത്തിയെന്ന കാര്യം ബേബി മറന്നു പോയോ? ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് അനുമതി കൊടുത്ത പോളിറ്റ് ബ്യൂറോ യോഗത്തിലെ അംഗമായിരുന്നില്ലേ ഈ ബേബി. താങ്കള്‍ ഉള്‍പ്പെടുന്ന ഘടകത്തിന്റെ തീരുമാനത്തിനെതിരെ സംസാരിക്കുന്നത് പാര്‍ട്ടി വിരുദ്ധമാണോ, അല്ലയോ? ഈ കാര്യം എം.എ. ബേബിയും യച്ചൂരിയും വെളിപ്പെടുത്തണമെന്നും സജീന്ദ്രന്‍ പറഞ്ഞു.

പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഭരണപരമായ നല്ലകാര്യങ്ങള്‍ പറയുന്നതിനുപകരം ബേബി വര്‍ഗീയശക്തികള്‍ക്ക് വെള്ളം കോരുന്ന കാണുമ്പോള്‍ അങ്ങനെയെങ്കിലും സംശയങ്ങള്‍ തോന്നുന്നു. ഭരണത്തിന്റെ മേന്മ ഒന്നും പറയാനില്ലാത്തത് കൊണ്ട് കോണ്‍ഗ്രസിനെ പഴി പറയാം എന്നതാണോ പാര്‍ട്ടിയുടെ പുതിയ നയം? നയംമാറ്റം ഒരു അപരാധമല്ല, പക്ഷേ ന്യായ വൈകല്യം അത് ചിത്തഭ്രമം ഉള്ളവരുടെ ലക്ഷണമാണെന്നും സജീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights:  KPCC vice-president VP Sajeendran has strongly criticized CPIM politburo member M.A. Baby’s statement About Congress

We use cookies to give you the best possible experience. Learn more