| Wednesday, 15th December 2021, 7:05 pm

'വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ'; ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മികച്ച ആശയമാണെന്ന് വി.ടി. ബല്‍റാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ആശയം അഭിനന്ദനാര്‍ഹമാണെന്ന് മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി. ബല്‍റാം. വസ്ത്രധാരണം വ്യക്തികളുടെ തെരഞ്ഞെടുപ്പായി മാറുന്നതാണ് ജനാധിപത്യത്തിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ജെന്‍ഡര്‍ എന്താണെന്ന് മനസിലാക്കാന്‍ കുട്ടികളെ സഹായിക്കും. ജെന്‍ഡര്‍ സ്റ്റീരിയോ ടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് കുട്ടികള്‍ക്ക് മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈംഗിക വിദ്യാഭ്യാസമുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സ്‌കൂളുകളില്‍ നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് മികച്ച ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ചരിത്രം, സോഷ്യല്‍ ആസ്പെക്ട്സ് എന്നിവയെ കുറിച്ചുള്ള ബോധവത്കരണം എന്ന നിലയ്ക്ക് തീര്‍ച്ചയായും ഇത്തരത്തിലുള്ള കാമ്പയിനുകള്‍ സ്വീകരിക്കപ്പെടണം.

‘ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ‘ജെന്‍ഡര്‍’ എന്നത് എന്താണെന്ന് മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കും. ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പുകള്‍ എങ്ങനെയാണ് രൂപപ്പെടുന്നതെന്ന് മനസ്സിലാക്കാനും ഇത് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

‘ബാലുശ്ശേരിയിലെ പരീക്ഷണം അവിടം കൊണ്ട് അവസാനിക്കുന്ന സാഹചര്യമുണ്ടാവരുത്. അതുകൊണ്ട് തന്നെ അമിതാവേശവും ആക്രോശങ്ങളുമല്ല ഇക്കാര്യത്തില്‍ വേണ്ടത്. മറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ കൂടുതല്‍ ജനാധിപത്യപരമായ ചര്‍ച്ചകളും ബോധ്യപ്പെടുത്തലുകളുമാണ് ഉണ്ടാവേണ്ടത്. വാര്യര് പറയണ പോലെ, ഇത് അവരുടെ കാലമല്ലേ!,’ വി.ടി. ബല്‍റാം പറഞ്ഞു.

അധ്യാപകരുടെ ഏകപക്ഷീയമായ തീരുമാനത്തിന്റെ ഫലമായി ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പാറ്റേണ്‍ നടപ്പാക്കുന്നതായി ആക്ഷേപങ്ങളുണ്ട്. പി.ടി.ഐ, രക്ഷിതാക്കള്‍, മാനേജ്മെന്റുകള്‍ എന്നിവര്‍ ഒരുമിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാന്‍ കഴിയുകയൊള്ളു.

രാഷ്ട്രീയ സമൂഹത്തില്‍ സ്ത്രീ സംവരണങ്ങള്‍ പോലെയുള്ള മാറ്റങ്ങള്‍ കടന്നുവരണം. പതിയെ സാമൂഹിക ചിന്താഗതികളും മാറി തുടങ്ങുന്നത് കാണാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം നടപ്പാക്കിയതിനെതിരെ ചില മതസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

സംഭവത്തില്‍ വിവാദം വേണ്ടെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞത്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അനാവശ്യ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്നും അതാത് സ്‌കൂളുകളിലെ പി.ടി.എയും തദ്ദേശ സ്ഥാപനങ്ങളുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ആദ്യമായി ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയിരിക്കുകയാണ് ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സക്കന്‍ഡറി സ്‌കൂള്‍(മിക്‌സെഡ് സ്‌കൂള്‍). പ്ലസ് വണ്‍ തലത്തിലാണ് ആദ്യമായി പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ചില എല്‍.പി. സ്‌കൂളുകളില്‍ ഒറ്റ യൂണിഫോം നടപ്പാക്കിയിട്ടുണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന ക്ലാസുകളിലും ഈ മാറ്റം കൊണ്ടുവരണമെന്ന സ്‌കൂളിലെ അധ്യാപകരുടെ നിര്‍ദേശത്തിന് പി.ടി.എ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  KPCC vice-president V.T. Balram Said the idea of ​​a gender neutral uniform is commendable

We use cookies to give you the best possible experience. Learn more