സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാറ്റും വെളിച്ചവും സ്വന്തം ജനതക്ക് നല്‍കാന്‍ പരിശ്രമിച്ച രാഷ്ട്രീയ പരിഷ്‌ക്കര്‍ത്താവ്: വി.ടി. ബല്‍റാം
Kerala News
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാറ്റും വെളിച്ചവും സ്വന്തം ജനതക്ക് നല്‍കാന്‍ പരിശ്രമിച്ച രാഷ്ട്രീയ പരിഷ്‌ക്കര്‍ത്താവ്: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 31st August 2022, 1:19 pm

കോഴിക്കോട്: സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവിന്റെ മരണത്തില്‍ അനുശോചനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാറ്റും വെളിച്ചവും സ്വന്തം ജനതക്ക് നല്‍കാന്‍ പരിശ്രമിച്ച രാഷ്ട്രീയ പരിഷ്‌ക്കര്‍ത്താവായിരുന്നു ഗോര്‍ബച്ചേവെന്ന് വി.ടി. ബല്‍റാം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

‘ഇരുമ്പുമറകള്‍ക്കകത്തെ അതിക്രൂരമായ സംഘടിത മനുഷ്യാവകാശ ധ്വംസനങ്ങളെ ഇല്ലാതാക്കാന്‍ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും കാറ്റും വെളിച്ചവും സ്വന്തം ജനതക്ക് നല്‍കാന്‍ പരിശ്രമിച്ച രാഷ്ട്രീയ പരിഷ്‌ക്കര്‍ത്താവ് മിഖയല്‍ ഗോര്‍ബച്ചേവ് വിടവാങ്ങുന്നു.

ജീവിച്ചിരിക്കുമ്പോള്‍ എപ്പോഴെങ്കിലും നേരിട്ടു കാണണം എന്നാഗ്രഹിച്ച വ്യക്തിത്വമായിരുന്നു. അതിനായി നടത്തിയ പരിശ്രമങ്ങള്‍ ഫലിക്കാതെ പോയി.
ആദരാഞ്ജലികള്‍,’ വി.ടി. ബല്‍റാം പറഞ്ഞു.

അതേസമയം, മഹത്തായ ഒരു രാഷ്ട്രീയ പരീക്ഷണത്തെ ശത്രുക്കളുടെ കയ്യില്‍ ഏല്‍പിച്ചുകൊടുത്തയാള്‍ എന്ന നിലയില്‍ക്കൂടിയായിരിക്കും ചരിത്രം മിഖായേല്‍ ഗോര്‍ബച്ചേവിനെ ഓര്‍ക്കുകയെന്നാണ് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞത്. ഒരേസമയം വില്ലനായും മാലാഖയായും വിലയിരുത്തപ്പെടാനുള്ള ദൗര്‍ഭാഗ്യവും ഭാഗ്യവും അദ്ദേഹത്തിനുണ്ടായെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

സോവിയറ്റ് യൂണിയന്റെ എട്ടാമത്തെയും അവസാനത്തെയും നേതാവായിരുന്നു ഗോര്‍ബച്ചേവ്. 1985ലായിരുന്നു ഗോര്‍ബച്ചേവ് സോവിയറ്റ് യൂണിയന്റെ അധികാരമേറ്റെടുക്കുന്നത്. 1991ലായിരുന്നു സോവിയറ്റ് യൂണിയന്റെ പതനം.

1931ലായിരുന്നു ഗോര്‍ബച്ചേവിന്റെ ജനനം. മോസ്‌കോ സ്റ്റേറ്റ് സര്‍വകലാശാലയിലെ പഠനകാലഘട്ടത്തിലായിരുന്നു അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായത്. പിന്നീട് 1971ല്‍ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റി അംഗമായി.

1985ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അധികാരമേറ്റു. ഗോര്‍ബച്ചേവിന് 1990ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. 1991ല്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെയായിരുന്നു അദ്ദേഹം പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്.

ചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ പെരിസട്രോക്കിയ, ഗ്ലാസ്നോറ്റ് എന്നീ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ച നേതാവാണ് ഗോര്‍ബച്ചേവ്. രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥയെ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കാനും സാമ്പത്തിക ഘടനയെ ഡിസെന്‍ട്രലൈസ് ചെയ്യാനും ഗോര്‍ബച്ചേവ് നടത്തിയ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ചതെന്നുമാണ് വിലയിരുത്തലുകള്‍.