തിരുവനന്തപുരും: ഹിന്ദു രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ മുസ്‌ലിം ലീഗിന് ലജ്ജയില്ലേ എന്ന സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍.
സി.പി.ഐ.എം നേതാവ് എം.എ. ബേബി കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞത് തിരുത്തണം അല്ലെങ്കില്‍ ബേബിക്ക് എന്തോ സാരമായ പ്രശ്‌നമുണ്ട് എന്ന് വിശ്വസിക്കേണ്ടി വരുമെന്നും സജീന്ദ്രന്‍ പറഞ്ഞു. എം.എ. ബേബി മാനസിക വൈകല്യമുള്ള വ്യക്തിയാണോ, എങ്കില്‍ അതും പരിശോധിക്കണമെന്നു സജീന്ദ്രന്‍ ആക്ഷേപിച്ചു.
വിഷയത്തില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിലപാട് വ്യക്തമാക്കണം. സീതാറാം യെച്ചൂരിക്കും അതേ നിലപാടാണുള്ളത് എങ്കില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ സി.പി.ഐ.എം തയ്യാറാകണമെന്നും സജീന്ദ്രന്‍ പറഞ്ഞു.
മത സാമുദായിക ശക്തികളോടുള്ള നിലപാടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനു സി.പി.ഐ.എമ്മിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട. കോണ്‍ഗ്രസിന്റെ മതേതരത്വം എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസിന് മതേതരത്വം ഇല്ലായിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഇന്ത്യ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എം.എ. ബേബിയുടെ പുലമ്പലുകള്‍ എന്നുമാത്രം ഇതിനെ കരുതുവാന്‍ സാധിക്കുകയില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന ഫാസിസ്റ്റ് മതേതര ശക്തികള്‍ക്ക് വളം വെക്കുന്ന പ്രസ്താവനയാണ് എം.എ. ബേബി നടത്തിയത്. ഇന്ത്യയുടെ സമസ്തമേഖലകളെയും മതസമുദായ ശക്തികള്‍ കീഴ്‌പ്പെടുത്തുപ്പോള്‍ കോണ്‍ഗ്രസിനെ അതിനോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് താരതമ്യം ചെയ്യുന്നത് ആരെ സഹായിക്കാന്‍ വേണ്ടിയാണ്? സി.പി.ഐ.എം എന്ന പാര്‍ട്ടിയിലും ആര്‍.എസ്.എസ് പ്രചാരകര്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ?
ഉണ്ടെങ്കില്‍ പരിശോധിക്കണം,’ സജീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.